Tuesday, June 26, 2012

കോണ്‍ഗ്രസിന്റെ ജനാധിപത്യപ്രസംഗം


ഒരു അര്‍ധരാത്രിയുടെ നിശബ്ദതയിലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. എന്നാല്‍, മറ്റൊരര്‍ധ രാത്രിയില്‍ ഇരുളിന്റെ മറവില്‍ ഇന്ത്യക്കാരുടെ എല്ലാ പൗരസ്വാതന്ത്ര്യവും അപഹരിക്കപ്പെട്ടു- 1975ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ; 37 വര്‍ഷംമുമ്പ് ജൂണ്‍ 25ന്. 1971ലെ തെരഞ്ഞെടുപ്പില്‍ അഴിമതി കാട്ടിയ കേസില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതാണല്ലോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണം. കോടതിവിധി വന്ന അതേദിവസം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുഫലവും പുറത്തുവന്നു. കോണ്‍ഗ്രസിനെ നിലംപരിശാക്കി ജയപ്രകാശ് നാരായണന്റെ പിന്തുണയോടെ ജനമോര്‍ച്ച അധികാരത്തിലെത്തി. കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തിനെതിരായി വലിയ മുന്നേറ്റം രാജ്യത്ത് രൂപപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നീതിന്യായവ്യവസ്ഥയെ പരസ്യമായി അവഹേളിച്ച് കേന്ദ്ര മന്ത്രിസഭയില്‍പ്പോലും ആലോചിക്കാതെ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്ക് ഇന്ദിരാഗാന്ധി തുടക്കമിട്ടത്.

കോടതികളില്‍ ചോദ്യംചെയ്യപ്പെടാനാകാത്ത മിസപോലുള്ള കരിനിയമങ്ങള്‍ കൊണ്ടുവന്നു. ആരും ഏതുനിമിഷവും അറസ്റ്റുചെയ്യപ്പെടാം. അതിനെ ചോദ്യംചെയ്യാന്‍ സാധ്യമല്ല. രാജ്യമെങ്ങും ഭീതിയുടെ അന്തരീക്ഷം നിറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെയാണ് കരിനിയമങ്ങള്‍ പ്രയോഗിക്കപ്പെട്ടത്. അഴിമതിക്കെതിരായ കുരിശുയുദ്ധം നടത്തിയ ജയപ്രകാശ് നാരായണനെയും സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും മറ്റു പ്രതിപക്ഷപാര്‍ടി നേതാക്കളെയും മാത്രമല്ല കോണ്‍ഗ്രസിലെ യുവതുര്‍ക്കികളായി അറിയപ്പെട്ട ചന്ദ്രശേഖരന്‍ (പില്‍ക്കാലത്ത് പ്രധാനമന്ത്രി), കൃഷ്ണകാന്ത് (പിന്നീട് ഉപരാഷ്ട്രപതി) കേന്ദ്രമന്ത്രിയായിരുന്ന മോഹന്‍ ധാരിയ തുടങ്ങിയവരെയെല്ലാം കല്‍ത്തുറങ്കിലടച്ചു. ഇപ്പോള്‍ മഹാരാഷ്ട്ര ഗവര്‍ണറായ കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അക്കാലത്ത് തടവിലാക്കപ്പെട്ടയാളാണ്. ഇ എം എസ്, എ കെ ജി തുടങ്ങിയ ദേശീയനേതാക്കളെ തടവിലാക്കിയെങ്കിലും പിന്നീട് വിട്ടയക്കേണ്ടിവന്നു. പിണറായി വിജയനെ മൃഗീയമായി മര്‍ദിച്ച് ശരീരം തകര്‍ത്തശേഷമാണ് ജയിലിലേക്കെത്തിച്ചത്. വിദ്യാര്‍ഥിയായിരുന്ന എന്നെ ഒന്നരവര്‍ഷമാണ് മിസപ്രകാരം ജയിലില്‍ അടച്ചത്. മാതാപിതാക്കളുമായിപ്പോലും ആശയവിനിമയം നടത്താന്‍ സാധ്യമായിരുന്നില്ല. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രബീര്‍ പുര്‍കായസ്തയെ പൊലീസ് അറസ്റ്റുചെയ്തത് ഒരു വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്ത പ്രിന്‍സിപ്പലിന്റെ നടപടി ചോദ്യംചെയ്തതിനാണ്.

