Thursday, June 28, 2012

ഇരുമെയ്യാണേലും മനമൊന്നല്ലോ


മലപ്പുറത്തെ 33 സ്കൂളിന്റെ പദവിയെക്കുറിച്ചുള്ള "കണ്‍ഫ്യൂഷന്‍" ആര് തീര്‍ക്കും? കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രിയെ തിരുത്തിയ മുഖ്യമന്ത്രി 24 മണിക്കൂര്‍ തികയുംമുമ്പേ കരണംമറിഞ്ഞു. മുസ്ലിംലീഗിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും കൂട്ടുത്തരവാദിത്തത്തോടെയാണ് തങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി. ഇരുമെയ്യാണെങ്കിലും മനംഒന്നുതന്നെയെന്ന് സാരം. 33 സ്കൂളും എയ്ഡഡ് മേഖലയില്‍ത്തന്നെയാണെന്ന് അതോടെ വ്യക്തമായി. അഴിമതിക്കുവേണ്ടിയാണ് സര്‍ക്കാര്‍മേഖലയില്‍നിന്ന് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. ധനവകുപ്പിന്റെ അനുമതിയും ക്യാബിനറ്റിന്റെ അംഗീകാരവും കിട്ടിയോയെന്ന് കോടിയേരി ബാലകൃഷ്ണനും ആരാഞ്ഞു.

മുഖ്യമന്ത്രിയുടെ ലീഗ് പുരാണത്തില്‍ സഹികെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സഭവിട്ടു. സ്കൂള്‍ ഇടപാടില്‍ തനിക്ക് പങ്കില്ലെന്ന് ചെന്നിത്തലയുടെ ബോഡിലാംഗ്വേജ് വിളിച്ചോതി. ഭരണപക്ഷത്ത് ലീഗ് ഒഴികെയുള്ള ആരും പിന്തുണയ്ക്കുന്നില്ലെന്നു കണ്ടപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി ക്രുദ്ധനായി. തങ്ങള്‍ ഓട് പൊളിച്ച് വന്നവരല്ലെന്നും ടാര്‍ജറ്റ് ചെയ്യുകയാണെന്നും അദ്ദേഹം പരാതിപ്പെട്ടു. ആദ്യമായി ഭരണത്തില്‍ വരുന്നതല്ല, ബ്ലാക്ക് മെയില്‍ചെയ്യുകയാണ്. ഏത് ചെറിയ പ്രശ്നം വന്നാലും തങ്ങള്‍ക്ക് നേരെ തിരിയുകയാണെന്നും കുഞ്ഞാലിക്കുട്ടി വിലപിച്ചു. കെപിസിസി പ്രസിഡന്റിനെ ഉദ്ദേശിച്ച് പറഞ്ഞതായിരിക്കുമെന്നാണ് കോടിയേരി അതിനോട് പ്രതികരിച്ചത്.

ഓടിളക്കിയത് പിന്നെ ഞങ്ങളാണോ (പ്രതിപക്ഷം) എന്ന വി എസ് അച്യുതാനന്ദന്റെ ചോദ്യം കുറിക്കുകൊണ്ടു. "ലീഗുകാര്‍ ഇരുപതേയുള്ളൂ. ഞങ്ങള്‍ 67 പേരുണ്ട്. ഓടിളക്കിയൊന്നുമല്ല ഞങ്ങളും വന്നത്. ബാക്കിയെല്ലാം ലീഗിന്റെ യോഗം ചേരുമ്പോള്‍ അതിനകത്ത് അടിച്ചുവിട്ടോ" വി എസ് മുന്നറിയിപ്പ് നല്‍കി. നിന്നുപിഴയ്ക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചതെന്ന് വി എസ്. അപ്പോള്‍ കണ്‍ഫ്യൂഷന് ഉത്തരവാദിയാരെന്ന് കണ്ടെത്തുക എത്ര എളുപ്പം. "അബ്ദുറബ്ബ്" എന്നാല്‍ ദൈവത്തിന്റെ അടിമ എന്നാണ് അറബിയിലെ അര്‍ഥം. അപ്പോള്‍ മുസ്ലിംലീഗിന്റെ അടിമയ്ക്ക് അറബിയില്‍ എന്തുവിളിക്കും?

