Monday, June 25, 2012

സഭയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല: മുന്‍ ഭദ്രാസനാധിപന്‍


സഭയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്ന് മലങ്കര യാക്കോബായ സഭ ഇടുക്കി മുന്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമിസ് ആരോപിച്ചു. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ വധിക്കാന്‍ ശ്രമിച്ചെന്നും തന്നോട് അടുപ്പമുണ്ടായിരുന്ന ശെമ്മാശന്മാരെ അരമനയില്‍വച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പായി അവരോധിക്കാന്‍ സഭ മൂന്ന് കോടി രൂപ വാങ്ങി. ചോദ്യം ചെയ്യുന്നവരെ പുറത്താക്കാനും അപകീര്‍ത്തിപ്പെടുത്താനും നീക്കം നടത്തുന്നു. സഭയുടെ സുപ്രധാനയോഗം ചേരുന്നതിനിടെയാണ് അദ്ദേഹം ഇത്തരം ആരോപണം ഉന്നയിച്ചത്. അതേസമയം സാമ്പത്തിക ബാധ്യതയുണ്ടാക്കിയതിന്റെ പേരില്‍ കുര്യാക്കോസ് മാര്‍ ക്ലിമിസിനെ കഴിഞ്ഞ ദിവസം ഇടുക്കി ഭദ്രാസനാധിപന്‍ സ്ഥാനത്തുനിന്നും സഭ നീക്കിയിരുന്നു.

ക്ലിമ്മീസിന് മാനസിക വിഭ്രാന്തിയെന്ന് യാക്കോബായസഭ

കോലഞ്ചേരി: സഭയ്ക്കെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപോലീത്തയ്ക്ക് മാനസികവിഭ്രാന്തിയാണെന്ന് യാക്കോബായസഭ. ഞായറാഴ്ച ചേര്‍ന്ന അടിയന്തര വര്‍ക്കിങ്കമ്മിറ്റിക്കുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവര്‍ ഇതു പറഞ്ഞത്. ഇടുക്കി ഭദ്രാസനാധിപനായ ഇദ്ദേഹം സഭയോ ഭദ്രാസന കൗണ്‍സിലോ അറിയാതെയാണ് കോടികളുടെ ബാധ്യത വരുത്തിവച്ചത്. ഇക്കാര്യത്തില്‍ സഭയ്ക്ക് ഒരു ഉത്തരവാദിത്തവുമില്ല. മൂന്നുകോടി രൂപ സഭയ്ക്കു നല്‍കിയെന്ന മെത്രാപോലീത്തയുടെ അവകാശവാദം പച്ചക്കള്ളമാണ്. അഞ്ചുലക്ഷം രൂപ സംഭാവനയായി നല്‍കിയ അദ്ദേഹം അതിന്റെ രസീതും കൈപ്പറ്റിയിട്ടുണ്ട്.

വസ്തു ഇടപാടുകള്‍ക്കുവേണ്ടി മെത്രാപോലീത്ത പലരില്‍നിന്നും പണം കടംവാങ്ങിയിട്ടുണ്ട്. പറഞ്ഞ അവധിക്ക് പണം നല്‍കാതായതോടെ കടക്കാരുടെ ശല്യം വര്‍ധിച്ചത് ഇദ്ദേഹത്തിന്റെ മാനസികവിഭ്രാന്തി വര്‍ധിപ്പിച്ചു. സഭാപാരമ്പര്യത്തിനു നിരക്കാത്ത ചിന്തകളും ആരാധനാരീതികളുമാണ് ഇദ്ദേഹത്തിന്റേതെന്നും സഭാനേതൃത്വം പറയുന്നു. മെത്രാപോലീത്ത ഉയര്‍ത്തിയ ആരോപണങ്ങളെ പൂര്‍ണമായി നിഷേധിക്കുന്നതോടൊപ്പം തെറ്റുതിരുത്താന്‍ തയ്യാറായാല്‍ മെത്രാപോലീത്തയെ സംരക്ഷിക്കുന്ന കാര്യം ആലോചിക്കും. സഭാ സുന്നഹദോസ് തിങ്കളാഴ്ച പകല്‍ മൂന്നിന് പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ ചേരും. മാര്‍ ക്ലിമ്മീസിനോട് യോഗത്തില്‍ പങ്കെടുക്കാന്‍ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപോലീത്തമാരായ മാത്യൂസ് മാര്‍ ഇവാനിയോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, സഖറിയ മാര്‍ പോളികാര്‍പ്പസ്, മാത്യൂസ് മാര്‍ അന്തിമോസ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 250612

