Thursday, June 21, 2012

തിരുവഞ്ചൂരിന്റെ ആരോപണം സ്വന്തം വീഴ്ച മറയ്ക്കാന്‍


ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന് സുരക്ഷാ ഭീഷണിയുള്ള കാര്യം കോടിയേരിക്ക് അറിയാമായിരുന്നെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ സ്വന്തം വീഴ്ച മറയ്ക്കാന്‍. കോടിയേരിക്ക് നേരിട്ട് അത്തരമൊരു റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല. അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫ് ഭരണകാലത്ത് ഉചിതമായ നടപടിയും സ്വീകരിച്ചിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ചത്.

തിരുവഞ്ചൂര്‍ ചൊവ്വാഴ്ച നിയമസഭയയുടെ മേശപ്പുറത്തുവച്ച ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് അന്നത്തെ ഇന്റലിജന്റ്സ് എഡിജിപിയുടേതാണ്. അത് നല്‍കിയതാകട്ടെ ആഭ്യന്തര സെക്രട്ടറിക്കും. ആഭ്യന്തരസെക്രട്ടറി അത് പൊലീസ് തലവന് കൈമാറുകയും ആവശ്യമായ സുരക്ഷാ നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയുംചെയ്തു. ഇത്തരം റിപ്പോര്‍ട്ടുകളില്‍ മന്ത്രിയുടെ ഉത്തരവ് ആവശ്യമായ നടപടി വേണ്ടിവരുമ്പോഴാണ് ഫയല്‍രൂപത്തില്‍ ആഭ്യന്തര മന്ത്രിക്ക് അയക്കുന്നത്. അല്ലാത്ത പക്ഷം, മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് കോപ്പി അയക്കുകയേ പതിവുള്ളൂ. അതാണ് ഈ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും സംഭവിച്ചത്. അന്നത്തെ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസുകളില്‍ അറിവിനായിമാത്രം എത്തിയ, പൊലീസ് ഗൗരവമായ നടപടി സ്വീകരിച്ച റിപ്പോര്‍ട്ടിനെയാണ് കോടിയേരിക്ക് ലഭിച്ച റിപ്പോര്‍ട്ട് എന്ന് തിരുവഞ്ചൂര്‍ വ്യാഖ്യാനിച്ചത്.

എല്‍ഡിഎഫ് ഭരണകാലത്ത് ചന്ദ്രശേഖരനെതിരെ ഒരുതരത്തിലുള്ള ആക്രമണങ്ങളുമുണ്ടായിട്ടില്ല. എന്നാല്‍ യുഡിഎഫ് ഭരണം വന്നപ്പോള്‍, തനിക്ക് ഭീഷണിയുണ്ടെന്ന് ചന്ദ്രശേഖരന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനോട് നേരില്‍ പറഞ്ഞു. അത് മുഖവിലയ്ക്കെടുത്ത് ഒരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല. അന്ന് ശക്തമായ പൊലീസ് ഇടപെടല്‍ ഉണ്ടായിരുന്നുവെങ്കില്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെടുമായിരുന്നില്ല. ഈ സുരക്ഷാ വീഴ്ചയും അനാസ്ഥയും മറച്ചുവയ്ക്കാനാണ് പഴയ ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് പുതിയ കാര്യമെന്ന മട്ടില്‍ തിരുവഞ്ചൂര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.

deshabhimani 210612

1 comment:

  1. ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന് സുരക്ഷാ ഭീഷണിയുള്ള കാര്യം കോടിയേരിക്ക് അറിയാമായിരുന്നെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ സ്വന്തം വീഴ്ച മറയ്ക്കാന്‍. കോടിയേരിക്ക് നേരിട്ട് അത്തരമൊരു റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല. അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫ് ഭരണകാലത്ത് ഉചിതമായ നടപടിയും സ്വീകരിച്ചിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ചത്.

    ReplyDelete