Wednesday, June 27, 2012

മത്സ്യത്തൊഴിലാളിക്ഷേമ ബോര്‍ഡ് പ്രതിസന്ധിയില്‍


സമുദ്രോല്‍പ്പന്ന കയറ്റുമതിക്കാര്‍ വിഹിതം നല്‍കാത്തതിനാല്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം അവതാളത്തിലായി. സുപ്രീംകോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ തുടരുന്ന അലംഭാവമാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ഇതിനാല്‍ മത്സ്യത്തൊഴിലാളി പെന്‍ഷന്‍ ഒഴികെ മറ്റ് ആനുകൂല്യങ്ങള്‍ സമയത്ത് വിതരണംചെയ്യാന്‍ ബോര്‍ഡിനു കഴിയുന്നില്ല. വാര്‍ഷിക വിറ്റുവരവിന്റെ ഒരു ശതമാനമാണ് കയറ്റുമതിക്കാര്‍ സെസ് അടയ്ക്കേണ്ടത്. 2006 ഫെബ്രുവരിമുതലുള്ള കുടിശ്ശിക 100 കോടിയോളം രൂപയാണ്. ഇതുവരെ 15 ലക്ഷത്തോളം രൂപമാത്രമാണ് ലഭിച്ചത്. ഈ തുകപോലും ഫിഷറീസ് വകുപ്പ് ബോര്‍ഡിന് നല്‍കിയിട്ടില്ല.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സെസ് പിരിക്കാന്‍ നിശ്ചയിച്ചത്. കയറ്റുമതിക്കാര്‍ കേസിനു പോയതിനാല്‍ യഥാസമയം തുക പിരിക്കാനായില്ല. ആറുമാസംമുമ്പുണ്ടായ സുപ്രീംകോടതി വിധിയില്‍ കുടിശ്ശികയുടെ 25 ശതമാനം ഉടന്‍ ഒടുക്കി ഹൈക്കോടതിയെ സമീപിക്കാന്‍ കയറ്റുമതിക്കാരോട് നിര്‍ദേശിച്ചു. ഉത്തരവു വന്നിട്ടും പണം ഈടാക്കാതെ കയറ്റുമതിക്കാരെ സഹായിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. പണമൊടുക്കണമെന്നാവശ്യപ്പെട്ട് ചില ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ കയറ്റുമതിസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതില്‍ നടപടി ഒതുങ്ങി. വിരലിലെണ്ണാവുന്നവരാണ് മറുപടി നല്‍കാന്‍പോലും തയ്യാറായത്. എറണാകുളം ജില്ലയില്‍ നാല്‍പ്പതോളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും മൂന്നെണ്ണമേ മറുപടി നല്‍കിയുള്ളു. തങ്ങള്‍ സെസിന്റെ പരിധിയില്‍ വരുന്നില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് കൈക്കൊള്ളേണ്ട നടപടിയുടെ കാര്യത്തിലും അധികൃതര്‍ അമാന്തംകാട്ടി. സെസ് ഒടുക്കാന്‍ സ്ഥാപനങ്ങള്‍ വിമുഖത കാട്ടിയാല്‍ ഇവരുടെ വിറ്റുവരവ് കണക്കാക്കി തുക നിശ്ചയിക്കാനും പണം ഈടാക്കാനുമാകും. പക്ഷേ, സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടണം.

ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള വിധവാസഹായം, മരണാനന്തര സഹായം, വിവാഹസഹായം, ചികിത്സാസഹായം തുടങ്ങിയ പദ്ധതികള്‍ മുടങ്ങി. പെന്‍ഷന്‍ കഴിഞ്ഞ മാര്‍ച്ചുവരെയുള്ളതുമാത്രമാണ് നല്‍കിയത്. എല്‍ഡിഎഫ് ഭരണകാലത്ത് മറ്റ് സഹായപദ്ധതികള്‍ക്കുള്ള തുകയും സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍, ഈ തുക ബോര്‍ഡ് സ്വയം കണ്ടെത്തണമെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. കയറ്റുമതിക്കാരുടെ തുക കിട്ടാതെ ബോര്‍ഡിന് ഒന്നും ചെയ്യാനാകില്ല. ബോട്ടുടമകളുടെ വിഹിതം നാലുകോടിയോളം രൂപ കുടിശ്ശികയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ധാരണയായി. വള്ളങ്ങളില്‍നിന്നുള്ള കുടിശ്ശിക പിരിക്കുന്നതു സംബന്ധിച്ച് വ്യാഴാഴ്ച മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരും. എന്നിട്ടും ഈ മേഖലയിലെ വന്‍കിടക്കാരായ കയറ്റുമതിക്കാരില്‍നിന്നുള്ള സെസ് ഈടാക്കാന്‍ നടപടിയൊന്നും ഉണ്ടാകുന്നില്ല.
(ഷഫീഖ് അമരാവതി)

deshabhimani 270612

No comments:

Post a Comment