Wednesday, June 20, 2012

രാസവളം: 2 വര്‍ഷത്തിനിടെ വില കൂട്ടിയത് 11 തവണ


രാസവളത്തിന്റെ വിലനിയന്ത്രണാധികാരം കമ്പനികള്‍ക്ക് നല്‍കിയശേഷം 28 മാസത്തിനിടെ വില കൂട്ടിയത് 11 തവണ. മിക്കതിനും രണ്ടു മുതല്‍ നാലിരട്ടിയിലേറെയാണ് വില വര്‍ധിപ്പിച്ചത്. കോംപ്ലക്സ് വളമായ 10:26:26നാണ് വലിയ വര്‍ധന. 427 രൂപയില്‍നിന്ന് 800 ആയും പിന്നീട് 1,100 രൂപയായും കൂട്ടി. വര്‍ധനയിലെ പ്രതിഷേധം തടയിടാന്‍ ഓരോ ഇനത്തിനും ഒന്നുമുതല്‍ മൂന്നുമാസം ഇടവിട്ടാണ് 11 തവണയും വില കൂട്ടിയത്.

ഇഫ്കോ, എഫ്എസിടി, ഐപിഎല്‍ കമ്പനികളാണ് പ്രധാനമായും രാസവളം ഉല്‍പ്പാദിപ്പിക്കുന്നത്. തോന്നുമ്പോഴെല്ലാം ഏകപക്ഷീയമായി വില കൂട്ടുന്ന നടപടിക്ക് സര്‍ക്കാര്‍ എല്ലാ ഒത്താശയും നല്‍കുന്നു. കാര്‍ഷിക സീസണ്‍ തുടങ്ങുമ്പോഴാണ് കമ്പനികള്‍ വില വര്‍ധിപ്പിച്ച് കര്‍ഷകരെ ദ്രോഹിക്കുന്നത്. 2010 മാര്‍ച്ചിലാണ് രാസവള വില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കിയത്. ഫാക്ടംഫോസ് 50 കിലോ ചാക്കിന് 2010 മാര്‍ച്ചില്‍ 327.47 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 824 രൂപയായി. പൊട്ടാഷിന് 2010 ജൂണില്‍ 30 രൂപ കൂട്ടിയെങ്കില്‍ ജൂലൈയില്‍ ഫാക്ടംഫോസിന് 33 രൂപ കൂട്ടി. അതേവര്‍ഷം ഡിസംബറില്‍ 26 രൂപ വീണ്ടും വര്‍ധിപ്പിച്ചു. 2011 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഫാക്ടംഫോസിന്റെ വില പടിപടിയായി 489 രൂപയിലെത്തിച്ചു. പൊട്ടാഷിന് 2011 ജൂണില്‍ 57 രൂപയും അടുത്തമാസം ഫാക്ടംഫോസിന് 37 രൂപയും കൂട്ടി. പൊട്ടാഷ് വിലവര്‍ധന സെപ്തംബറിലായിരുന്നു. ഒറ്റയടിക്ക് ചാക്കൊന്നിന് 275 രൂപയാണ് വര്‍ധിപ്പിച്ചത്. അതോടെ ഫാക്ടംഫോസിന് 573രൂപയും പൊട്ടാഷിന് 588 രൂപയുമായി. ഒക്ടോബറില്‍ ഫാക്ടംഫോസിന് വീണ്ടും 100 രൂപ കൂട്ടി. ഡിഎപി എന്ന ഡൈ അമോണിയം ഫോസ്ഫേറ്റിന് ചാക്കൊന്നിന് 910 രൂപയില്‍നിന്ന് 1,200 ആയി വര്‍ധിപ്പിച്ചു. 2010 മാര്‍ച്ചില്‍ 427 രൂപയായിരുന്ന കോംപ്ലക്സ്വളമായ 10:26:26ന്റെ ഇപ്പോഴത്തെ വില 1,100 രൂപയാണ്.

യൂറിയയുടെ വിലനിയന്ത്രണാധികാരം മാത്രമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനുള്ളത്. ഇതിന്റെ വില നിയന്ത്രണവും കളയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ മഴ തുടങ്ങി കൃഷിയ്ക്ക് വളമിടേണ്ട സമയത്ത് വില കൂട്ടിയത് കര്‍ഷകരെ ദോഷമായി ബാധിക്കും.
(വേണു കെ ആലത്തൂര്‍)

deshabhimani 220612

1 comment:

  1. രാസവളത്തിന്റെ വിലനിയന്ത്രണാധികാരം കമ്പനികള്‍ക്ക് നല്‍കിയശേഷം 28 മാസത്തിനിടെ വില കൂട്ടിയത് 11 തവണ. മിക്കതിനും രണ്ടു മുതല്‍ നാലിരട്ടിയിലേറെയാണ് വില വര്‍ധിപ്പിച്ചത്. കോംപ്ലക്സ് വളമായ 10:26:26നാണ് വലിയ വര്‍ധന. 427 രൂപയില്‍നിന്ന് 800 ആയും പിന്നീട് 1,100 രൂപയായും കൂട്ടി. വര്‍ധനയിലെ പ്രതിഷേധം തടയിടാന്‍ ഓരോ ഇനത്തിനും ഒന്നുമുതല്‍ മൂന്നുമാസം ഇടവിട്ടാണ് 11 തവണയും വില കൂട്ടിയത്.

    ReplyDelete