2 comments:

  1. സഭയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്ന് മലങ്കര യാക്കോബായ സഭ ഇടുക്കി മുന്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമിസ് ആരോപിച്ചു. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ വധിക്കാന്‍ ശ്രമിച്ചെന്നും തന്നോട് അടുപ്പമുണ്ടായിരുന്ന ശെമ്മാശന്മാരെ അരമനയില്‍വച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete
  2. സഭാനേതൃത്വത്തിനെതിരെ വിവാദപ്രസ്താവന നടത്തിയ ഇടുക്കി ഭദ്രാസനാധിപനായിരുന്ന കുര്യാക്കോസ് മോര്‍ ക്ലിമിസ് മെത്രാപോലീത്തയെ മുഴുവന്‍ ചുമതലകളില്‍നിന്നും സഭയുടെ എല്ലാ ശുശ്രൂഷകളില്‍നിന്നും മാറ്റിയതായി യാക്കോബായ സഭ അറിയിച്ചു. സഭാ ആസ്ഥാനമായ പുത്തന്‍കരിശ് പാത്രിയര്‍ക്ക സെന്ററില്‍ തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന അടിയന്തര സുന്നഹദോസിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സഭാതീരുമാനം വ്യക്തമാക്കിയത്. വിവാദ പ്രസ്താവനകളെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ കമീഷന്‍ രൂപീകരിച്ചതായും നേതൃത്വം വ്യക്തമാക്കി. മെത്രാപോലീത്ത ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കോട്ടയം തൂത്തൊട്ടി സെന്റ് ഗ്രിഗോറിയോസ് റിട്രീറ്റ് സെന്ററില്‍ ഇദ്ദേഹത്തെ താമസിപ്പിക്കും. മെത്രാപോലീത്തയുടെ കടബാധ്യതകള്‍ സംബന്ധിച്ച് ആലോചിച്ച് പ്രശ്നം പരിഹരിക്കാന്‍ സമുദായ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍, രണ്ട് അഭിഭാഷകര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ സഭയുടെതന്നെ കോണ്‍വന്റില്‍ താമസിപ്പിക്കുമെന്നും നേതൃത്വം വെളിപ്പെടുത്തി. സഭയ്ക്ക് കളങ്കംവരുത്തുന്ന പ്രസ്താവനകള്‍ നടത്തിയ സഭാ മാനേജിങ്കമ്മിറ്റി അംഗം മനോജ് കോക്കാട്, പോള്‍ വര്‍ഗീസ് എന്നിവരെ ഔദ്യോഗിക ചുമതലകളില്‍നിന്ന് ഒഴിവാക്കാനും സുന്നഹദോസ് തീരുമാനിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളും സമിതി അന്വേഷിക്കും. അന്വേഷണ കമീഷന്‍ അംഗങ്ങളായി സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മോര്‍ ഇവാനിയോസ്, ഗീവര്‍ഗീസ് മോര്‍ കൂറിലോസ്, മാത്യൂസ് മോര്‍ അപ്രേം, ബേബി ചാമക്കാല കോര്‍ എപ്പിസ്കോപ്പ, ബേബി ജോണ്‍ കോര്‍ എപ്പിസ്കോപ്പ, പ്രൊഫ. എം എ പൗലോസ്, ബിബി എബ്രാഹാം എന്നിവരെ ചുമതലപ്പെടുത്തി. സുന്നഹദോസില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ 18 മെത്രാപോലീത്തമാര്‍ പങ്കെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ മാത്യൂസ് മോര്‍ ഇവാനിയോസ്, സഖറിയാസ് മോര്‍ പീലക്സിനോസ്, കുര്യാക്കോസ് മോര്‍ യൗസേബിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

    ReplyDelete