Tuesday, June 26, 2012
എങ്കിലും എന്റെ റബ്ബേ...
മന്ത്രിസഭാതീരുമാനത്തിന് മന്ത്രിയുടെ വക തിരുത്ത്. മന്ത്രിയെ കൈയോടെ തിരുത്തി മുഖ്യമന്ത്രി. ആരു പറയുന്നതാണ് ശരിയെന്ന ചോദ്യം ഉയര്‍ത്തി പ്രതിപക്ഷവും രംഗത്തിറങ്ങിയതോടെ അന്തരീക്ഷം ചൂടുപിടിച്ചു. മലപ്പുറത്തെ 35 സ്കൂളുകള്‍ക്ക് പദവി നല്‍കിയതുമായി ബന്ധപ്പെട്ട മന്ത്രിസഭാതീരുമാനമാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് തിരുത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ മന്ത്രിയെ മുഖ്യമന്ത്രി തിരുത്തിയെങ്കിലും കുരുക്ക് മുറുകിയതേയുള്ളൂ. വിദ്യാഭ്യാസവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മന്ത്രി മറുപടി പറയവെയാണ് അപ്രതീക്ഷിതനീക്കവുമായി പ്രതിപക്ഷം വലവിരിച്ചത്. വിഷയം ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വെബ്സൈറ്റില്‍ വന്ന ഉത്തരവും ഹാജരാക്കി. എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍, ഉത്തരവില്‍ മറിച്ചാണ് പറഞ്ഞിരിക്കുന്നതെന്നായി കോടിയേരി. അപ്പോള്‍ സഭയിലെത്തിയ മുഖ്യമന്ത്രി സാമ്പത്തികവശം പരിശോധിച്ച് യുക്തമായ തീരുമാനം എടുക്കുമെന്ന് വിശദീകരിച്ചു.
മുഖ്യമന്ത്രി പറഞ്ഞതാണോ മന്ത്രിയുടെ വിശദീകരണമാണോ ശരിയെന്ന ചോദ്യം പ്രതിപക്ഷം ആവര്‍ത്തിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. "ക്രൈസിസ് മാനേജ്മെന്റ്" സംഘത്തില്‍പ്പെട്ട മന്ത്രിമാരും എംഎല്‍എമാരും നാലുപാടും പരക്കം പാഞ്ഞു. മന്ത്രിമാരായ കെ എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തിറങ്ങി. അടക്കംപറച്ചില്‍, കുറിപ്പ് കൊടുക്കല്‍, വിശദീകരണം എന്നിവയുമായി രംഗം കൊഴുത്തു. "മുഖ്യമന്ത്രി ഞാനാ, ഞാന്‍ പറഞ്ഞതാണ് ശരി" മുഖ്യമന്ത്രിയുടെ വക വിശദീകരണം വീണ്ടും. അപ്പോള്‍ മന്ത്രി പറഞ്ഞതോ? അങ്ങനെയാണെങ്കില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി രാജിവയ്ക്കണമെന്നും ധനാഭ്യര്‍ഥന പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വിദ്യാഭ്യാസവകുപ്പിന്റെ "പ്രൊപ്പോസല്‍" ആണ് മന്ത്രി പറഞ്ഞതെന്നായി മന്ത്രി കുഞ്ഞാലിക്കുട്ടി. 13ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഉത്തരവ് ഇറക്കേണ്ടതാണ്. അത് ചെയ്യാതിരിക്കുന്നത് അഴിമതിക്ക് വേണ്ടിയാണ്- കോടിയേരി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വിദ്യാഭ്യാസത്തിനൊപ്പം കല, സംസ്കാരം, കായിക വിനോദം തുടങ്ങിയ വകുപ്പുകളും ധനാഭ്യര്‍ഥന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചര്‍ച്ചയില്‍ നിറഞ്ഞത് വിദ്യാഭ്യാസം മാത്രം.