അടിയന്തരാവസ്ഥക്കാലത്ത് പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ 32 അംഗങ്ങള്‍ക്ക് പങ്കെടുക്കാനായില്ല. അവരെല്ലാം ഇരുമ്പഴിക്കകത്തായിരുന്നു. പൗരസ്വാതന്ത്ര്യമില്ല, മൗലികാവകാശങ്ങള്‍ നിഷേധിച്ചു, ജനാധിപത്യവ്യവസ്ഥയുടെ അസ്തിവാരമായ ഭരണഘടനയെ മരവിപ്പിച്ചു. ഇന്ത്യയൊട്ടാകെ 1,10,806 പേര്‍ ജയിലില്‍ ക്രൂരപീഡനങ്ങള്‍ക്കിരയായി. എങ്ങും ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. പൊലീസ് പിടിച്ചുകൊണ്ടുപോയവരില്‍ പലരും പിന്നെ പുറംലോകം കണ്ടില്ല; തൃശൂര്‍ റീജണല്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥി രാജനെപ്പോലെ. ആഭ്യന്തരസുരക്ഷയുടെ പേരില്‍ കോണ്‍ഗ്രസ് ആരെയാണ് തടവിലിട്ടതെന്ന് മനസ്സിലാക്കുക. ബിഹാറില്‍ മിസ, ഡിഐആര്‍ എന്നീ നിയമങ്ങള്‍പ്രകാരം ആകെ അറസ്റ്റുചെയ്യപ്പെട്ടവര്‍ 9107. ഇവരില്‍ ക്രിമിനലുകളെന്ന് ഔദ്യോഗികരേഖകള്‍ പറയുന്നത് 1561 പേര്‍മാത്രം. മഹാരാഷ്ട്രയില്‍ ആകെ അറസ്റ്റുചെയ്യപ്പെട്ടത് 15,272. ഇതില്‍ സാമൂഹ്യവിരുദ്ധര്‍ 2700. പശ്ചിമബംഗാളില്‍ ആകെ അറസ്റ്റിലായ 7228 പേരില്‍ ക്രിമിനല്‍കുറ്റം ചെയ്തവര്‍ 84 മാത്രം. കേരളത്തില്‍ അറസ്റ്റിലായ 7924 പേരില്‍ ക്രിമിനല്‍കുറ്റം ചെയ്തവര്‍ 930 പേര്‍ മാത്രവും. മറ്റ് സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. മാത്രമല്ല ബുദ്ധിജീവികളെയും അധ്യാപകരെയും എഴുത്തുകാരെയുംപോലും വെറുതെ വിട്ടില്ല.

ഇപ്പോള്‍ കോണ്‍ഗ്രസിനുവേണ്ടി വാദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍, ഈ ജനാധിപത്യവിരുദ്ധര്‍ അന്ന് മാധ്യമങ്ങളോട് ചെയ്തതെന്തെന്ന് ഓര്‍ക്കണം. ദില്ലിയില്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സ് ചടങ്ങില്‍ പ്രതിഷേധപ്രകടനം നടത്തിയ ചെറുപ്പക്കാരിലൊരാളെ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അംബികാസോണി കൈകാര്യം ചെയ്യുന്നത് കണ്ടപ്പോള്‍, ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ടര്‍ വീരേന്ദ്രകപൂര്‍ "ഇവിടെ ധാരാളം പൊലീസുണ്ടല്ലോ, ഇപ്പണി അവര്‍ ചെയ്യില്ലേ" എന്ന് അംബികാസോണിയോട് ചോദിച്ചു. ഫലം ഉടനുണ്ടായി. ആ വേദിയില്‍വച്ച് കപൂര്‍ അറസ്റ്റുചെയ്യപ്പെട്ടു. ഇരുനൂറിലധികം പുസ്തകങ്ങള്‍ രചിച്ച വേദ്ഗുരു ദത്ത് എന്ന എണ്‍പത്തിമൂന്നുകാരനെ അറസ്റ്റുചെയ്തത് തന്റെ വീടിനുമുന്നില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ സംസാരിച്ചു എന്ന കുറ്റത്തിനാണ്. യഥാര്‍ഥത്തില്‍ കാരണമതായിരുന്നില്ല. 1973ല്‍ അദ്ദേഹമെഴുതിയ "മധു" എന്ന നോവലില്‍ ഇന്ദിരാഗാന്ധിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നത്രേ.

