Monday, June 25, 2012

കുഞ്ഞനന്തന്റെ ഹാജരാകലും മാധ്യമക്കോടതി വിവാദമാക്കി


മൊഴിയെടുത്തത് മര്‍ദ്ദിച്ചെന്ന് ടികെ രജീഷ്

വടകര: ഒരു കൊലപാതകത്തിലും ഇതുവരെ പങ്കെടുത്തിട്ടില്ലെന്നും മാധ്യമങ്ങളില്‍ മൊഴിയെന്ന പേരില്‍ വരുന്നത് മുഴുവന്‍ സത്യവിരുദ്ധമാണെന്നും ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ടികെ രജീഷ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെടി ജയകൃഷ്ണന്റേതുള്‍പ്പെടെ ഏതെങ്കിലും കൊലപാതകത്തിലോ അക്രമപ്രവര്‍ത്തനത്തിലോ പങ്കെടുത്തിട്ടില്ല. കേരളത്തില്‍ നടന്ന ഒരു കൊലപാതകത്തെക്കുറിച്ചും തനിക്ക് യാതൊരു അറിവുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പാട്യം പുതിയതെരു സ്വദേശിയായ കാരായിവീട്ടില്‍ ടി കെ രജീഷിനെ മഹാരാഷ്ട്രയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി കസ്റ്റഡിയില്‍വെച്ച് ഒരാഴ്ച അതിക്രൂരമായി പീഡിപ്പിച്ചു. നേരിട്ടറിവില്ലാത്ത കാര്യങ്ങളും വ്യക്തികളെക്കുറിച്ചും ചിലകൊലപാതകങ്ങളെ സംബന്ധിച്ചും പറയിക്കാനായിരുന്നു കൊടുംപീഡനം.

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ജയിലില്‍ തിരിച്ചെത്തിയ ശേഷം ബന്ധുക്കള്‍ കാണാനെത്തിയപ്പോഴാണ് പറയാത്തതായ പലകാര്യങ്ങളും മൊഴിയെന്ന പേരില്‍ മാധ്യമങ്ങളില്‍ വന്നതായി മനസിലാക്കിയത്. പിന്നീട് സത്യവാങ്മൂലം തയാറാക്കി ജയില്‍സുപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ട് ബന്ധുക്കളെ ഏല്‍പിക്കുകയായിരുന്നു. അഭിഭാഷകന്‍ മുഖേന തിങ്കളാഴ്ചരാവിലെയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. "ഞാനിന്നുവരെ ഒരു കൊലപാതകത്തിലും അക്രമപ്രവര്‍ത്തനങ്ങളിലും നേരിട്ടോ അല്ലാതെയോ പങ്കെടുത്തിട്ടില്ല. കേരളത്തില്‍ നടന്ന ഒരു കൊലപാതകത്തെക്കുറിച്ചും എനിക്ക് യാതൊരു അറിവുമില്ല. കണ്ണൂര്‍ ജില്ലയിലുള്ളതോ കേരളത്തിലുള്ളതോ ആയ ഒരു രാഷ്ട്രീയപാര്‍ടിയുമായും എനിക്ക് ബന്ധമില്ല. രാഷ്ട്രീയപാര്‍ടിയുടെ നേതാക്കളുമായി ഇന്നുവരെ പരിചയമോ സൗഹൃദമോ ഇല്ല. ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായും ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ എനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് ഞാന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും പത്രങ്ങള്‍ വഴി പൊലീസ് പ്രചരിപ്പിക്കുന്നത് കളവാണ്. രാഷ്ട്രീയപാര്‍ടികളുടെ നേതാക്കന്മാരും പ്രവര്‍ത്തകരും പല അക്രമസംഭവങ്ങളിലും ഉള്‍പ്പെട്ടതായി ഞാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടില്ല.പൊലീസിന്റെ കടുത്ത മര്‍ദനം സഹിക്കാന്‍ കഴിയാത്ത അവസരത്തില്‍ അവരുടെ ഭീഷണിയും പ്രലോഭനവും മൂലം എനിക്ക് നേരിട്ടറിവില്ലാത്ത കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞുതന്നത് പ്രകാരം പറയാന്‍ നിര്‍ബന്ധിതനായിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും പറഞ്ഞതായി ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗിച്ച് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആയത് എന്നെ കസ്റ്റഡിയില്‍വെച്ച് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ശാരീരികവും മാനസികവുമായി ഉപദ്രവിച്ചുമാണെന്നും" സത്യവാങ്മൂലത്തില്‍ പറയുന്നു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പെടെയുള്ള കൊലപാതക കേസിലും ഒരു പങ്കുമില്ലെന്നും നിരപരാധിയാണെന്നും ടി കെ രജീഷ് ബോധിപ്പിച്ചു. അറിയാത്തതും ചെയ്യാത്തതും പറയാത്തതുമായ കാര്യങ്ങള്‍ പറഞ്ഞതായി കൃത്രിമരേഖയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അഡ്വ. കെ അജിത്ത്കുമാര്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണസംഘവും മാധ്യമങ്ങളും ചേര്‍ന്ന് പടച്ചുവിടുന്ന തിരക്കഥയുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ് ഈ മൊഴി. ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും സൃഷ്ടിക്കുന്ന കുറ്റസമ്മതമൊഴിയുടെ പേരില്‍ പൊലീസും മാധ്യമങ്ങളും നടത്തിവരുന്ന കോലാഹലങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് ഇതോടെ വ്യക്തമായി. തിരുവഞ്ചൂര്‍രാധാകൃഷ്ണനും മുല്ലപ്പള്ളിരാമചന്ദ്രനും തയാറാക്കിയ തിരക്കഥയിലാണ് അന്വേഷണവും മൊഴിയെടുക്കലുമെന്ന് അടിവരയിടുന്നതാണ് രജീഷിന്റെ അത്യന്തം ഗൗരവതരമായ വെളിപ്പെടുത്തല്‍.

