Friday, June 29, 2012

സര്‍ക്കാരിനായി എജി; എതിര്‍കക്ഷികള്‍ക്ക് ബന്ധുക്കള്‍


സംസ്ഥാന താല്‍പ്പര്യം ബലികഴിച്ച് സ്വാര്‍ഥലാഭം ഉണ്ടാക്കാനുള്ള സ്ഥാപനമായി അഡ്വക്കറ്റ് ജനറല്‍ ഓഫീസ് തരംതാഴുന്നതായി ആക്ഷേപം. അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ ഭാര്യയും മകനും നടത്തുന്ന അഭിഭാഷക സ്ഥാപനം സര്‍ക്കാര്‍കേസുകളെ സ്വാധീനിക്കുംവിധം ഇടപെടുന്നതായി ആക്ഷേപമുണ്ട്. ചില വകുപ്പുകളുടെ കേസുകളില്‍ സര്‍ക്കാര്‍ നിരന്തരം തോല്‍ക്കുന്നതും സ്പെഷ്യല്‍ പ്ലീഡര്‍മാരെ മറികടന്ന് എജിതന്നെ ഹാജരാകുന്നതും രാഷ്ട്രീയ-സ്വാര്‍ഥ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്ന പരാതിയും ഉയര്‍ന്നു.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറലായിരുന്ന രത്നസിങ്ങിന്റെ ഓഫീസിനെതിരെ ഉയര്‍ന്നതിനെക്കാള്‍ ഗുരുതരമായ ആക്ഷേപങ്ങളാണ് ഇപ്പോഴത്തെ എജിക്കും ഓഫീസിനും എതിരെയുള്ളത്. ആദ്യ ഒരുവര്‍ഷത്തിനുള്ളില്‍തന്നെ സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ അലംഭാവംമൂലം അരഡസനോളം വനംകേസുകളിലാണ് സര്‍ക്കാര്‍ തോറ്റത്. ചീഫ് വിപ്പ് പി സി ജോര്‍ജ് ഇടപെട്ട ചെറുനെല്ലി എസ്റ്റേറ്റ് കേസ്, രവിവര്‍മ എസ്റ്റേറ്റ് കേസ്, നെല്ലിയാമ്പതി മിന്നാമ്പാറ എസ്റ്റേറ്റ് കേസ് എന്നിവയാണ് ഇതില്‍ പ്രധാനം. പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം കേസ് നടത്തിപ്പിന്റെയും നിയമോപദേശത്തിന്റെയും ചുമതലയുള്ള സ്റ്റാന്‍ഡിങ് കോണ്‍സല്‍മാര്‍ എജിയുടെ സ്വകാര്യസ്ഥാപനത്തിലുള്ളവരാണ്. സര്‍ക്കാരിനെതിരായ കേസുകള്‍ നടത്തുന്നതും ഇവര്‍തന്നെ. എജിയുടെ മകന്‍ മില്ലു ദണ്ഡപാണിക്കു മാത്രം സിവില്‍ സപ്ലൈസ്, കൊച്ചി നഗരസഭ, ജിസിഡിഎ, വാട്ടര്‍ അതോറിറ്റി എന്നിവ ഉള്‍പ്പെടെ 18 പൊതുസ്ഥാപനങ്ങളുടെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ചുമതലയുണ്ട്. സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസുകളില്‍ വഴിവിട്ട ഇടപെടലിലൂടെ അനുകൂല വിധി കിട്ടുമെന്ന പ്രതീക്ഷയില്‍ എജിയുടെ ഭാര്യയും മകനും ചേര്‍ന്നു നടത്തുന്ന അഭിഭാഷകസ്ഥാപനത്തിലേക്ക് പ്രമുഖ കക്ഷികള്‍ വക്കാലത്ത് മാറ്റുന്നതായും ആക്ഷേപമുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എജി കെ പി ദണ്ഡപാണി കോടതിയില്‍ കൈക്കൊണ്ട നിലപാടും ഏറെ വിവാദമായിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കേണ്ടതില്ലെന്നും മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ ആഘാതം താങ്ങുമെന്നുമാണ് എജി കോടതിയെ അറിയിച്ചത്. മനോരമയുടെ നിയമോപദേഷ്ടാവായ കെ പി ദണ്ഡപാണി കഴിഞ്ഞദിവസം എംആര്‍എഫ് കമ്പനിക്കെതിരായ 30 കോടിയുടെ നികുതിക്കേസില്‍ സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായിരുന്നു. നികുതിക്കേസുകളുടെ ചുമതലയുള്ള സ്പെഷ്യല്‍ പ്ലീഡറെ ഒഴിവാക്കിയായിരുന്നു ഇത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി എച്ച് അശോകന്റെയും കെ കെ കൃഷ്ണന്റെയും ജാമ്യാപേക്ഷകള്‍ കോടതി പരിഗണിച്ചപ്പോഴും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ മറികടന്ന് കോടതിയില്‍ ഹാജരാകാനും എജി ആവേശം കാണിച്ചു. മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഓണ്‍ലൈന്‍ ലോട്ടറിക്കെതിരായ കേസുകളിലും സ്വാശ്രയ മാനേജ്മെന്റ് കേസുകളിലും നടന്ന ഒത്തുകളി രത്നസിങ്ങിന്റെ ഓഫീസിനെ വിവാദത്തിലാക്കിയിരുന്നു. വനം കേസുകളില്‍ നിരന്തരം തോറ്റ അന്നത്തെ അഡീഷണല്‍ എജിക്കെതിരെ വനം സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് വിജിലന്‍സ് അന്വേഷണംപോലും നടത്തേണ്ടിവന്നു. ഓണ്‍ലൈന്‍ ലോട്ടറിക്കേസുകളില്‍ സംസ്ഥാനത്തിനുവേണ്ടി എജി ഓഫീസ് ഹാജരാകുമ്പോള്‍ ലോട്ടറിമാഫിയയുടെ വക്കാലത്ത് അദ്ദേഹത്തിന്റെ പേരിലുള്ള അഭിഭാഷകസ്ഥാപനം ഏറ്റെടുത്തു നടത്തിയതും ഏറെ വിവാദമായിരുന്നു.

deshabhimani 290612

1 comment:

  1. സംസ്ഥാന താല്‍പ്പര്യം ബലികഴിച്ച് സ്വാര്‍ഥലാഭം ഉണ്ടാക്കാനുള്ള സ്ഥാപനമായി അഡ്വക്കറ്റ് ജനറല്‍ ഓഫീസ് തരംതാഴുന്നതായി ആക്ഷേപം. അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ ഭാര്യയും മകനും നടത്തുന്ന അഭിഭാഷക സ്ഥാപനം സര്‍ക്കാര്‍കേസുകളെ സ്വാധീനിക്കുംവിധം ഇടപെടുന്നതായി ആക്ഷേപമുണ്ട്. ചില വകുപ്പുകളുടെ കേസുകളില്‍ സര്‍ക്കാര്‍ നിരന്തരം തോല്‍ക്കുന്നതും സ്പെഷ്യല്‍ പ്ലീഡര്‍മാരെ മറികടന്ന് എജിതന്നെ ഹാജരാകുന്നതും രാഷ്ട്രീയ-സ്വാര്‍ഥ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്ന പരാതിയും ഉയര്‍ന്നു.

    ReplyDelete