Saturday, June 30, 2012

ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപം വിവാദമായപ്പോള്‍ മന്ത്രിയുടെ നിഷേധം


ചില്ലറ വില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ സമ്മതം അറിയിച്ചെന്ന പ്രസ്താവനയില്‍നിന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്ശര്‍മ പിന്‍വാങ്ങി. ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ നടത്തിയ പ്രസ്താവന ഇന്ത്യയിലെ പ്രധാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. അപ്പോഴൊന്നും പ്രതികരിക്കാതെ കേരളത്തില്‍ വിവാദമായപ്പോഴാണ് നിഷേധവുമായി മന്ത്രി രംഗത്തെത്തിയത്. കേരളം ഇക്കാര്യത്തില്‍ സമ്മതം മൂളിയെന്ന് താന്‍ പറഞ്ഞെന്ന വാര്‍ത്ത തെറ്റാണെന്നും മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദമാണെന്നുമാണ് ആനന്ദ്ശര്‍മ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. ഏഴ് സംസ്ഥാനങ്ങളില്‍നിന്ന് രേഖാമൂലം സമ്മതം ലഭിച്ചെന്നാണ് ബ്രസല്‍സില്‍ മന്ത്രി പറഞ്ഞത്. ആന്ധ്രപ്രദേശ്, അസം, ഡല്‍ഹി, ഹരിയാന, കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവയാണ് രേഖാമൂലം സമ്മതം അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ പേര് പ്രത്യേകം പറഞ്ഞില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്. ഇത് വസ്തുതാവിരുദ്ധമാണ്. കേരളത്തിന്റെ കാര്യമാണ് മന്ത്രി എടുത്തുപറഞ്ഞത്.

ചില സംസ്ഥാനങ്ങള്‍ക്ക് ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തോട് എതിര്‍പ്പുണ്ടെങ്കിലും, എതിര്‍പ്പില്ലാത്ത സംസ്ഥാനങ്ങളുണ്ടെന്നും അവിടെ വിദേശനിക്ഷേപം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടെന്ന് മന്ത്രി വ്യക്തമായി പറഞ്ഞു. ബിസിനസ്ലൈന്‍ പത്രവും പിടിഐയും ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തിരുന്നു. റിപ്പോര്‍ട്ട് വന്ന് ഒരു ദിവസം കഴിഞ്ഞാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ടുചെയ്തത്. തുടര്‍ന്നാണ് മന്ത്രി നിഷേധവുമായെത്തിയത്.

സമവായമുണ്ടാക്കിയശേഷം നടപ്പാക്കാമെന്ന് കാട്ടിയാണ് ചില്ലറവില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയ നടപടി കേന്ദ്രം താല്‍ക്കാലികമായി മാറ്റിവച്ചത്. അതിനുശേഷം വിവിധ രാഷ്ട്രീയപാര്‍ടികളുമായും സംസ്ഥാന സര്‍ക്കാരുകളുമായും വാണിജ്യമന്ത്രി ആശയവിനിമയം നടത്തി. സംസ്ഥാനങ്ങളുടെ അനുമതി തേടി കത്തയച്ചെന്ന് നേരത്തെതന്നെ ആനന്ദ്ശര്‍മ പറഞ്ഞിട്ടുണ്ട്. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്ത് പോയിട്ടുമുണ്ട്. കേന്ദ്രത്തില്‍നിന്ന് അയക്കുന്ന കത്തിന് എന്തെങ്കിലും മറുപടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കണം. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം വാങ്ങുന്ന പ്രക്രിയയില്‍നിന്ന് കേരളത്തെമാത്രം ഒഴിവാക്കി എന്നമട്ടിലാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ കേരളവുമായി ആശയവിനിമയം നടത്താത്തതെന്നുകൂടി വിശദീകരിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാരോടുപോലും ഇക്കാര്യം തുടര്‍ച്ചയായി ചര്‍ച്ചചെയ്യുമ്പോള്‍ കേരളവുമായി ഇക്കാര്യം സംസാരിച്ചതേയില്ലെന്ന വിശദീകരണം യുക്തിക്ക് നിരക്കുന്നതല്ല.
(വി ജയിന്‍)

deshabhimani 300612

1 comment:

  1. ചില്ലറ വില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ സമ്മതം അറിയിച്ചെന്ന പ്രസ്താവനയില്‍നിന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്ശര്‍മ പിന്‍വാങ്ങി.

    ReplyDelete