ഭേദ്യംചെയ്തു തയ്യാറാക്കുന്ന മൊഴി നിലനില്‍ക്കില്ല

തലശേരി: പൊലീസ് മര്‍ദനത്തെതുടര്‍ന്ന് പ്രതി നല്‍കുന്ന കുറ്റസമ്മതമൊഴി കോടതിയില്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍. കൃത്യത്തിനു സഹായകമായ മുതലുകളോ വസ്തുതകളോ കണ്ടെത്തിയാലേ കുറ്റസമ്മതമൊഴിക്ക് സാധുതയുള്ളൂ. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഭേദ്യംചെയ്തും ഭീഷണിപ്പെടുത്തിയും തയ്യാറാക്കുന്ന മൊഴി, രാഷ്ട്രീയപ്രതിയോഗികളെ വേട്ടയാടാന്‍ പൊലീസിനെ ഉപയോഗിക്കുന്ന സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപ്രകാരമുള്ള മൊഴിയുടെ പേരില്‍ ആരെയും ചോദ്യംചെയ്യുകയും പ്രതിയാക്കുകയും ചെയ്യാം. തെളിവ് നിയമത്തിലെ 25, 26 വകുപ്പു പ്രകാരം നല്‍കുന്ന കുറ്റസമ്മതമൊഴി ചില ഘട്ടത്തില്‍ പ്രതിക്കെതിരെ തെളിവായി മാറാമെന്നും നിയമവിദഗ്ധര്‍ പറയുന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ കൃത്യത്തിനു സഹായകമായ ആയുധമോ മറ്റെന്തെങ്കിലുമോ കണ്ടെത്തിയാലേ തെളിവായി സ്വീകരിക്കൂവെന്ന് അഡ്വ. വിനോദ്കുമാര്‍ ചമ്പളോന്‍ പറഞ്ഞു. തെളിവ് നിയമത്തില്‍ കുറ്റസമ്മതമൊഴി സാധാരണഗതിയില്‍ സ്വീകാര്യമല്ല. കൂട്ടുപ്രതികളുടെ മൊഴിയുടെ സ്ഥിതിയും ഇതുതന്നെ. മറ്റു തെളിവുകള്‍ അപൂര്‍വമാകുന്ന സന്ദര്‍ഭങ്ങളിലേ ഇതൊക്കെ പരിഗണിക്കപ്പെടാറുള്ളൂവെന്നും വിനോദ്കുമാര്‍ പറഞ്ഞു.