ചര്‍ച്ച തുടങ്ങിയ കെ ടി ജലീല്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെയാണ് നോട്ടമിട്ടത്. "ഗംഗ" എന്ന പേരിലുള്ള വീട്ടില്‍ താമസിച്ചാല്‍ ഒലിച്ചുപോകുന്നതാണോ വിശ്വാസമെന്നായിരുന്നു ജലീലിന്റെ ചോദ്യം. നിലവിളക്ക് കൊളുത്തിയാല്‍ തകര്‍ന്നുപോകുന്നതാണോ ഇസ്ലാം എന്നും അദ്ദേഹം ആരാഞ്ഞു. പതിവുപോലെ സംസ്കൃതശ്ലോകങ്ങളും കവിതകളും കരുതിയാണ് അബ്ദുസമദ് സമദാനി എത്തിയത്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ കുറിച്ചായിരുന്നു സമദാനിയുടെ വിലാപം. രണ്ടുപേര്‍ ഒന്നിച്ച് കൊല്ലപ്പെട്ട വീട്ടില്‍ ഒന്നുപോയ ശേഷം ഇതൊക്കെ പറഞ്ഞെങ്കില്‍ അര്‍ഥമുണ്ടായേനെയെന്നായി സി കെ നാണു. തന്നെ കുറിച്ചാണ് നാണു പറഞ്ഞതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെറ്റിദ്ധരിച്ചു. തിരുവഞ്ചൂരിന്റെ വരണ്ട മനസ്സില്‍ കവിതയുണ്ടാകുമെന്ന് പറയാനുള്ള മൗഢ്യമൊന്നും തനിക്കില്ലെന്ന് സി കെ നാണു ആശ്വസിപ്പിച്ചു. പാകിസ്ഥാനിലൂടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന ബ്രഹ്മപുത്രയുടെ പേര് മാറ്റണമെന്ന് അവിടെ ആര്‍ക്കും തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അബ്ദുറബ്ബിന്റെ വകുപ്പിനെ കുറിച്ച് സംസാരിക്കാന്‍ മടിയുള്ളതുകൊണ്ടാണ് സമദാനി സംസ്കൃതശ്ലോകങ്ങളില്‍ ഒതുങ്ങിയതെന്ന് എം എ ബേബി. സാംസ്കാരിക ക്ഷേമനിധി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്ബര്‍ ചക്രവര്‍ത്തി കുടിച്ചത് ഗംഗയിലെ വെള്ളമാണെന്ന് മുല്ലക്കര രത്നാകരന്‍. വിദ്യാഭ്യാസമേഖലയില്‍ ലീഗ്വല്‍ക്കരണമാണ് നടക്കുന്നതെന്ന് ആര്‍ രാജേഷ് കുറ്റപ്പെടുത്തി. എയ്ഡഡ് സ്കൂള്‍ നിയമനം പിഎസ്സിക്ക് വിടണമെന്നായിരുന്നു വി ടി ബലറാമിന്റെ ആവശ്യം. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിന്റേതെന്ന് ജയിംസ് മാത്യു ചൂണ്ടിക്കാട്ടി. സമയപരിധി പാടെ ലംഘിച്ച് ധനാഭ്യര്‍ഥന ചര്‍ച്ച നീളുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ അനുഭവം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് സഭ പിരിയണമെന്നാണ് ചട്ടം. എന്നാല്‍, ഒട്ടുമിക്ക ദിവസങ്ങളിലും വൈകിട്ട് അഞ്ചും ആറും വരെ സഭ നീളും. വെള്ളിയാഴ്ചകളില്‍ കൃത്യം 12.30ന് തന്നെ പിരിയുകയും ചെയ്യും. സഭ ഇങ്ങനെ നീളുന്നത് പല ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കുന്നുവെന്ന സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ അഭിപ്രായം പൊതുവികാരമായി. അംഗങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ പ്രസംഗം നിര്‍ത്തിയാല്‍ ഇതിന് അറുതിവരുത്താന്‍ കഴിയുമെന്നും സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ അതിനോട് യോജിച്ചു.
ആദ്യദിവസം തീരുമാനം ഫലം കണ്ടു. പ്രസംഗത്തിന് അനുവദിച്ചതിനേക്കാള്‍ 12 മിനിറ്റ് മാത്രമേ അംഗങ്ങള്‍ കൂടുതല്‍ എടുത്തുള്ളൂ. വരുംദിവസങ്ങളില്‍ എങ്ങനെയിരിക്കുമെന്ന് കണ്ടറിയണം. ധനാഭ്യര്‍ഥനയെ എതിര്‍ക്കുന്ന ഖണ്ഡനോപക്ഷേപം വൃഥാവ്യായാമം എന്നായിരുന്നു സി പി മുഹമ്മദിന്റെ ക്രമപ്രശ്നം. സ്പീക്കര്‍ ഇതിനോട് യോജിച്ചില്ല. ഖണ്ഡനോപക്ഷേപം അവതരിപ്പിക്കാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. മറിച്ചായാല്‍ അംഗങ്ങള്‍ക്ക് വിയോജിപ്പ് ഇല്ലെന്ന് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ നടക്കുമ്പോള്‍ എംഎല്‍എമാര്‍ പങ്കെടുക്കേണ്ട ചടങ്ങ് നിശ്ചയിക്കരുതെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. സ്വാശ്രയപ്രശ്നത്തെ കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം എ ബേബി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.
(കെ ശ്രീകണ്ഠന്‍) deshabhimani 270612
Labels:
നിയമസഭ,
മുസ്ലീം ലീഗ്,
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)

ReplyDelete