ആരോഗ്യം, കുടുംബക്ഷേമം എന്നീ വകുപ്പുകള്‍ക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മുന്നിട്ട് നിന്നത് പകര്‍ച്ചവ്യാധികള്‍. ചര്‍ച്ചയും മന്ത്രിയുടെ മറുപടിയും പനിച്ചുവിറച്ച മട്ടിലാണ് അവസാനിച്ചത്. മന്ത്രി വി എസ് ശിവകുമാര്‍ മറുപടി പറയുമ്പോള്‍ തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടില്‍ ഭരണപക്ഷ അംഗങ്ങള്‍ സഭയില്‍ അങ്ങുമിങ്ങും നടന്നു. മന്ത്രിയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ അംഗങ്ങള്‍ അങ്ങുമിങ്ങും ഇരുന്ന് സ്വകാര്യം പറഞ്ഞ് രസിച്ചതോടെ സ്പീക്കര്‍ ജി കാര്‍ത്തികേയന് ശുണ്ഠിയായി. സഭ നിര്‍ത്തിവച്ച അദ്ദേഹം മറുപടി പ്രസംഗം മേശപ്പുറത്തുവച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചു. അംഗങ്ങള്‍ സ്വന്തം സീറ്റുകളില്‍ തിരികെയെത്തിയശേഷമാണ് സഭ പുനരാരംഭിച്ചത്. തീരെ പതിഞ്ഞ ശബ്ദത്തിലാണ് മന്ത്രി ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞത്. മന്ത്രി പറയുന്നത് കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് അംഗങ്ങള്‍ പരാതിപ്പെട്ടപ്പോള്‍ ഉറക്കെ പറയണമെന്ന നിര്‍ദേശവുമായി സ്പീക്കര്‍ ഇടപെട്ടു. മൈക്കിന്റെ കുഴപ്പമാണെന്നു പറഞ്ഞ് മന്ത്രി തലയൂരി. ആരോഗ്യരംഗത്തെ വ്യാജന്‍ കീഴടക്കിയിരിക്കുകയാണെന്നായിരുന്നു ചര്‍ച്ച തുടങ്ങിയ രാജു എബ്രഹാമിന്റെ പക്ഷം. നേഴ്സുമാര്‍ വസ്ത്രം മാറുന്നിടത്തുപോലും ഒളിക്യാമറ വയ്ക്കുന്ന സ്വകാര്യ ആശുപത്രിക്കാരെ കല്‍ത്തുറുങ്കില്‍ അടയ്ക്കണമെന്ന ദൃഢനിശ്ചയത്തിലാണ് രാജു.

