Friday, June 29, 2012

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം


ഒന്നും രണ്ടുമല്ല, 5725 കോടിയുടെ കുടിവെള്ളപദ്ധതിക്കുവേണ്ടി മന്ത്രി പി ജെ ജോസഫ് അടുത്തമാസം ജപ്പാനിലേക്ക് വിമാനം കയറുമത്രേ. കടല്‍വെള്ളം കുടിവെള്ളമാക്കുന്നതിനുള്ള പദ്ധതി ഇസ്രയേലില്‍ മന്ത്രി കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫ്വഴി ഇവിടെയെത്തിയാല്‍ കടല്‍ കുടിച്ചുവറ്റിക്കാം. ദേശീയ ജലപാത ഓളംതല്ലുമ്പോള്‍ ഇരുവശത്തും പൂമരങ്ങളും റോഡും. പഞ്ചായത്തുകളിലാകെ കുളം...

കുറെ നാള്‍മുമ്പ് മുല്ലപ്പെരിയാര്‍ ഉറക്കംകെടുത്തിയ മന്ത്രിയുടെ മനസ്സില്‍ ഇപ്പോള്‍ പദ്ധതികളുടെ തള്ളിക്കയറ്റമാണ്. പക്ഷേ, മന്ത്രിയുടെ വാക്കുകള്‍ക്ക് സ്വപക്ഷത്തുപോലും ശ്രോതാക്കളില്ലാതായാല്‍ താന്‍ എന്തുചെയ്യുമെന്നായി സ്പീക്കര്‍. ആരും സീരിയസായി കേള്‍ക്കുന്നില്ലെന്ന് ചെയര്‍ സൂചിപ്പിച്ചെങ്കിലും മന്ത്രി വഴങ്ങുന്നമട്ടില്ല. കുറെ നാള്‍ ഉറക്കമിളച്ച മുല്ലപ്പെരിയാര്‍ ഒടുവിലാണ് പുറത്തെടുത്തത്. ഉന്നതാധികാരസമിതി, സുപ്രീംകോടതി, പുതിയ ഡാം ഇങ്ങനെ നീണ്ടപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടു. സര്‍ക്കാര്‍നിലപാട് എന്താണെന്ന് കോടിയേരി ആരാഞ്ഞു. എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണെന്നായി മുഖ്യമന്ത്രി. അത് ഏത് അഭിപ്രായമാണെന്ന് സി ദിവാകരന് സംശയം. കുഴയ്ക്കുന്ന ചോദ്യങ്ങള്‍ കടന്നുവന്നതോടെ ധനാഭ്യര്‍ഥനചര്‍ച്ചയുടെ മറുപടിക്ക് ബ്രേക്ക്. ധനാഭ്യര്‍ഥന പാസാക്കണമെന്ന അഭ്യര്‍ഥനയോടെ മന്ത്രി പിന്‍വാങ്ങി. മന്ത്രിയുടെ വായടപ്പിക്കാന്‍ വഴിതേടിയ സ്പീക്കര്‍ ജി കാര്‍ത്തികേയന് ആശ്വസിക്കാന്‍ വകയായി.

സ്വപ്നം കാണുന്ന കാര്യത്തില്‍ മഞ്ഞളാംകുഴി അലിയും ഒട്ടും പിന്നിലല്ല. ഒന്നിച്ചൊരഞ്ചുപേര്‍ ചേര്‍ന്നമട്ടില്‍ അലിയും പദ്ധതികള്‍ പുറത്തെടുത്തു. നാടാകെ സുലഭമായ മാലിന്യം കറന്റാക്കി മാറ്റി വിറ്റുകാശാക്കിയാല്‍ "വെയ്സ്റ്റ് ഈസ് മണി" എന്നാകുമത്രേ. സഞ്ചരിക്കുന്ന ഇന്‍സിനേറ്റര്‍ കേരളം ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടിട്ടുണ്ട്. മാലിന്യത്തില്‍നിന്ന് സ്വര്‍ണം വിളയിക്കുന്ന വിദ്യകൂടിയായാല്‍ എല്ലാമായി. പക്ഷേ, വിളപ്പില്‍ശാല ചവര്‍സംസ്കരണശാല തുറക്കാറായോ? നഗരങ്ങളിലെ മാലിന്യം നീക്കാന്‍ എന്താണ് നടപടി? ഈ വക ചോദ്യങ്ങളൊന്നും അരുത്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാലിന്യസംസ്കരണശാലകള്‍പോലും നഗരവികസനമന്ത്രി പൂട്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് ചര്‍ച്ച തുടങ്ങിയ വി ശിവന്‍കുട്ടി നിരീക്ഷിച്ചു. തിരുവനന്തപുരം നഗരത്തോട് ചിറ്റമ്മനയമാണ്. നായ്ക്കളെ പിടിക്കാന്‍ തടസ്സം നില്‍ക്കുന്ന കോടതിവിധി മറികടക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കണമെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

