Friday, June 29, 2012

പൊലീസിനല്ല ജനങ്ങള്‍ക്കാണ് കരുത്ത് : പിണറായി


ജനങ്ങളുടെ കരുത്തിനു മുന്നില്‍ ഒരു പൊലീസിനും നില്‍ക്കാനാവില്ലെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമവേട്ടക്കെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിനെ തകര്‍ക്കാനാവുമോയെന്ന ഒരുപരിശ്രമം കൂടി ശത്രുവര്‍ഗ്ഗം നടത്തുകയാണ്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനമാരംഭിച്ച കാലം മുതല്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നതിനുള്ള ആക്രമണങ്ങള്‍ പാര്‍ട്ടി ശത്രുക്കള്‍ നടത്തിയിട്ടുണ്ട്. നിരവധി സഖാക്കളെ കശാപ്പുചെയ്തു. അനേകം പേരെ ജീവിക്കുന്ന രക്തസാക്ഷികളാക്കി. പക്ഷേ അതു കഴിഞ്ഞപ്പോള്‍ നേരത്തേയുള്ളതിനേക്കാള്‍ കരുത്തോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉയര്‍ന്നു നില്‍ക്കുന്നതും ബഹുജനങ്ങള്‍ കൂടുതല്‍ അണിനിരക്കുന്നതും അവര്‍ക്കു കാണേണ്ടി വന്നു.

അന്വേഷണമെന്നാല്‍ തല്ലിത്തല്ലി കള്ളമൊഴി രേഖപ്പെടുത്തലല്ല. മൂന്നാംമുറ നടത്തിയാണ് മൊഴിയെടുക്കുന്നത്. കസ്റ്റഡിയിലെടുക്കുന്നവരെ മര്‍ദ്ദിച്ച് കുറ്റം സമ്മതിച്ചതായി മൊഴിയെടുത്തു.ആര്‍എംപിക്കാരുടെ തിരക്കഥയനുസരിച്ചാണ് പി മോഹനനെ പൊലീസ് ടി പി വധത്തില്‍ പ്രതിയാക്കിയത്. വടകരയില്‍ ആര്‍എംപിക്കാര്‍ക്കനുകൂലമായി പൊലീസ് പ്രവര്‍ത്തിച്ചതാണ് ലാത്തിച്ചാര്‍ജിനു കാരണം. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് കരുതണ്ട. ജനങ്ങളുടെ കരുത്താണ് ഏറ്റവും വലിയ കരുത്ത്.് അതിനു മുന്നില്‍ ഒരു പൊലീസിനും നില്‍ക്കാനാവില്ല. ജനങ്ങളെ ആക്രമിക്കുന്നത് നല്ലതല്ല. വടകരയില്‍ മോഹനനെ കോടതിയില്‍ കാണാന്‍ വന്നവര്‍ പ്രശ്നമുണ്ടാക്കിയില്ല. ആര്‍എംപിക്കാരാണ് പ്രശ്നമുണ്ടാക്കിയത്. പൊലീസിനെ ഉപയോഗിച്ച് സിപിഐ എമ്മിനെ ഇല്ലാതാക്കാന്‍ കഴിയുമോയെന്നാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ശ്രമിക്കുന്നത്. സിപിഐ എമ്മിനെ പോലൊരു പ്രസ്ഥാനത്തെ അങ്ങനെ ഇല്ലാതാക്കിക്കളയാമെന്ന് കരുതണ്ട. പാര്‍ട്ടിയെ തകര്‍ത്തുകളയാമെന്ന വ്യാമോഹിക്കണ്ട. അത്തരമൊരു ധാരണയോടെ ഇറങ്ങിയാല്‍ പൊലീസ് ഇതു മതിയാവാതെ വരുമെന്നും പിണറായി പറഞ്ഞു.

പലതരത്തിലുള്ള ആക്രമണത്തേയും നീചമായ പ്രചാരവേലക്കും തകര്‍ക്കാനാവാതെ ധീരമായി ചെറുത്തുനിന്നു. ബഹുജനങ്ങളുടെ മുന്നില്‍ എല്ലാ പ്രശ്നങ്ങളും അവതരിപ്പിച്ച് മുന്നോട്ടുനീങ്ങി. പ്രസ്ഥാനം എടുക്കുന്ന ഓരോ നിലപാടും ശരിവെച്ച് ജനങ്ങള്‍ അണിനിരക്കുന്നത് ശത്രുവര്‍ഗ്ഗത്തെ വേവലാതിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചില ശ്രമങ്ങളാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ യുഡിഎഫ് ഗവണ്‍മെന്റും ഉമ്മന്‍ചാണ്ടിയും വല്ലാതെ പരിശ്രമിച്ചുനോക്കുകയാണ്. കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി ജയിച്ചത് ഏതു സാഹചര്യത്തിലാണെന്ന് അദ്ദേഹത്തിന് നന്നായറിയാം. ഇനിയൊരു തെരഞ്ഞെടുപ്പില്‍ അവിടുന്നു ജയിച്ചുവരാന്‍ എന്താണ് മാര്‍ഗ്ഗമെന്നാലോചിക്കുകയാണ്..

അതിനുവേണ്ടിയാണ് മുല്ലപ്പള്ളി തലശേരിയിലെ ഫസല്‍ കേസില്‍ സിബിഐ അന്വേഷണം കൊണ്ടു വന്നത്. സിബിഐ നടത്തിയ വലിയ "കണ്ടുപിടിത്ത"മാണ് ഫസല്‍ സിപിഐ എം പ്രവര്‍ത്തകനായിരുന്നുവെന്നത്. ഫസല്‍ എന്‍ഡിഎഫിന്റെ പ്രവര്‍ത്തകനായിരുന്നു. അന്വേഷണം നടത്തിയ സിബിഐക്ക് ആദ്യഘട്ടത്തില്‍ ഒരു തെളിവും കിട്ടിയില്ല. ഏറ്റവും വലിയ തമാശ വര്‍ഗീയസംഘര്‍ഷം നടത്താന്‍ സിപിഐ എം ശ്രമിച്ചുവെന്നാണ് അവരുടെ കണ്ടെത്തല്‍. തലശേരി കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് സിപിഐ എം പ്രവര്‍ത്തകന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

1 comment:

  1. ജനങ്ങളുടെ കരുത്തിനു മുന്നില്‍ ഒരു പൊലീസിനും നില്‍ക്കാനാവില്ലെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമവേട്ടക്കെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിനെ തകര്‍ക്കാനാവുമോയെന്ന ഒരുപരിശ്രമം കൂടി ശത്രുവര്‍ഗ്ഗം നടത്തുകയാണ്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനമാരംഭിച്ച കാലം മുതല്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നതിനുള്ള ആക്രമണങ്ങള്‍ പാര്‍ട്ടി ശത്രുക്കള്‍ നടത്തിയിട്ടുണ്ട്. നിരവധി സഖാക്കളെ കശാപ്പുചെയ്തു. അനേകം പേരെ ജീവിക്കുന്ന രക്തസാക്ഷികളാക്കി. പക്ഷേ അതു കഴിഞ്ഞപ്പോള്‍ നേരത്തേയുള്ളതിനേക്കാള്‍ കരുത്തോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉയര്‍ന്നു നില്‍ക്കുന്നതും ബഹുജനങ്ങള്‍ കൂടുതല്‍ അണിനിരക്കുന്നതും അവര്‍ക്കു കാണേണ്ടി വന്നു.

    ReplyDelete