Friday, June 29, 2012

ബ്രഹ്മപുരം വൈദ്യുതി നിലയം പൂട്ടുന്നു


സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കെ, എറണാകുളം ബ്രഹ്മപുരം വൈദ്യുതി നിലയം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി ഈ മാസം 15 മുതല്‍ ഇവിടെ നിന്നുള്ള ഉല്‍പാദനം നിര്‍ത്തി. രണ്ട് ഷിഫ്റ്റുകളിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെയും അസി. എഞ്ചിനീയര്‍മാരെയും കഴിഞ്ഞ ദിവസം ചുമതലകളില്‍ നിന്നും ഒഴിവാക്കി.

97-ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ഉല്‍പാദനകേന്ദ്രമാണ് യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഷം 365 ദിവസവും മുടങ്ങാതെ ഇവിടെ വൈദ്യുതി ഉല്‍പാദനം നടന്നിരുന്നു. ദിവസവും അഞ്ച് ജനറേറ്ററും മുടങ്ങാതെ പ്രവര്‍ത്തിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷത്തിനിടെ 84 ദിവസം മാത്രമാണ് ഉല്‍പാദനമുണ്ടായത്. അതും അഞ്ച് ജനറേറ്ററുകളില്‍ രണ്ടെണ്ണം മാത്രം. നിലവില്‍ അതിന്റെയും പ്രവര്‍ത്തനം നിര്‍ത്തി. രണ്ട് ജനറേറ്ററുകളുടെ ഷട്ടര്‍ താഴ്ത്തി. വൈദ്യുതി ഉല്‍പാദന ചുമതലയുള്ള ഉദ്യോഗസ്ഥരെ രാത്രി ഷിഫ്ടുകളില്‍ നിന്നും ഒഴിവാക്കി. ഇവരോട് മറ്റേതെങ്കിലും കേന്ദ്രങ്ങളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെടാമെന്ന നിര്‍ദേശവും നല്‍കി. 120 ജീവനക്കാരുള്ള ഇവിടെ ഇപ്പോള്‍ രാത്രി ഒരു ഫയര്‍മാനെ മാത്രമാണ് നിയോഗിച്ചിട്ടുള്ളത്. നിലയത്തിലെ അഞ്ച് ജനറേറ്ററുകളില്‍ മൂന്നെണ്ണം തകരാറിലാണ്. ഒന്നിന്റെ സ്റ്റഡ് ഒടിഞ്ഞു. രണ്ടും മൂന്നും ജനറേറ്ററുകളുടെ ബെയ്റിങ്ങും തകരാറിലാണ്. നാല്, അഞ്ച് ജനറേറ്ററുകള്‍ മാത്രമാണ് പ്രവര്‍ത്തനസജ്ജം. ഇതും പ്രവര്‍ത്തിപ്പിക്കേണ്ടെന്നാണ് തീരുമാനം.

മണിക്കൂറില്‍ 100 മെഗാവാട്ട് വൈദ്യുതി ഉല്‍പാദന ശേഷിയാണ് ബ്രഹ്മപുരത്തിനുള്ളത്. സമ്പൂര്‍ണ ശേഷിയോടെ 2400 മെഗാവാട്ട് വൈദ്യുതി വരെ ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നു. ഇവിടെ അമിത ഉല്‍പാദനചെലവ് എന്ന ഒറ്റക്കാരണമാണ് അധികൃതര്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളത്. രൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുന്ന സംസ്ഥാനമെന്ന പരിഗണന നല്‍കി ഉല്‍പാദനകേന്ദ്രം നിലനിര്‍ത്താനാണ് തയ്യാറാകേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. കേരളത്തിന്റെ ഇപ്പോഴത്തെ പ്രതിദിന ശരാശരി ഉപയോഗം 55 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 15 ദശലക്ഷം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന എറണാകുളത്ത് ഇത്തരം നിലയം നിലനില്‍ക്കേണ്ടത് ആവശ്യമാണ്.ഉയര്‍ന്ന നിരക്കിന്റെ പേരില്‍ ബ്രഹ്മപുരം നിലയം അടച്ചുപൂട്ടുന്നത് ശരിയല്ലെന്ന് ഊര്‍ജ്ജ വിദഗ്ധനായ പ്രൊഫ. ആര്‍ വി ജി മേനോന്‍ പറഞ്ഞു. നിലവില്‍ 11 രൂപയാണ് ബ്രഹ്മപുരത്തെ ഉല്‍പാദന ചെലവ്. എന്നാല്‍, ഉപയോഗം കൂടിയ വേളയില്‍ സംസ്ഥാനം 15 മുതല്‍ 18 രൂപവരെ നല്‍കി പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നു. ഈ സാഹചര്യത്തില്‍ ഉപയോഗം കൂടിയ സമയത്തെങ്കിലും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കേന്ദ്രമായി ബ്രഹ്മപുരം നിലനിര്‍ത്തണമെന്ന് ആര്‍ വി ജി മേനോന്‍ പറഞ്ഞു.
(ഷഫീഖ് അമരാവതി)

deshabhimani 290612

1 comment:

  1. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കെ, എറണാകുളം ബ്രഹ്മപുരം വൈദ്യുതി നിലയം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി ഈ മാസം 15 മുതല്‍ ഇവിടെ നിന്നുള്ള ഉല്‍പാദനം നിര്‍ത്തി. രണ്ട് ഷിഫ്റ്റുകളിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെയും അസി. എഞ്ചിനീയര്‍മാരെയും കഴിഞ്ഞ ദിവസം ചുമതലകളില്‍ നിന്നും ഒഴിവാക്കി.

    ReplyDelete