Tuesday, June 26, 2012

തുടക്കം രാഷ്ട്രീയ നേട്ടത്തിന്; ലക്ഷ്യം കമ്യൂണിസ്റ്റ് വേട്ട



ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിലെ ഭരണപക്ഷ ഗൂഢാലോചനയുടെ ചിത്രം പൂര്‍ണമാകുന്നു. ആസൂത്രിത തിരക്കഥയ്ക്കനുസരിച്ച് ഒഞ്ചിയം മുതല്‍ മടിക്കൈ വരെയുള്ള കമ്യൂണിസ്റ്റ് സ്വാധീന കേന്ദ്രങ്ങളിലെ പാര്‍ടി നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടിപ്പിടിക്കുന്ന പൊലീസ് ദൗത്യത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നത് പകല്‍ പോലെ വ്യക്തമാവുകയാണ്. ചന്ദ്രശേഖരന്റെ മരണത്തില്‍ രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്ന ആര്‍എംപിയും യുഡിഎഫും അന്വേഷണത്തില്‍ ഒരുപോലെ സംതൃപ്തി രേഖപ്പെടുത്തിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

നെയ്യാറ്റിന്‍കരയെന്ന താല്‍ക്കാലിക നേട്ടമാണ് യുഡിഎഫ് ആദ്യം മുന്നില്‍കണ്ടത്. പിന്നീടത് സിപിഐ എം വേട്ടയ്ക്കുള്ള ആയുധമാക്കി. ആര്‍എംപിയുടെ ലക്ഷ്യം ഇതിനെല്ലാമപ്പുറമായിരുന്നു. പാര്‍ലമെന്റ്- പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് കമ്യൂണിസ്റ്റ് വിരുദ്ധരെ സഹായിക്കുന്നതാണെന്ന അഭിപ്രായം ആര്‍എംപിയില്‍ ശക്തിപ്പെട്ടിരുന്നു. വലതുപക്ഷത്ത് ചേര്‍ന്നില്ലെങ്കിലും അവര്‍ക്ക് ഗുണകരമായ നയമാണ് ആര്‍എംപിയുടേതെന്ന് ഒരു വിഭാഗം നേതാക്കളും അണികളും തിരിച്ചറിഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പില്‍ ഒഞ്ചിയം മേഖലയില്‍ ആര്‍എംപിക്കുണ്ടായ തിരിച്ചടിക്കു കാരണമിതാണ്. ചന്ദ്രശേഖരന്‍ സിപിഐ എം നേതാക്കളുമായി മധ്യസ്ഥന്‍ മുഖേന ചര്‍ച്ച നടത്തിയതും ആര്‍എംപിയിലെ ഒരു വിഭാഗം നേതാക്കളുടെ വിരോധത്തിനിടയാക്കി. ആര്‍എംപി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നത്. യുഡിഎഫിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ജാതി- മതശക്തികള്‍ക്ക് കീഴടങ്ങി മന്ത്രിസ്ഥാനങ്ങള്‍ വീതിച്ച് നല്‍കിയതും കാലുമാറ്റക്കാരനെ സ്ഥാനാര്‍ഥിയാക്കിയതും നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ഉറപ്പായിരുന്നു. യുഡിഎഫിനും ഇതില്‍നിന്ന് കരകയറാന്‍ ഒരു സംഭവം വേണമായിരുന്നു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ സംഘത്തെ നിശ്ചയിച്ച് മണിക്കൂറിനകം കൊലയാളിസംഘം ഉപയോഗിച്ച ഇന്നോവ കാര്‍ കണ്ടെത്തി. ഇതിനൊപ്പംതന്നെ കൊന്നവരുടെ പേരുകള്‍ ഫ്ളാഷ് ന്യൂസായിവന്നു. ഏറെ താമസിയാതെ കൊല ആസൂത്രണം ചെയ്തവരുടെയും ഗൂഢാലോചനക്കാരുടെയും വിവരങ്ങള്‍ നാട്ടുകാരെ അറിയിച്ചു. കേരളത്തില്‍ പൊലീസ് അന്വേഷണത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. മാര്‍ക്സിസ്റ്റുകാരാണ് കൊന്നതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി പറഞ്ഞു. ഇതോടെ അന്വേഷണത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമായി. സിപിഐ എമ്മുമായി ബന്ധമുള്ള ചിലരെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഇതൊക്കെ പരല്‍മീനുകളാണെന്നും വമ്പന്‍ സ്രാവുകള്‍ വേറെയുണ്ടെന്നുമായി മുല്ലപ്പള്ളി. മുല്ലപ്പള്ളിയും തിരുവഞ്ചൂരും കൊടുക്കുന്ന ലിസ്റ്റനുസരിച്ച് പിടികൂടുന്നവരെ മൂന്നാംമുറ പ്രയോഗിച്ച് ഗൂഢാലോചന നടത്തിയത് സിപിഐ എം നേതാക്കളാണെന്ന് പറയിക്കുന്നതോടെ പൊലീസുകാരുടെ പണിതീര്‍ന്നു.