അടിയന്തരാവസ്ഥയുടെ പീഡനങ്ങളില്‍ കൊല്ലപ്പെട്ടവര്‍ അനവധി. പൊലീസ് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുകൊന്നവര്‍, ദില്ലിയിലെ തുര്‍ക്ക്മെന്‍ ഗേറ്റിലും മറ്റും സായുധപൊലീസിന്റെ വെടിയുണ്ടയ്ക്കിരയായവര്‍, ജയിലറകളിലെ പീഡനമുറകള്‍മൂലം ജയിലിനുപുറത്തെത്തി വൈകാതെ ജീവന്‍ വെടിഞ്ഞ ടി അയ്യപ്പനെയും, ബംഗാളില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ജ്യോതിര്‍മയി ബസുവിനെയുംപോലുള്ളവര്‍ തുടങ്ങി, അധികാരികളുടെ പീഡനം സഹിക്കാതെ ആത്മഹത്യചെയ്തവര്‍പോലുമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിഐടിയു നേതാവ് എന്‍ അബ്ദുള്ള മൃഗീയ മര്‍ദനത്തെതുടര്‍ന്ന് രോഗം ബാധിച്ച് മരിച്ചു. തങ്ങള്‍ചെയ്ത കൊലപാതകങ്ങള്‍ക്കൊന്നിനും പൊലീസിന് കണക്കില്ലായിരുന്നു. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് തുര്‍ക്ക്മെന്‍ ഗേറ്റില്‍ 400 പേരെങ്കിലും വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഔദ്യോഗികകണക്കില്‍ ഇത് വെറും ആറുമാത്രമാണ്.

ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ വിധേയന്മാരല്ലാത്തവര്‍ക്ക് സ്ഥാനമില്ലായിരുന്നു. ഭരണസംവിധാനത്തെ നിയന്ത്രിച്ചത് ഭരണഘടനാബാഹ്യമായ ശക്തികളായിരുന്നല്ലോ. ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയിന്റെ തീട്ടൂരങ്ങളനുസരിക്കാന്‍ തയ്യാറല്ലാത്തതിനാലാണ് വാര്‍ത്താവിതരണമന്ത്രിയായിരുന്ന ഗുജ്റാള്‍ മന്ത്രിസഭയ്ക്കുപുറത്ത് പോയത്. വി സി ശുക്ല എന്ന വിധേയനായിരുന്നു ഗുജ്റാളിനുപകരമെത്തിയത്. ആകാശവാണിയിലെയും ഫീല്‍ഡ് പബ്ലിസിറ്റിവകുപ്പിലെയും ഉദ്യോഗസ്ഥരെക്കൊണ്ട് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക 14 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യിച്ചാണ് ശുക്ല പ്രതിബദ്ധത തെളിയിച്ചത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ അന്തകനായി ശുക്ല മാറി. പത്രവാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യപ്പെട്ടു. ഇന്ദിരാഗാന്ധിയെ യോഗ പഠിപ്പിക്കാനെത്തിയ ധീരേന്ദ്ര ബ്രഹ്മചാരിയായിരുന്നു മറ്റൊരു വിവാദനായകന്‍. ഇയാള്‍ ഇന്ദിരാഭരണകൂടത്തിന്റെ ചക്രം തിരിക്കുന്നവരിലൊരാളായി. അമേരിക്കയില്‍നിന്ന് കസ്റ്റംസ് നികുതി നല്‍കാതെ ഇയാള്‍ വിമാനം ഇറക്കുമതിചെയ്ത സംഭവം വിവാദമായി. ഈ ഇടപാടിനെപ്പറ്റി പിന്നീട് സിബിഐ അന്വേഷിച്ചു. യാത്രാരേഖകള്‍ പരിശോധിച്ചപ്പോള്‍ ഇന്ദിരയുടെ മക്കള്‍ സഞ്ജയും രാജീവുമായിരുന്നു ഈ വിമാനം സ്ഥിരമായി ഉപയോഗിച്ചിരുന്നതെന്ന് വെളിപ്പെട്ടു.

