Thursday, June 28, 2012

പെട്രോള്‍വില ദിവസവും മാറ്റും


അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് ഉണ്ടാകുന്ന വില വ്യത്യാസമനുസരിച്ച് പെട്രോള്‍ വില ദിവസവും പുനര്‍നിര്‍ണയിക്കാന്‍ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു. വൈകാതെ ഈ സംവിധാനം നടപ്പിലാക്കുമെന്ന് പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. വിലനിയന്ത്രണം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എടുത്തുമാറ്റി എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ ആഗോള ക്രൂഡോയില്‍ വിലയിലും രൂപയുടെ വിനിമയമൂല്യത്തിലും വരുന്ന വ്യത്യാസമനുസരിച്ച് മാസത്തില്‍ രണ്ട് തവണ വില പുനര്‍നിര്‍ണയിച്ചാല്‍ മതിയെന്നാണ് ആദ്യം തീരുമാനിച്ചത്. ദിവസവും വില പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചാല്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്ന അവസരങ്ങളിലാകും അത് ദിവസവും പ്രതിഫലിക്കുക. ക്രൂഡോയില്‍ വില കുറയുന്ന സന്ദര്‍ഭങ്ങളില്‍ നിസ്സംഗത പുലര്‍ത്തുമെന്നു അനുഭവം സാക്ഷ്യപ്പെടുത്തുന്നു.

ഇതിനിടെ പെട്രോള്‍ വില ലിറ്ററിന് നാലു രൂപ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും എണ്ണക്കമ്പനി മേധാവികള്‍ സൂചിപ്പിച്ചു. എന്നാലിത് നടപ്പാക്കാതിരിക്കാനുള്ള വ്യവസ്ഥയും മുന്നോട്ടുവച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില കുറയുന്നത് തുടരുകയും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം മെച്ചപ്പെടുകയും ചെയ്താലേ വിലക്കുറവ് നടപ്പാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് വ്യവസ്ഥ. ഇറക്കുമതിചെയ്യുന്ന ക്രൂഡ് ഓയിലിന് 26ന് 90.75 ഡോളറായി വില വര്‍ധിച്ചു. 25ന് 89.39 ഡോളറായിരുന്നു വില. അതാണ് ഒറ്റ ദിവസംകൊണ്ട് 1.36 ഡോളര്‍ കണ്ട് വര്‍ധിച്ചത്. രൂപക്കണക്കില്‍ 25ന്റെ 5053.22 രൂപയില്‍നിന്ന് 5179.10 രൂപ. ഈ വര്‍ധന ചൂണ്ടിക്കാട്ടി വിലക്കുറവ് മാറ്റിവയ്ക്കാന്‍ കമ്പനികള്‍ക്ക് കഴിയും. മെയ് 24ന് പെട്രോള്‍വിലയില്‍ ലിറ്ററിന് 7.54 രൂപയുടെ വര്‍ധന വരുത്തിയ എണ്ണക്കമ്പനികള്‍ ജൂണ്‍ രണ്ടിന് രണ്ടു രൂപ കുറച്ചിരുന്നു. മാര്‍ച്ചില്‍ ക്രൂഡ് ഓയില്‍ വില 124 ഡോളര്‍ ആയത് പറഞ്ഞാണ് മേയില്‍ വില ലിറ്ററിന് 7.54 രൂപ വര്‍ധിപ്പിച്ചത്. ക്രൂഡ് ഓയില്‍ വില 115.18 ഡോളറായി കുറഞ്ഞപ്പോഴാണ് ജൂണ്‍ രണ്ടിന് രണ്ട് രൂപ കുറച്ചത്. ഇപ്പോള്‍ 90 ഡോളറായി ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോഴും പെട്രോള്‍വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍ ലാഭം കൊയ്തു. ഇപ്പോള്‍ വില വീണ്ടും ഉയരാന്‍ തുടങ്ങിയപ്പോള്‍ വിലക്കുറവിന്റെ കാര്യം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് കമ്പനികള്‍. രണ്ടാഴ്ച കൂടുമ്പോള്‍ എണ്ണവില പുനഃപരിശോധിക്കാനുള്ള ദിവസമാണ് ജൂണ്‍ 30. രണ്ടാഴ്ചത്തെ വിലയും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കിന്റെ ശരാശരിയും കണക്കിലെടുത്ത് വില പുനര്‍നിര്‍ണയിക്കുമെന്നാണ് വ്യവസ്ഥ. ജൂണ്‍ പകുതിയോടെ നടക്കേണ്ട പുനര്‍നിര്‍ണയം എണ്ണക്കമ്പനികള്‍ മാറ്റിവയ്ക്കുകയായിരുന്നു.
(വി ജയിന്‍)

പെട്രോൾ വില കുറച്ചു

ന്യൂഡല്‍ഹി: പെട്രോൾ വില കുറച്ചു. ലിറ്ററിന് 2.46 രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കുറച്ചത്. പുതുക്കിയ വില അര്‍ദ്ധരാത്രി  നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില  കുറഞ്ഞതിനെത്തുടര്‍ന്നാണ്  വില കുറച്ചത്. കേരളത്തിൽ മൂന്നു രൂപ വരെ കുറഞ്ഞേക്കും.

കഴിഞ്ഞ മെയ് 23ന്  7.54 രൂപയാണു പെട്രോളിനു  കൂട്ടിയത്.

deshabhimani news

No comments:

Post a Comment