Tuesday, June 19, 2012
ഫ്രാന്‍സില്‍ സോഷ്യലിസ്റ്റ് പാര്‍ടിക്ക് തനിച്ച് ഭൂരിപക്ഷം
ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ടി സ്വന്തമായി ഭൂരിപക്ഷം നേടി. പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയിലെ 577 സീറ്റില്‍ 314ല്‍ സോഷ്യലിസ്റ്റ് പാര്‍ടി വിജയിച്ചപ്പോള്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ വലതുപക്ഷ യുഎംപി 229 സീറ്റില്‍ ഒതുങ്ങി. പ്രസിഡന്റ് ഫ്രാന്‍സ്വാ ഓളന്ദിന്റെ സോഷ്യലിസ്റ്റ് പാര്‍ടിക്ക് ഗ്രീന്‍ പാര്‍ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ടികളടക്കം ഇടതുപക്ഷത്തിന്റെയും പിന്തുണയുണ്ട്. തകര്‍പ്പന്‍ വിജയത്തിലും പ്രധാന വനിതാ നേതാവ് സെഗോലേന്‍ റോയാലിന്റെ പരാജയം സോഷ്യലിസ്റ്റ് പാര്‍ടിക്ക് ക്ഷീണമായി. പ്രസിഡന്റ് ഓളന്ദിന്റെ മുന്‍ ജീവിതപങ്കാളിയും അദ്ദേഹത്തിന്റെ നാലു മക്കളുടെ അമ്മയുമായ സെഗോലേന്‍ സോഷ്യലിസ്റ്റ് പാര്‍ടി വിമതസ്ഥാനാര്‍ഥി ഒലീജിയേ ഫലോണിയോടാണ് തോറ്റത്.
ഒരാഴ്ച മുമ്പ് നടന്ന ഒന്നാം വട്ട തെരഞ്ഞെടുപ്പില്‍ 32 ശതമാനത്തിലേറെ വോട്ടൊടെ ഒന്നാമതെത്തിയ സെഗോലേനിനെ അന്ന് രണ്ടാമതെത്തിയ ഫലോണി വന്‍ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. പാര്‍ലമെന്റ് സ്പീക്കറാകുമെന്ന് ഉറപ്പിക്കപ്പെട്ടിരുന്ന സെഗോലേനിനെതിരെ വലതുപക്ഷ വോട്ടുകള്‍ ഒന്നടങ്കം ഫലോണിക്ക് മറിച്ചതായാണ് രണ്ടാം വട്ടത്തിലെ വോട്ടിങ്നില കാണിക്കുന്നത്. ആദ്യവട്ടം 28 ശതമാനം മാത്രമായിരുന്ന ഫലോണിക്ക് രണ്ടാംവട്ടം 63 ശതമാനമായപ്പോള്‍ 37 ശതമാനം മാത്രമായിരുന്നു സെഗോലേനിന്. കാല്‍നൂറ്റാണ്ടിനു ശേഷം ആദ്യമായി പാര്‍ലമെന്റില്‍ കടക്കാന്‍ തീവ്ര വലതുപക്ഷ നാഷണല്‍ പാര്‍ടിക്ക് കഴിഞ്ഞെങ്കിലും അവരുടെ പ്രധാന സ്ഥാനാര്‍ഥി മരിയാനെ ലീപെന്‍ പരാജയപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 18 ശതമാനം വോട്ടുനേടിയ മരിയാനെ പാര്‍ലമെന്റ് സീറ്റില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയോടാണ് തോറ്റത്. വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടുമെന്ന് അവര്‍ വ്യക്തമാക്കി.
അവരുടെ സഹോദരപുത്രിയും പാര്‍ടിസ്ഥാപകന്‍ ലീപെനിന്റെ പേരക്കുട്ടിയുമായ മരിയോണ്‍ മാര്‍ഷെല്‍ ലീപെന്‍ അടക്കം മൂന്നുപേരാണ് നാഷണല്‍ പാര്‍ടിയെ പ്രതിനിധാനംചെയ്ത് പാര്‍ലമെന്റില്‍ എത്തിയത്. ഇരുപത്തിരണ്ടുകാരിയായ മരിയോണ്‍ പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരിക്കും. ഓളന്ദ് നിയമിച്ച സോഷ്യലിസ്റ്റ് മന്ത്രിസഭ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് കീഴ്വഴക്കമനുസരിച്ച് രാജിവച്ചു. പ്രധാനമന്ത്രിയായി നിയമിച്ചിരുന്ന ഴോങ് മാര്‍ക് ഏയ്റൂവിനെ തന്നെ ഓളന്ദ് വീണ്ടും മന്ത്രിസഭയുണ്ടാക്കാന്‍ നിയോഗിച്ചു.
deshabhimani 190612
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment