Saturday, June 30, 2012

ഇപി വധശ്രമത്തിനു പിന്നില്‍ സുധാകരനെന്ന് വിശ്വസ്തന്റെ മൊഴി


ഇ പി ജയരാജന്‍ വധശ്രമവും നാണുവധവും കണ്ണൂരിലെ രണ്ടുബോംബേറും ആസൂത്രണം ചെയ്തത് കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എം പിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രശാന്ത് ബാബുവാണ് ദൃശ്യമാധ്യത്തോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഡിസിസി ഓഫീസ് സെക്രട്ടറിയും സുധാകരന്റെ വലംകൈയ്യും ഡ്രൈവറുമായിരുന്നു പ്രശാന്ത് ബാബു. സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജനെ തീവണ്ടിയില്‍ വച്ച് വധിക്കാന്‍ അന്ന് ഡിസിസി പ്രസിഡന്റായ സുധാകരന്റെ നടാലിലെ വീട്ടിലാണ് ഗൂഢാലോചന നടത്തിയതെന്ന് പ്രശാന്ത് ബാബു വെളിപ്പെടുത്തുന്നു.രണ്ടു സിപിഐ എം ഉന്നതനേതാക്കളെ കണ്ണൂരില്‍ വച്ച് വധിക്കാനും സുധാകരന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചിരുന്നതായും പ്രശാന്ത് പറഞ്ഞു.

സുധാകരന്റെ നിര്‍ദേശപ്രകാരം താനാണ് എറണാകുളത്തും തൃപ്രയാറില്‍ നിന്നും ക്വട്ടേഷന്‍ സംഘത്തെ കൊണ്ടു വന്നതെന്നും ഇവരാണ് കണ്ണൂര്‍ സേവറി ഹോട്ടലിലും കണ്ണൂര്‍ കോപ്പറേറ്റീവ് പ്രസിലും ബോബേറ് നടത്തിയതെന്നും പ്രശാന്ത് പറഞ്ഞു. ആദ്യം സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് നാണുവിനെ വധിച്ച അതേ സംഘം തന്നെയാണ് പ്രസിലും അക്രമം നടത്തിയത്. ഈ രണ്ടു കേസിലും സുധാകരന്റെ നിര്‍ദേശപ്രകാരം താനടക്കമുള്ള ആറുപേര്‍ പ്രതികളായതെന്നുമാണ് വെളിപ്പെടുത്തല്‍. ഗുണ്ടകള്‍ക്കു പകരം പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതികളാക്കിയത് സുധാകരനാണ്. സുധാകരന്‍ നല്‍കിയ ലിസ്റ്റുപ്രകാരം സിഐ കേസെടുക്കുകയായിരുന്നു. ഗസ്റ്റ് ഹൗസില്‍സിഐയുമായി സുധാകരന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. ഈ കേസില്‍ തെളിവില്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. കണ്ണൂര്‍ ഡിസിസിയുടെ ജീപ്പിലാണ് എറണാകുളത്തെ ജിമ്മി ജോസഫടക്കമുള്ള ക്വട്ടേഷന്‍ സംഘത്തെ കൊണ്ടു വന്നത്്. ഇവരെ ഡിസിസി ഓഫീസിനു മുന്നിലുള്ള കെട്ടിടത്തിലാണ് താമസിപ്പിച്ചത്.

ഇ പിയെ വധിക്കാന്‍ രണ്ടുതവണ ഗൂഡാലോചന നടത്തിയെന്നും അതില്‍ കണ്ണൂരിലെ അഭിഭാഷകനായ ടി പി ഹരീന്ദ്രനും പങ്കെടുത്തതായും പ്രശാന്ത് ബാബു പറഞ്ഞു. അവിടെയാണ് ആദ്യം ഇപി യെ അപായപ്പെടുത്താന്‍ ശ്രമം ആരംഭിച്ചത്. താന്‍ ബാങ്കില്‍ ജീവനക്കാരനായതിനുശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിന്നു. അപ്പോഴാണ് സുധാകരന്‍ വിളിപ്പിച്ചത്. നിനക്ക് ഒരു ഡ്യൂട്ടി തരുന്നു. ഞാന്‍ തരുന്ന മെസേജ ് പാര്‍ട്ടിയിലെ തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കെത്തിക്കണമെന്ന് സുധാകരന്‍ പറഞ്ഞു. പ്രശാന്ത് വെളിപ്പെടുത്തുന്നു

സുധാകരന്റെ അടുത്ത അനുയായിയായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തണമെന്ന് ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പലതും താനടക്കമുള്ളവര്‍ മുന്‍പ് ആവശ്യപ്പെട്ടതാണ്. അതുണ്ടായില്ല. സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഐ എമം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പ്രശാന്ത് ബാബുവിന്റെ ജീവന് സംരക്ഷണം വേണം. ഇപ്പോഴത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുധാകരനെതിരെ കേസെടുത്ത് നാണുവധമടക്കമുള്ള കേസുകള്‍ പുനരന്വേഷിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു.

നടപടി വേണം പിണറായി

കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെക്കുറിച്ച് മുന്‍ ഡ്രൈവറും വിശ്വസ്തനുമായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇ പി ജയരാജന്‍ വധശ്രമത്തിലും നാണുവധത്തിലും സുധാകരന്‍ നേരിട്ട് സ്വന്തം വീട്ടില്‍ നടത്തിയ ഗൂഢാലോചന ഒപ്പമുണ്ടായിരുന്ന ആളില്‍ നിന്നുതന്നെ പുറത്തായിരിക്കുന്നു. അന്ന് സുധാകരനെ രക്ഷിച്ച് വെള്ളപൂശിയ കെപിസിസിയും കോണ്‍ഗ്രസിന്റെ അഖിലേന്ത്യാനേതൃത്വവും ഇന്ന് നിലപാട് വ്യക്തമാക്കണം. ഈ അക്രമസംഭവങ്ങളില്‍ സുധാകരനടക്കമുള്ള യഥാര്‍ഥപ്രതികള്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. സുധാകരനെതിരെ പ്രവര്‍ത്തിച്ചവരുടെയെല്ലാം അനുഭവം മോശമായതിനാല്‍ പ്രശാന്ത് ബാബുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് തിരുവഞ്ചൂര്‍ അന്വേഷണം നടത്തുമോയെന്നും വ്യക്തമാക്കണം

. അന്ന് കാര്യങ്ങളിലെല്ലാം നേരിട്ട് പങ്കുവഹിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് തുറന്നു പറയുന്നത്. സുധാകരനോടൊപ്പം ഡ്രൈവറായി പ്രവര്‍ത്തിച്ചയാളാണ് പ്രശാന്ത് ബാബു. ഇപ്പോള്‍ കണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറിയാണ്. അദ്ദേഹം സുധാകരനെപ്പറ്റി പറയുന്ന കാര്യങ്ങള്‍ ഗൗരവത്തിലെടുക്കണമെന്ന് മുന്‍ഡിസിസി അധ്യക്ഷന്‍ പി രാമകൃഷ്ണന്‍ പറഞ്ഞിരിക്കുന്നു. പ്രശാന്ത്ബാബു പറയുന്നത് വിശ്വസനീയമാണെന്ന് രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. പിണറായി പറഞ്ഞു. കണ്ണൂരില്‍ സേവറിയില്‍ നടന്ന ആക്രമണത്തില്‍ ഭക്ഷണം വിളമ്പിയ നാണു എന്ന തൊഴിലാളിയാണ് മരിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജയകൃഷ്ണന്റെ കൈ അറ്റുപോയി. ലീഗ് നേതാവിന്റെ ബന്ധുവിന്റെ കണ്ണുപോയി. അതിന്റെ തുടര്‍ച്ചയായി കോ ഓപ്പ് പ്രസിനുനേരെ ആക്രമണത്തില്‍ പ്രശാന്ത് എന്ന ജീവനക്കാരനെ മാരകമായി ആക്രമിച്ചു. ഈ രണ്ടാക്രമണവും സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍. ക്വട്ടേഷന്‍ സംഘത്തെ കൊണ്ടു വരുന്നിനായി പ്രശാന്ത് ബാബുവാണ് പോയത്ആസംഘം കണ്ണൂരിലെ ഡിസിസി ഓഫീസിനുമുന്നിലാണ് താമസിച്ചത്്. വേറൊരു സംഘത്തെ പൊലീസ് പിടിച്ചപ്പോള്‍ സുധാകരന്‍ സ്റ്റേഷനില്‍ പോയി ബഹളം വെച്ചു. സുധാകരന്റെ രീതി പണ്ടേ ഇതുതന്നെയാണ്. സേവറികേസില്‍ പ്രശാന്ത് ബാബുവിനെ പ്രതിയാക്കി. മറ്റൊരു കേസിലെ പ്രതിയാണ് എന്ന ധാരണയിലാണ് പേരു കൊടുക്കുന്നത്. യഥാര്‍ഥപ്രതികള്‍ വേറെ. സഹായം ചെയ്തു കൊടുത്തത് അന്നത്തെ യുഡിഎഫ് ഗവണ്‍മെന്റാണ്. സുധാകരന്‍ പറഞ്ഞപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നിസ്സഹായനായി.

ജയരാജന്‍ വധോദ്യമത്തിന്റെ വെളിപ്പെടുത്തല്‍ പുതിയ കാര്യമല്ല. പുതിയ കാര്യം സുധാകരന്റെ വീട്ടില്‍വെച്ചാണ് ആലോചന എന്നതാണ്. അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഇവരെ ഒഴിവാക്കി. കോണ്‍ഗ്രസ് നേതൃത്വം പ്രതികളെയും സുധാകരനെയും രക്ഷിച്ചു. ഇപ്പോള്‍ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ ഗവണ്‍മെന്റ് യഥാര്‍ഥകുറ്റവാളികളെക്കുറിച്ച് അന്വേഷിക്കണം. കേരളത്തിലെ ആഭ്യന്തരവകുപ്പ് അന്വേഷിക്കാന്‍ തയ്യാറാവണം. സ്വന്തം പാര്‍ട്ടി നേതാവിനെക്കുറിച്ച് അനുയായിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം. ജയരാജനെ വധിക്കാനുള്ള ഇടപെടല്‍ കെപിസിസി നേരത്തെ മനസിലാക്കിയിരുന്നു. അന്ന് സുധാകരനെ രക്ഷിച്ചു. ഇപ്പോള്‍ പ്രാദേശികനേതാവ് തന്നെ ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ കെപിസിസി തയ്യാറാവണം. ഇനിയും രക്ഷിക്കാനാണ് ഭാവമെങ്കില്‍ അത് തുറന്നുപറയണം. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിനിധിയായ സുധാകരനെക്കുറിച്ച് കോണ്‍ഗ്രസ് ദേശീയനേതൃത്വം തന്നെ പ്രതികരിക്കണം. സുധാകരനെതിരെ മുന്‍ഡിസിസി അംഗം പരസ്യമായി ആക്ഷേപമുന്നയിച്ചപ്പോള്‍ രണ്ടു കാലും തല്ലിയൊടിച്ചു. അതാണ് സുധാകരനെതിരെ സംസാരിച്ച നേതാവിന്റെ അനുഭവം. മുന്‍പുള്ള അനുഭവം വച്ച് പ്രശാന്ത് ബാബുവിന്റെ ജീവന്‍ അപകടത്തില്‍പ്പെടുമെന്നുറപ്പാണ്. അതിനാല്‍ പ്രശാന്തിന്റെ ജീവന്‍ രക്ഷിക്കാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

deshabhimani news

1 comment:

  1. ഇ പി ജയരാജന്‍ വധശ്രമവും നാണുവധവും കണ്ണൂരിലെ രണ്ടുബോംബേറും ആസൂത്രണം ചെയ്തത് കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എം പിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രശാന്ത് ബാബുവാണ് ദൃശ്യമാധ്യത്തോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഡിസിസി ഓഫീസ് സെക്രട്ടറിയും സുധാകരന്റെ വലംകൈയ്യും ഡ്രൈവറുമായിരുന്നു പ്രശാന്ത് ബാബു. സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജനെ തീവണ്ടിയില്‍ വച്ച് വധിക്കാന്‍ അന്ന് ഡിസിസി പ്രസിഡന്റായ സുധാകരന്റെ നടാലിലെ വീട്ടിലാണ് ഗൂഢാലോചന നടത്തിയതെന്ന് പ്രശാന്ത് ബാബു വെളിപ്പെടുത്തുന്നു.രണ്ടു സിപിഐ എം ഉന്നതനേതാക്കളെ കണ്ണൂരില്‍ വച്ച് വധിക്കാനും സുധാകരന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചിരുന്നതായും പ്രശാന്ത് പറഞ്ഞു.

    ReplyDelete