Wednesday, June 20, 2012

ദല്ലാള്‍ നന്ദകുമാറിനെതിരായ സിബിഐ അന്വേഷണവിജ്ഞാപനം സര്‍ക്കാര്‍ മുക്കി


ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി ജി നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം നടത്തുന്നതു സംബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം യുഡിഎഫ് സര്‍ക്കാര്‍ പൂഴ്ത്തി. ക്രൈംബ്രാഞ്ച് പൊലീസ് രജിസ്റ്റര്‍ചെയ്ത 437 സിആര്‍ ഒസിഡബ്ല്യൂ-11ഇകെഎം 2010 എന്ന കേസിലാണ് സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി 2012 ഫെബ്രുവരി 22ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍, വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുത്തില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടിടപെട്ടാണ് അയക്കുന്നത് മാറ്റിവയ്പിച്ചത്.

വിവിധ ഇടപാടുകളുമായി ബന്ധപ്പെട്ട് നന്ദകുമാറിനെതിരെ ഒട്ടേറെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് അന്വേഷിച്ച ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം വേണമെന്നും സിബിഐക്ക് വിടണമെന്നും ശുപാര്‍ശചെയ്തു. ശുപാര്‍ശ അംഗീകരിച്ച സര്‍ക്കാര്‍ 1946ലെ ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ ആറാം വകുപ്പനുസരിച്ച് സിബിഐ അന്വേഷണത്തിന് അനുമതി നല്‍കി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 39 കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതില്‍ 32ഉം അന്യസംസ്ഥാനലോട്ടറി വില്‍പ്പന സംബന്ധിച്ച കേസുകളാണ്. നന്ദകുമാറിന്റേത് ഒഴികെ 38 കേസിലും വിജ്ഞാപനം നേരത്തെ കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടുണ്ട്.

deshabhimani 200612

No comments:

Post a Comment