അടിയന്തരാവസ്ഥക്കാലത്തെ ജനദ്രോഹികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നുമാത്രമല്ല അവരെയെല്ലാം കോണ്‍ഗ്രസ് പില്‍ക്കാലത്ത് ഉയരങ്ങളിലെത്തിച്ചു. ചിലര്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുമായി. അന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറുടെ സെക്രട്ടറിമാത്രമായിരുന്നെങ്കിലും ദില്ലിയിലെ അറസ്റ്റുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും നേരിട്ട് നേതൃത്വം കൊടുത്തയാളാണ് നവീന്‍ ചാവ്ല. ഇദ്ദേഹം ജനാധിപത്യത്തിന്റെ ഇരിപ്പിടങ്ങളിലൊന്നായ തെരഞ്ഞെടുപ്പ് കമീഷന്റെ തലവനായത് ചരിത്രത്തിന്റെ വിരോധാഭാസം.
ഇന്ദിരാഗാന്ധിയുടെ വികസനസ്വപ്നങ്ങളെന്നപേരില്‍ ദില്ലിയിലെ ചേരികള്‍ മുഴുവന്‍ ഇടിച്ചുനിരത്തിയും രാജ്യം മുഴുവന്‍ വന്ധ്യംകരണ ശസ്ത്രക്രിയ സംഘടിപ്പിച്ചുമാണ് കോണ്‍ഗ്രസ് ഭരണകൂടം അതിന്റെ മനുഷ്യത്വവിരുദ്ധ മുഖം പ്രദര്‍ശിപ്പിച്ചത്. സഞ്ജയ് ഗാന്ധിയായിരുന്നു ഈ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ദില്ലിയില്‍ ഒന്നരലക്ഷം കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി. ചേരികള്‍ സംസ്ഥാനത്തിന്റെ മുഖം വൃത്തികേടാക്കുമെന്ന് പറഞ്ഞ് പാവങ്ങളുടെ കൂരകള്‍ക്കുമേല്‍ ബുള്‍ഡോസറുകള്‍ ഇടിച്ചുകയറ്റി. എതിര്‍ത്തവര്‍ക്കുനേരെ വെടിയുതിര്‍ത്തു. ഇന്ത്യയൊട്ടാകെ ഒരുവര്‍ഷംകൊണ്ട് 81 ലക്ഷം വന്ധ്യംകരണ ശസ്ത്രക്രിയകള്‍! ജയിലുകള്‍ തടവുകാരെക്കൊണ്ട് നിറഞ്ഞു. 1,83,369 പേരെമാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടായിരുന്ന ജയിലുകളില്‍ 2,20,146 പേരെ കുത്തിനിറച്ചു. ഇവരുടെ ഇടയിലേക്കാണ് കരുതല്‍ തടങ്കലെന്ന പേരില്‍ ഒരുലക്ഷത്തിലധികം പേരെക്കൂടി ഉള്‍ക്കൊള്ളിച്ചത്. ജയിലറകളില്‍ മനുഷ്യര്‍ ഊഴംവച്ച് ഉറങ്ങുന്ന സ്ഥിതി. ടോയ്ലറ്റ് സൗകര്യവും ശുദ്ധജലവും ലഭ്യമായിരുന്നില്ല.

