Saturday, June 30, 2012

ഹൈക്കോടതി വിധി: ഭൂരിപക്ഷം സ്വാശ്രയ കോളേജും പൂട്ടും


വിജയശതമാനം കുറഞ്ഞ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായാല്‍ സമസ്ഥാനത്തെ ഭൂരിപക്ഷം സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളും പൂട്ടും. സംസ്ഥാനത്ത് കോടതി നിര്‍ദേശിച്ച വിജയശതമാനമുള്ളത് 30 ശതമാനത്തില്‍ താഴെ കോളേജുകളില്‍ മാത്രമാണ്. കേരളത്തിലെ സ്വാശ്രയ കോളേജുകളുടെ ഗുരുതരമായ നിലവാരത്തകര്‍ച്ചയാണ് ഇവിടെ വ്യക്തമാക്കുന്നത്. സ്വകാര്യ മനേജ്മെന്റിനു കീഴിലുള്ളവയ്ക്കു പുറമെ ഏതാനും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയകോളേജുകളും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം സര്‍ക്കാര്‍, എയ്ഡഡ് എന്‍ജിനിയറിങ് കോളേജുകളില്‍ ശരാശരി വിജയം 80 ശതമാനമാണ്.

കേരളത്തില്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്കു കീഴിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുമായി 134 എന്‍ജിനിയറിങ് കോളേജുകളുണ്ട്. രണ്ടേകാല്‍ ലക്ഷത്തോളം കുട്ടികളും പഠിക്കുന്നു. ഇതില്‍ 80-85 കോളേജുകളിലും വിജയം 40 ശതമാനത്തില്‍ താഴെയാണെന്ന് കഴിഞ്ഞ മൂന്നു വര്‍ഷത്തെ പരീക്ഷാഫലങ്ങള്‍ തെളിയിക്കുന്നു. സ്വകാര്യ മനേജ്മെന്റുകള്‍ക്കു കീഴിലുള്ളവയാണ് ഏറ്റവും പിന്നില്‍. പത്ത് ശതമാനത്തില്‍ താഴെ വിജയമുള്ള ആറ് കോളേജുണ്ട്. 10-20 ശതമാനം വിജയമുള്ള 15 ഉം 30-50 ശതാനം വിജയമുള്ള 25 ഉം കോളേജുകളുണ്ടെന്നാണ് കണക്ക്. 30 കോളേജുകള്‍ക്ക് 30-40 ശതമാനവും 20 എണ്ണത്തിന് 40-50 ശതമാനവും വിജയമുണ്ട്. 50 ശതമാനത്തിലധികം വിജയമുള്ള സ്വകാര്യ കോളേജുകള്‍ പത്തോളമേ വരൂ. കത്തോലിക്ക മനേജ്മെന്റിനു കീഴിലെ 12 സ്വാശ്രയ കോളേജുകളില്‍ പകുതിയും നിലവാരം കുറഞ്ഞവയാണ്.

അതേസമയം, 80 ശതമാനത്തില്‍ കൂടുതല്‍ വിജയം നേടുന്ന ഏതാനും സ്വകാര്യ കോളേജുകളുണ്ട്. കളമശേരി എസ്ഇഎംഎസ്, ഫിസാറ്റ് കറുകുറ്റി, കോട്ടയം സെന്റ് ഗിറ്റ്സ്, പാലാ സെന്റ് ജോസഫ്സ്, കൊച്ചി രാജഗിരി, തലക്കോട്ടുകര വിദ്യ അക്കാദമി, കുറ്റിപ്പുറം എംഇഎസ്, ചെറുതുരുത്തി ജ്യോതി, കെഎംസിടി കോഴിക്കോട്, ചെങ്ങന്നൂര്‍ എന്‍ജിനിയറിങ് കോളേജ് തുടങ്ങിയവ നിലവാരം പുലര്‍ത്തുന്നുവെന്ന് പരീക്ഷാഫലങ്ങള്‍ തെളിയിക്കുന്നു.

നിലവിലുള്ള സ്വാശ്രയ കോളേജുകള്‍തന്നെ ഗുരുതരമായ നിലവാരത്തകര്‍ച്ച നേരിടുമ്പോഴാണ് പതിനഞ്ചോളം കോളേജുകള്‍ കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍(എഐസിടിഇ)മാനദണ്ഡപ്രകാരമുള്ള പഠനസൗകര്യം ഇല്ലാത്തതും നിശ്ചിത യോഗ്യതയുള്ള അധ്യാപകരുടെ കുറവുമാണ് സ്വാശ്രയകോളേജുകുടെ നിലവാരക്കുറവിന് മുഖ്യകാരണം. അധ്യാപനത്തിന് എം ടെക് ബിരുദധാരികള്‍ വേണ്ടിടത്ത് ബിടെക്കുകാരാണുള്ളത്. എന്‍ട്രന്‍സ് കമീഷണറുടെ റാങ്ക് ലിസ്റ്റില്‍ ഏറെ താഴെയുള്ളവര്‍ പണം കൊടുത്ത് എന്‍ജിനിയറിങ്ങിനു ചേരുന്നതും നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാണ്.
(വി എം രാധാകൃഷ്ണന്‍)

deshabhimani 300612

No comments:

Post a Comment