മൊഴിയെടുക്കുന്നതിനു മുന്നേ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കുന്നതിന് ചില പൊലീസ് ഉദ്യോഗസ്ഥരും വധഗൂഢാലോചനക്കാരെന്ന് സംശയിക്കേണ്ടവരും ഉള്‍പ്പെടുന്ന ബുദ്ധികേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. സി എച്ച് അശോകന്റെ വെളിപ്പെടുത്തലോടെയാണ് മൊഴിയെന്ന പേരില്‍ വരുന്ന കള്ളക്കഥകള്‍ പൊളിഞ്ഞത്. ആയുധം കണ്ടെടുക്കുന്നതും കൊലയാളികളുടെ വസ്ത്രം കത്തിച്ചതും പ്രതികളെ പിടിക്കുന്നതുമെല്ലാം നാടകീയസംഭവമായി അവതരിപ്പിക്കപ്പെട്ടതിനുപിന്നില്‍ കൃത്യമായ തയ്യാറെടുപ്പുണ്ട്. രജീഷിനെ പിടിക്കുന്നതിന്റെ അപസര്‍പ്പക കഥകളും കൊടിസുനിയെയും കൂട്ടരെയും മുടക്കോഴി മലയില്‍നിന്ന് കീഴടക്കിയതിന്റെ സാഹസികതയും ത്രസിപ്പിക്കുന്ന ത്രില്ലറായി വലതുപക്ഷ മാധ്യമങ്ങളില്‍ നിറഞ്ഞു. കല്ലുവെട്ടുകാരുടെ വേഷവും കല്ലുവണ്ടിയും കോരിച്ചൊരിയുന്ന മഴയും ടെന്റും കൊടുംവനവും ദുര്‍ഘടപാതയും കഥയ്ക്ക് കൊഴുപ്പേകി. "കൊടുംവനത്തി"ലെ ടെന്റ് സ്വകാര്യവ്യക്തിയുടെ റബ്ബര്‍തോട്ടത്തിന്റെ നടുവിലായിപ്പോയത് യാദൃച്ഛികമാകാം.
(പി സുരേശന്‍)

deshabhimani 260612

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിലെ ഭരണപക്ഷ ഗൂഢാലോചനയുടെ ചിത്രം പൂര്‍ണമാകുന്നു. ആസൂത്രിത തിരക്കഥയ്ക്കനുസരിച്ച് ഒഞ്ചിയം മുതല്‍ മടിക്കൈ വരെയുള്ള കമ്യൂണിസ്റ്റ് സ്വാധീന കേന്ദ്രങ്ങളിലെ പാര്‍ടി നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടിപ്പിടിക്കുന്ന പൊലീസ് ദൗത്യത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നത് പകല്‍ പോലെ വ്യക്തമാവുകയാണ്. ചന്ദ്രശേഖരന്റെ മരണത്തില്‍ രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്ന ആര്‍എംപിയും യുഡിഎഫും അന്വേഷണത്തില്‍ ഒരുപോലെ സംതൃപ്തി രേഖപ്പെടുത്തിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

    ReplyDelete