ജനാധിപത്യത്തെയും പൗരസ്വാതന്ത്ര്യത്തെയും അല്‍പ്പമെങ്കിലും ബഹുമാനിക്കുന്ന സമീപനമായിരുന്നില്ല കോണ്‍ഗ്രസിന്റേത്. ഇത് 1975ല്‍ തുടങ്ങിയതല്ല. 1957ല്‍ കേരളത്തില്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിനെ പിരിച്ചുവിട്ടാണ് ജനാധിപത്യത്തിന്റെ ശിരസ്സില്‍ അധികാരപ്രമത്തതയുടെ കൂടംകൊണ്ട് കോണ്‍ഗ്രസ് ആദ്യം ആഞ്ഞടിച്ചത്. ഇത് പിന്നീട് കോണ്‍ഗ്രസിതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രയോഗിച്ചു. ഇതിന്റെ തുടര്‍ച്ചയായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍വന്ന ജനതാസര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമീഷനെ നിയോഗിച്ചു- സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജെ സി ഷായുടെ നേതൃത്വത്തില്‍. ഈ കമീഷന്‍ ഇന്ദിരാഗാന്ധിയുടെ അതിക്രമങ്ങളെയും അധികാരദുര്‍വിനിയോഗങ്ങളെയും അക്കമിട്ടുനിരത്തുന്ന റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. എന്നും ഇന്ദിരാഗാന്ധിയുടെ ഉറക്കംകെടുത്തിയിരുന്നു ഷാ കമീഷന്‍ റിപ്പോര്‍ട്ട്. 1980ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍ ഷാ കമീഷന്‍ റിപ്പോര്‍ട്ടിന്റെ എല്ലാ കോപ്പിയും തേടിപ്പിടിച്ച് അവര്‍ നശിപ്പിച്ചു. ഓസ്ട്രേലിയന്‍ നാഷണല്‍ ലൈബ്രറിയിലും ലണ്ടന്‍ സര്‍വകലാശാലയിലും റിപ്പോര്‍ട്ടിന്റെ ഓരോ കോപ്പികള്‍ അവശേഷിച്ചു. ഷാ കമീഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു പ്രതി മുന്‍ പാര്‍ലമെന്റ് അംഗവും ജയപ്രകാശ് നാരായണന്റെ അനുയായിയുമായിരുന്ന ഏറാ ചെഴിയാന്റെ കൈവശമുണ്ടായിരുന്നു.

രാജ്യത്തിന്റെ ഇരുണ്ട ഭൂതകാലം പുതിയ തലമുറയ്ക്ക് മനസ്സിലാകണമെന്ന ലക്ഷ്യത്തോടെ അദ്ദേഹമിത് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷാ കമീഷന്‍ റിപ്പോര്‍ട്ട് വീണ്ടും ജനങ്ങള്‍ക്ക് ലഭ്യമാകുന്നതോടെ കോണ്‍ഗ്രസിന്റെ ജനാധിപത്യ മുഖംമൂടി വീണ്ടും അഴിഞ്ഞുവീഴുകയാണ്. നാദാപുരത്തുനിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കക്കുഴിയില്‍ കണ്ണനെ പൊലീസ് പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. വടകര മേഖലയില്‍ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന മര്‍ദനമുറകളാണ് ഇപ്പോള്‍ പൊലീസ് നടപ്പാക്കുന്നത്. കാവടിയാട്ടം, ഗരുഡന്‍തൂക്കം, പേട്ടതുള്ളല്‍ തുടങ്ങിയ ഓമനപ്പേരുകളില്‍ ലോക്കപ്പുകളില്‍ സിപിഐ എം പ്രവര്‍ത്തകരെയും സാധാരണക്കാരെയും ഭേദ്യംചെയ്യുന്നു. കണ്ണൂരില്‍ ചോദ്യംചെയ്യലിന്റെ ഭാഗമായി യുവാവിന്റെ മലദ്വാരത്തില്‍ കമ്പികയറ്റുകയും അത് വായില്‍ തിരുകുകയും ചെയ്ത സംഭവം സാംസ്കാരികകേരളത്തെ ഞെട്ടിച്ചതാണ്. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന ജനാധിപത്യധ്വംസനവും മര്‍ദനമുറകളും അരങ്ങേറുന്നത് കോണ്‍ഗ്രസിന്റെ കാര്‍മികത്വത്തിലാണ്. നിയമവ്യവസ്ഥയെപ്പറ്റി ഇപ്പോള്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ ചെയ്തുകൂട്ടിയ, ചെയ്തുകൊണ്ടിരിക്കുന്ന പാതകങ്ങളുടെ കണക്കെടുത്താല്‍, അവര്‍ക്ക് ഇന്നാട്ടില്‍ ജീവിക്കാനുള്ള അര്‍ഹതതന്നെ ഇല്ലെന്ന് ബോധ്യപ്പെടും.

കോടിയേരി ബാലകൃഷ്ണന്‍ deshabhimani 260612

No comments:

Post a Comment