Friday, June 29, 2012

ലീഗിനു വഴങ്ങി ഇരട്ടക്കൊല അന്വേഷണം അട്ടിമറിക്കുന്നു


മുസ്ലിംലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി അരീക്കോട്കുനിയില്‍ ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കുന്നു. പി കെ ബഷീര്‍ എംഎല്‍എ ഉള്‍പ്പെടെ ലീഗ് നേതാക്കളുടെ പങ്ക് സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടും അന്വേഷക സംഘം ആ വഴിക്ക് നീങ്ങുന്നില്ല. സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തിലാണ് എംഎല്‍എയുടെയും മണ്ഡലം ഭാരവാഹികളുടെയും പങ്ക് വ്യക്തമാകുന്നത്. കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ എഫ്ഐആര്‍ പ്രകാരം ആറാം പ്രതിയാണ് ബഷീര്‍. ദൃക്സാക്ഷി നജീബ് നല്‍കിയ മൊഴിയുടെ അിസ്ഥാനത്തില്‍ എംഎല്‍എക്കെതിരെ ഗൂഢാലോചന, കൊലപാതക പ്രേരണ, വധഭീഷണി എന്നീ കുറ്റങ്ങള്‍ക്കാണ് (141,143,147,148) കേസെടുത്തത്. മുസ്ലിംലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പൊറ്റമ്മല്‍ മണ്ണില്‍ത്തൊടി അഹമ്മദ്കുട്ടി ഒന്നാംപ്രതിയും തിരുവമ്പാടി മണ്ഡലം സെക്രട്ടറി എന്‍ കെ അഷ്റഫ് അഞ്ചാം പ്രതിയുമാണ്. എന്നാല്‍ ഇവര്‍ക്കെതിരെ കാര്യമായ തെളിവ് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ പങ്കിലേക്ക് സൂചന നല്‍കുന്ന തെളിവുകള്‍ സൈബര്‍ സെല്ലുകാര്‍ കൈമാറിയതായാണ് വിവരം.

കൊലപാതകം നടന്ന ദിവസവും അതിനുമുമ്പുള്ള ദിവസങ്ങളിലും ഒന്നാം പ്രതി അഹമ്മദ്കുട്ടിയുമായി എംഎല്‍എ ഫോണില്‍ ബന്ധപ്പെട്ടതിന് അന്വേഷണസംഘത്തിന് തെളിവുകള്‍ കിട്ടിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം ഉച്ചയോടെ എംഎല്‍എയുമായും മുഖ്യപ്രതി ഷറഫുദ്ദീനുമായും അഹമ്മദ്കുട്ടി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അന്നുതന്നെ ഷറഫുദ്ദീന്‍ അഹമ്മദ്കുട്ടിയെയും വിളിച്ചിരുന്നു. ബഷീറിന്റെ പിഎ ഇക്ബാലിന്റെ ഫോണില്‍ ജൂണ്‍ അഞ്ചിന് കേസില്‍ അറസ്റ്റിലായ മഹ്സൂം ബന്ധപ്പെട്ടിരുന്നു. ഇയാള്‍ തിരിച്ചും വിളിച്ചിട്ടുണ്ട്. ബന്ധുവായ ഒരു കുട്ടിക്ക് പോളിടെക്നിക്കില്‍ പ്രവേശനം ലഭിക്കുന്നതിന് സഹായം ആവശ്യപ്പെട്ടാണ് മഹ്സൂം വിളിച്ചതെന്നാണ് ഇക്ബാല്‍ പൊലീസില്‍ നല്‍കിയ മൊഴി. ജൂണ്‍ 11ന് നിയമസഭയില്‍ ഉപക്ഷേപം ഉന്നയിക്കാനാണ് അഹമ്മദ്കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് ബഷീര്‍ ചോദ്യംചെയ്യലില്‍ പൊലീസിന് മൊഴി നല്‍കിയത്. വിശദ വിവരങ്ങള്‍ ശേഖരിക്കാനാണ് ഷറഫുദ്ദീനെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് അഹമ്മദ്കുട്ടിയുടെ മൊഴി.

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് രണ്ട് ദിവസംമുമ്പുതന്നെ ബഷീര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. ലീഗ് പ്രവര്‍ത്തകന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ കുനിയില്‍ അങ്ങാടിയില്‍ നടന്ന എല്ലാ സംഭവങ്ങളും നേരിട്ട് അറിയാവുന്ന ആളാണ് ബഷീര്‍. ഇരട്ടക്കൊലപാതകത്തിനുമുമ്പ് കുനിയില്‍ അങ്ങാടിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യങ്ങള്‍ ബഷീര്‍ കൃത്യമായി പറയുന്നുമുണ്ട്. അതിനാല്‍ സഭയില്‍ ഉപക്ഷേപം ഉന്നയിക്കാനുള്ള വിവരങ്ങള്‍ക്കുവേണ്ടിയാണ് അഹമ്മദ്കുട്ടിയും ഷറഫുദ്ദീനും ഫോണില്‍ ബന്ധപ്പെട്ടതെന്ന മൊഴി വിശ്വാസയോഗ്യമല്ല. കേസില്‍ 21 പ്രതികള്‍ ഉള്ളതായാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 19 പേരെ പിടികൂടിയിട്ടുണ്ട്. ഇവരെല്ലാം ലീഗ് പ്രവര്‍ത്തകരാണ്. എഫ്ഐആറില്‍ ഉള്‍പ്പെട്ട ആറു പേരില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പി കെ ബഷീര്‍ എംഎല്‍എ, അഹമ്മദ്കുട്ടി, എന്‍ കെ അഷ്റഫ് എന്നിവരാണ് മറ്റ് മൂന്നുപേര്‍. കേസില്‍ പിടികൂടാനുള്ള രണ്ടു പേര്‍ വിദേശത്താണ്.

deshabhimani 290612

1 comment:

  1. മുസ്ലിംലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി അരീക്കോട്കുനിയില്‍ ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കുന്നു

    ReplyDelete