Tuesday, June 26, 2012

മന്ത്രിസഭാ തീരുമാനം തിരുത്തി മന്ത്രി; പ്രതിപക്ഷം സഭ വിട്ടു


കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം മലപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ എയ്ഡ്ഡ് സ്കൂളുകളാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി. അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭാതീരുമാനം തന്നെ മാറ്റി കോടികളുടെ അഴിമതിക്ക് വഴിയൊരുക്കുകയാണെന്ന് പ്രതിപക്ഷം. പ്രശ്നം നിയമസഭയില്‍ വന്‍ ബഹളത്തിനും പ്രതിപക്ഷ വോക്കൗട്ടിനുമിടയാക്കി.

വിദ്യാഭ്യാസ വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ ഉച്ചതിരിഞ്ഞായിരുന്നു പ്രതിഷേധം. സ്കൂളുകള്‍ എയ്ഡഡാക്കാനാണ് തീരുമാനമെന്ന് മന്ത്രി പി കെ അബ്ദു റബ്ബ് സഭയില്‍ പറഞ്ഞു. എന്നാല്‍ ഇതു ശരിയല്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇടപെട്ട മുഖ്യമന്ത്രി അന്തിമ തീരുമാനമായിട്ടില്ലെന്നും പ്രശ്നം ധനവകുപ്പിന്റെ പരിഗണനയിലാണെന്നും പറഞ്ഞു.മുഖ്യമന്ത്രി താനാണെന്നും അന്തിമ തീരുമാനം തന്റേതാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാതീരുമാനം എടുത്ത് ഇത്രയും ദിവസം കഴിഞ്ഞിട്ടും ഉത്തരവിറങ്ങാത്തത് അട്ടിമറിക്കുവേണ്ടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സ്കൂളുകള്‍ എയ് ഡഡാക്കി കോടികളുടെ അഴിമതി നിയമനങള്‍ക്കാണ് നീക്കമെന്നും കോടിയേരി പറഞ്ഞു. മന്ത്രിസഭാതീരുമാനം അട്ടിമറിച്ച മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ മന്ത്രിക്ക് പിന്തുണയുമായി പി കെ കുഞ്ഞാലിക്കുട്ടി എഴുന്നേറ്റതു കൂടുതൽ എതിർപ്പിനിടയാക്കി. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു. അതേസമയം ലിഗിന്റെ നീക്കത്തിൽ കെപിസിസി രോഷം പ്രകടിപ്പിച്ചു. നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് മുഖ്യമന്ത്രിയോട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് രാവിലെയും പ്രതിപക്ഷം സഭ വിട്ടിറങ്ങി. സ്വാശ്രയ മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാണെന്നു കാട്ടി സമര്‍പ്പിച്ച പ്രമേയത്തിനാണ് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്. എം എ ബേബിയാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാണ്. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി കൂടിയായ ബേബി ആവശ്യപ്പെട്ടു. കരാര്‍ മുസ്ലിം മാനേജ്മെന്റുകള്‍ക്കുവേണ്ടിയാണെന്ന് നോട്ടീസില്‍ ചുണ്ടിക്കാട്ടി. കരാര്‍ വ്യവസ്ഥകള്‍ റദ്ദാക്കണം. ആദ്യവര്‍ഷം തന്നെ കരാര്‍ ഉണ്ടാക്കിയതിലൂടെ 75 കോടിയുടെ ലാഭമാണ് സ്വാശ്രയലോബിക്ക് സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തതെന്ന് എംഎ ബേബി പറഞ്ഞു. എല്‍ഡിഎഫ് ഭരണകാലത്ത് നാലുവര്‍ഷവും സര്‍ക്കാര്‍ ഫീസില്‍ കുട്ടികളെ പഠിപ്പിക്കാന്‍ കഴിഞ്ഞു. 12500 രൂപ മാത്രം നല്‍കിയിരുന്ന സ്ഥാനത്ത് 3.75 ലക്ഷം രൂപ വിദ്യാര്‍ഥികള്‍ നല്‍കണം. സംവരണം അട്ടിമറിച്ചു. പട്ടികവര്‍ഗ്ഗവിഭാഗം വിദ്യാര്‍ഥികളുടെ ഇതേ ഫീസ് സര്‍ക്കാര്‍ നല്‍കണം. വന്‍ കൊള്ളയടിക്കാണ് സര്‍ക്കാര്‍ അവസരം നല്‍കിയതെന്നും ബേബി പറഞ്ഞു. പ്രമേയത്തില്‍ ഉന്നയിച്ച വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമന്‍ചാണ്ടിയും പ്രമേയത്തിന് മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മറുപടിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചത്.

deshabhimani 270612

1 comment:

  1. കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം മലപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ എയ്ഡ്ഡ് സ്കൂളുകളാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി. അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭാതീരുമാനം തന്നെ മാറ്റി കോടികളുടെ അഴിമതിക്ക് വഴിയൊരുക്കുകയാണെന്ന് പ്രതിപക്ഷം. പ്രശ്നം നിയമസഭയില്‍ വന്‍ ബഹളത്തിനും പ്രതിപക്ഷ വോക്കൗട്ടിനുമിടയാക്കി.

    ReplyDelete