നേരിട്ട് അറിയാത്ത കാര്യങ്ങള്‍ പറയാതിരിക്കാന്‍ കസ്റ്റഡിയിലെടുക്കുന്ന ഓരോ വ്യക്തിക്കും നിയമപരമായി അവകാശമുണ്ടെന്ന് അഡ്വ. അജിത്ത്കുമാര്‍ പറഞ്ഞു. ക്രിമിനല്‍ നടപടിക്രമം 164 വകുപ്പുപ്രകാരം മജിസ്ട്രേട്ടിനു മുമ്പില്‍ നല്‍കുന്ന കുറ്റസമ്മതമൊഴിയേ പ്രതിക്കെതിരെ നിയമപരമായി നിലനില്‍ക്കൂവെന്ന് അഡ്വ. എന്‍ ആര്‍ ഷാനവാസ് പറഞ്ഞു. ഭരണഘടനയുടെ ഇരുപതാം അനുഛേദപ്രകാരം പൊലീസ് ചോദ്യംചെയ്യുമ്പോള്‍ നിശ്ശബ്ദമായിരിക്കാനടക്കം പ്രതിക്ക് അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ ഭീകരമായി മര്‍ദിച്ചാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് മൊഴിയെടുക്കുന്നതെന്ന് ഇതിനകം പുറത്തുവന്നിട്ടുണ്ട്.

കുഞ്ഞനന്തന്റെ ഹാജരാകലും മാധ്യമക്കോടതി വിവാദമാക്കി

തലശേരി: ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിക്കേണ്ടവരെ സര്‍ക്കാരും മാധ്യമക്കോടതിയും കല്‍പ്പിക്കും. നിരപരാധികളെ വേട്ടയാടുന്ന ചുമതല പൊലീസ് ഭംഗിയായി നടപ്പാക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രനും തയ്യാറാക്കിയ തിരക്കഥപ്രകാരം രാഷ്ട്രീയപ്രതിയോഗികളെ വേട്ടയാടുന്ന പൊലീസിന് എല്ലാ ഒത്താശയും വലതുപക്ഷമാധ്യമങ്ങളുടേത്. തലശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോഴാണ് സിപിഐ എം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍ വടകര കോടതിയില്‍ നേരിട്ട് ഹാജരായത്. നിയമസംവിധാനത്തെ ബഹുമാനിക്കുന്ന പൗരന്‍ ചെയ്യുന്ന കാര്യം. അതേ കുഞ്ഞനന്തനും ചെയ്തുള്ളൂ. നിറംപിടിപ്പിച്ച നുണകളിലൂടെ ഇതും വിവാദമാക്കി മാധ്യമങ്ങള്‍ കൊഴുപ്പിച്ചു.