അഞ്ചാംമന്ത്രിയിലെ ഒരുമയാണ് ഇപ്പോള്‍ 35 സ്കൂളുകളുടെ കാര്യത്തില്‍ കാണുന്നതെന്ന് സാജുപോള്‍ നിരീക്ഷിച്ചു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തൂമ്പകൊണ്ട് കോരി സ്യൂട്ട് കെയ്സില്‍ നിറച്ച് കൊണ്ടുപോയിരുന്നെങ്കില്‍ ഇപ്പോള്‍ ജെസിബി ഉപയോഗിച്ച് ഖജനാവ് കോരി ടിപ്പറില്‍ കടത്തുകയാണെന്ന് സാജുപോള്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്ക് പരിഗണന നല്‍കുന്നതിനോട് തേറമ്പില്‍ രാമകൃഷ്ണന് എതിര്‍പ്പില്ല. പക്ഷേ തൃശൂര്‍, കൊല്ലം നഗരസഭകളെ അവഗണിക്കരുതെന്നേയുള്ളൂ അദ്ദേഹത്തിന്. ഗംഗ എന്ന പേരിനോട് മുസ്ലിംലീഗിന് വിരോധമില്ലെന്ന് പി ഉബൈദുള്ള തെളിവ് നിരത്തിയത് മുഖപത്രമായ "ചന്ദ്രിക"യെ മുന്നില്‍ നിര്‍ത്തിയാണ്. കുട്ടനാട്ടില്‍ മടവീഴ്ചയില്‍ എല്ലാം നശിച്ച കര്‍ഷകന്റെ കൊച്ചുമകനാണ് താനെന്ന് തോമസ് ചാണ്ടി വെളിപ്പെടുത്തി. വിദേശത്ത് പോയി പണിയെടുത്ത് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചതും അദ്ദേഹം വിവരിച്ചു. ഇനിയൊരു മടവീഴ്ച കുട്ടനാട്ടില്‍ ഉണ്ടാകരുതേയെന്നാണ് ചാണ്ടിയുടെ പ്രാര്‍ഥന. കുട്ടനാട് പാക്കേജ് നടപ്പാക്കണം. തണ്ണീര്‍മുക്കം ചിറ മാറ്റണം... അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങളെന്റെ വചനങ്ങളെ നോക്കൂ. പ്രവൃത്തിയെ നോക്കണ്ട എന്നാണ് നഗരവികസനമന്ത്രി പറയുന്നതെന്ന് എ എം ആരിഫ് അഭിപ്രായപ്പെട്ടു. മാലിന്യപ്രശ്നം പരിഹരിക്കാന്‍ അവതാരമെടുത്ത മിശിഹയെയാണ് മഞ്ഞളാംകുഴി അലിയില്‍ ജോസഫ് വാഴക്കന്‍ കണ്ടത്. മാക് അലി നാളെ മാജിക് അലിയായി മാറുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ഡാന്‍സര്‍ തമ്പിയോടൊപ്പം വളയത്തില്‍ കുരുങ്ങിയ അബ്ദുള്‍കരീമിനെപ്പോലെയാണ് അലിയെന്ന് കെ കുഞ്ഞമ്മത് മാസ്റ്റര്‍. മുസ്ലിംലീഗില്‍ ചേര്‍ന്ന് കുരുക്കില്‍പ്പെട്ടിരിക്കുന്ന അലിയെ അറുത്തുവിടാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഏറ്റവും ദുര്‍ബലനായ ബഹദൂര്‍ഷായെപ്പോലെ കോണ്‍ഗ്രസിലെ ബലഹീനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് മുല്ലക്കര രത്നാകരന്‍. ജലം ജന്മാവകാശമാണെന്ന പക്ഷത്താണ് ബന്നി ബഹനാന്‍. മന്ത്രി പി ജെ ജോസഫിന്റെ ജന്മദിനത്തിലാണ് ധനാഭ്യര്‍ഥനചര്‍ച്ചയെന്ന് വെളിപ്പെടുത്തിയ അദ്ദേഹം മന്ത്രിക്ക് ആശംസയും നേര്‍ന്നു. എന്‍ എ നെല്ലിക്കുന്ന്, വി ശശി, തോമസ് ഉണ്ണിയാടന്‍, കെ അച്യുതന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സ്കൂള്‍, കോളേജ് കലോത്സവങ്ങളില്‍ വള്ളംകളി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സി കെ സദാശിവന്‍ സഭയ്ക്ക് വഞ്ചിപ്പാട്ടിന്റെ ഈണവും താളവും പകര്‍ന്നുനല്‍കി. സദാശിവന്‍ അമരത്തുനിന്ന് ഈണത്തില്‍ പാടിയപ്പോള്‍ സഭ ഒപ്പംചേര്‍ന്ന് താളം പിടിച്ചു.
(കെ ശ്രീകണ്ഠന്‍)

deshabhimani 290612

1 comment:

  1. ഒന്നും രണ്ടുമല്ല, 5725 കോടിയുടെ കുടിവെള്ളപദ്ധതിക്കുവേണ്ടി മന്ത്രി പി ജെ ജോസഫ് അടുത്തമാസം ജപ്പാനിലേക്ക് വിമാനം കയറുമത്രേ. കടല്‍വെള്ളം കുടിവെള്ളമാക്കുന്നതിനുള്ള പദ്ധതി ഇസ്രയേലില്‍ മന്ത്രി കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫ്വഴി ഇവിടെയെത്തിയാല്‍ കടല്‍ കുടിച്ചുവറ്റിക്കാം. ദേശീയ ജലപാത ഓളംതല്ലുമ്പോള്‍ ഇരുവശത്തും പൂമരങ്ങളും റോഡും. പഞ്ചായത്തുകളിലാകെ കുളം...

    ReplyDelete