Friday, June 22, 2012
അരിവില കുതിക്കുന്നു : സപ്ലൈകോ സംഭരണം കുറച്ചു
പുറംവിപണിയില്‍ അരിവില കുതിച്ചുയരുമ്പോള്‍, നിയന്ത്രിക്കാന്‍ ഇടപെടേണ്ട സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സംഭരണം മൂന്നിലൊന്നു കുറച്ചു. മാവേലി സ്റ്റോറുകളിലൂടെയും ലാഭം മാര്‍ക്കറ്റിലൂടെയും വിതരണം ചെയ്യുന്ന അരിയുടെ സംഭരണമാണ് സപ്ലൈകോ കുറച്ചത്. 2011 ഏപ്രില്‍, മെയ് മാസങ്ങളില്‍ 8000 മെട്രിക് ടണ്‍ പുഴുക്കലരി വാങ്ങിയ സ്ഥാനത്ത് 2012ല്‍ ഇതേ മാസങ്ങളില്‍ 5300 മെട്രിക് ടണ്‍ മാത്രമാണ് വാങ്ങിയത്. രണ്ട് മാസത്തെ സംഭരണത്തില്‍ തന്നെ 27,000 ക്വിന്റല്‍ അരി കുറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ വാങ്ങിയ അരിയാണ് ഇപ്പോള്‍ മാവേലി സ്റ്റോറില്‍ വിതരണത്തിനുള്ളത്. കേരളത്തില്‍ കൂടുതല്‍ ആവശ്യക്കാരുള്ള ബോധന അരി അഞ്ചുമാസത്തിലേറെയായി സപ്ലൈകോ വാങ്ങിയിട്ടുമില്ല. പൊതുവിപണിയിലെ അരിലഭ്യത ഇവര്‍ കുറച്ചതും പുറംവിപണിയില്‍ വിലകൂടാന്‍ ഇടയാക്കി.
പുറംവിപണിയിലെ അരി വില നിയന്ത്രിക്കാനാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ "അരിക്കട" പദ്ധതി തുടങ്ങിയത്. വിപണി ഇടപെടലിന് വേണ്ടി സപ്ലൈകോയ്ക്ക് നല്‍കുന്ന ഫണ്ടിന് പുറമെ ഈ പദ്ധതിക്ക് പ്രത്യേക ധനസഹായവും അനുവദിച്ചിരുന്നു. വിപണി വിലയ്ക്ക് വാങ്ങി ആറു രൂപ വരെ സബ്സിഡി നല്‍കി 16 രൂപയ്ക്കാണ് ഈ അരി വില്‍ക്കുന്നത്. എന്നാല്‍ സപ്ലൈകോയ്ക്ക് ബജറ്റില്‍ നല്‍കുന്ന 50 കോടി രൂപയില്‍ നിന്ന് ഇതിനുള്ള പണവും കണ്ടെത്തണമെന്നും ഇതിനായി പ്രത്യേകം ഫണ്ട് അനുവദിക്കാനാകില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതോടെ അരിക്കട പദ്ധതി അവതാളത്തിലായി. വാങ്ങുന്ന വിലയ്ക്ക് തന്നെ അരി വില്‍ക്കാനും ആലോചന നടന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഉപതെരഞ്ഞെടുപ്പുകള്‍ വന്നതിനാല്‍ ആ തീരുമാനം നീട്ടുകയായിരുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ അരി വില കൂട്ടാനുള്ള നീക്കം പുനരാരംഭിച്ചു. ഈ പദ്ധതിയില്‍ 38 കോടി രൂപ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുമുണ്ട്. ഇനി പണം അനുവദിക്കാനാകില്ലെന്ന് വ്യക്തമായതിനാല്‍ മാവേലി സ്റ്റോറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് അരി നല്‍കുന്നത് കൂടുതല്‍ നാള്‍ തുടരാനാകില്ലെന്ന് സപ്ലൈകോ വൃത്തങ്ങള്‍ പറഞ്ഞു. ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി പരാജയപ്പെട്ടെന്നും പുറം വിപണിയിലെ വില വര്‍ധന തെളിയിക്കുന്നു. ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും നല്‍കുന്ന അരിയില്‍ 60 ശതമാനവും വീടുകളില്‍ എത്തുന്നില്ല.
(ഡി ദിലീപ്)
deshabhimani 220612
Subscribe to:
Post Comments (Atom)
No comments:
Post a Comment