മേനക ഗാന്ധിയെ അവഗണിച്ച് പട്ടിപിടിത്തം പുനരാരംഭിക്കണമെന്നായിരുന്നു കെ മുരളീധരന്റെ ആവശ്യം. പട്ടി ജനത്തെ കടിച്ചാല്‍ ജനം എംഎല്‍എമാരെ കടിക്കാന്‍ വരുമെന്ന ഭയമാണ് മുരളിക്ക്. മന്ത്രശക്തി നഷ്ടമായ ശുക്രാചാര്യനെപ്പോലെ നിരായുധനായി നില്‍ക്കുന്ന മുഖ്യമന്ത്രിയെ ഓര്‍ത്താണ് ചിറ്റയം ഗോപകുമാര്‍ സഹതപിച്ചത്. കട്ടിക്കണ്ണടവച്ച ഇ എം എസിന്റെയും സുസ്മേരവദനായ എ കെ ജിയുടെയും പൊട്ടിച്ചിരിപ്പിക്കുന്ന നായനാരുടെയും മുഖം എന്‍ ഷംസുദീന്റെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്. രോഗശമനകേന്ദ്രങ്ങളായിരുന്ന ആശുപത്രികള്‍ ഇപ്പോള്‍ രോഗപ്രസരണകേന്ദ്രങ്ങളായി മാറിയെന്നാണ് ടി വി രാജേഷിന്റെ നിലപാട്. സര്‍ക്കാര്‍ ആശുപത്രിയില്‍ ക്യൂവില്‍നിന്നാല്‍ ചുമ ഉറപ്പ്. വെള്ളം കുടിച്ചാല്‍ മഞ്ഞപ്പിത്തം. ആഹാരം കഴിച്ചാല്‍ വയറിളക്കം. ചികിത്സിച്ചാല്‍ എച്ച്1 എന്‍1-രാജേഷ് ചൂണ്ടിക്കാട്ടി. ദിവസം നാലുതവണ ക്യാബിനറ്റ് കൂടിയാലൊന്നും പകര്‍ച്ചപ്പനി മാറില്ലെന്നാണ് ഗീത ഗോപിയുടെ പക്ഷം. മരുന്നു മാഫിയയുടെ വെല്ലുവിളിക്കുമുന്നില്‍ കൈയും കെട്ടി നോക്കിനില്‍ക്കരുതെന്ന് വി ഡി സതീശന്‍ നിര്‍ദേശിച്ചു. ദൈവത്തിന്റെ സ്വന്തം നാട് പകര്‍ച്ചപ്പനി മരണങ്ങളുടെ സ്വന്തം നാടായി മാറിയെന്ന് കെ എസ് സലീഖ തീര്‍ച്ചയാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പനിക്കെതിരെ ഹര്‍ത്താലിന് ആഹ്വാനംചെയ്തവരാണ് ഇപ്പോള്‍ ഭരണത്തിലെന്ന് അവര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളെ കയറൂരി വിടരുതെന്ന് കെ സുരേഷ്കുറുപ്പ് ആവശ്യപ്പെട്ടു. മരുന്നുവില നിയന്ത്രിക്കുന്നതിന് സ്വന്തം പേരില്‍ മരുന്നുനിര്‍മാണം ആരംഭിക്കണമെന്നും കുറുപ്പ് നിര്‍ദേശിച്ചു. ജമീല പ്രകാശം, തോമസ് ഉണ്ണിയാടന്‍, എം പി വിന്‍സന്റ്, റോഷി അഗസ്റ്റിന്‍, പി ബി അബ്ദുള്‍ റസാഖ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ആദിവാസി ഭൂപ്രശ്നത്തെക്കുറിച്ച് സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. എ കെ ബാലനാണ് ഇതുസംബന്ധിച്ച് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. മുത്തങ്ങ ആവര്‍ത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
(കെ ശ്രീകണ്ഠന്‍)

deshabhimani 280612

1 comment:

  1. മലപ്പുറത്തെ 33 സ്കൂളിന്റെ പദവിയെക്കുറിച്ചുള്ള "കണ്‍ഫ്യൂഷന്‍" ആര് തീര്‍ക്കും? കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രിയെ തിരുത്തിയ മുഖ്യമന്ത്രി 24 മണിക്കൂര്‍ തികയുംമുമ്പേ കരണംമറിഞ്ഞു. മുസ്ലിംലീഗിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും കൂട്ടുത്തരവാദിത്തത്തോടെയാണ് തങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി. ഇരുമെയ്യാണെങ്കിലും മനംഒന്നുതന്നെയെന്ന് സാരം. 33 സ്കൂളും എയ്ഡഡ് മേഖലയില്‍ത്തന്നെയാണെന്ന് അതോടെ വ്യക്തമായി. അഴിമതിക്കുവേണ്ടിയാണ് സര്‍ക്കാര്‍മേഖലയില്‍നിന്ന് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. ധനവകുപ്പിന്റെ അനുമതിയും ക്യാബിനറ്റിന്റെ അംഗീകാരവും കിട്ടിയോയെന്ന് കോടിയേരി ബാലകൃഷ്ണനും ആരാഞ്ഞു.

    ReplyDelete