സിപിഐ എം ബന്ധം സ്ഥാപിച്ചേ അടങ്ങൂവെന്ന വാശിയില്‍ നുണക്കഥകളും വ്യാജമൊഴികളും ആയുധമാക്കിയാണ് പൊലീസ് നീക്കം. കസ്റ്റഡിയില്‍ ഭേദ്യംചെയ്ത് തയാറാക്കുന്ന മൊഴി മാത്രം ആസ്പദമാക്കി കെട്ടിപ്പൊക്കിയ കേസ് ഉപയോഗിച്ച് സിപിഐ എമ്മിനെ വേട്ടയാടാനാണ് പരീക്ഷണം. നിരപരാധികളെ പ്രതികളാക്കിയും കൊടുംകുറ്റവാളികളാക്കിയും ചിത്രീകരിച്ച് വേട്ടയാടുന്നതില്‍ മാധ്യമങ്ങളുടെ അമിതതാല്‍പര്യവും സംശയാസ്പദം. കൊലപാതകത്തിന്റെ ആദ്യമണിക്കൂറില്‍ തുടങ്ങിയ നുണക്കഥകളുടെ തുടര്‍ച്ചയാണ് ഇപ്പോഴും. കൊലയാളിസംഘത്തിന് വാഹനം നല്‍കിയ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ബന്ധു നവീന്‍ദാസിനെ സിപിഐ എം അനുഭാവിയാക്കി ചിത്രീകരിച്ച പത്രങ്ങളില്‍നിന്ന് നിഷ്പക്ഷ നിലപാട് ആരും പ്രതീക്ഷിക്കുന്നില്ല. സിപിഐ എം ബന്ധം സ്ഥാപിക്കാനുള്ള തെളിവ് തേടുന്ന മാധ്യമങ്ങള്‍ക്കും പൊലീസിനും അതല്ല ആവശ്യം. പരല്‍മീനുകളെയല്ല, വന്‍സ്രാവുകളെയാണ് ആവശ്യമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ പ്രഖ്യാപിച്ചതും ചേര്‍ത്തുവായിച്ചാലേ കേസ് ഏത് വഴിക്ക് കൊണ്ടുപോകാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വ്യക്തമാവൂ.

നിയമവിധേയ മാര്‍ഗത്തില്‍ കോടതിയില്‍ ഹാജരാകുന്നതും കുറ്റകൃത്യമായാണ് ചിത്രീകരിക്കുന്നത്. ചന്ദ്രശേഖരന്‍ കേസില്‍ പ്രതിയാണെന്ന് മാധ്യമങ്ങളിലൂടെയാണ് കുഞ്ഞനന്തന്‍ അറിയുന്നത്. ഹാജരാകുന്ന ദിവസംവരെ നേരിട്ട് നോട്ടീസ് കൊടുക്കുകയോ ഉത്തരവാദപ്പെട്ടവര്‍ മുഖേന ഏല്‍പിക്കുകയോ ചെയ്തില്ല. തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയപ്പോള്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് 23ാം പ്രതിയാണെന്ന് മനസിലാക്കുന്നത്. പൊലീസ് കസ്റ്റഡിയിലെ ഭീകരമര്‍ദനത്തെക്കുറിച്ച് മനസിലാക്കിയ കുഞ്ഞനന്തന്‍ കോടതിയില്‍ നേരിട്ട് ഹാജരായി. കേസില്‍ നിരപരാധിയെന്ന് ബോധിപ്പിച്ചു. ഇതാണ് വന്‍ അപരാധമായി ചിത്രീകരിക്കുന്നത്.

കള്ളക്കേസില്‍ കുടുക്കിയത് ജനകീയനേതാവിനെ

പാനൂര്‍: വ്യാജമൊഴിയില്‍ കെട്ടിപ്പൊക്കിയ തിരക്കഥയില്‍ നീങ്ങുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരു നിരപരാധിയെകൂടി പ്രതിചേര്‍ത്തു. സിപിഐ എം വേട്ടയുടെ ഭാഗമായി പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി കെ കുഞ്ഞനന്തനെയാണ് പ്രത്യേക അന്വേഷണസംഘം കള്ളക്കേസില്‍ കുടുക്കിയത്. രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് തല്ലിച്ചതച്ച് തയ്യാറാക്കുന്ന വ്യാജമൊഴിയുടെ പേരിലാണ് കുഞ്ഞനന്തന്‍ ഉള്‍പ്പെടെ പലരെയും പ്രതികളാക്കിയത്. കേസിനു സിപിഐ എം ബന്ധം സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ ഏതറ്റം വരെയും പോകുമെന്ന് പൊലീസ് വീണ്ടും തെളിയിച്ചു.

പതിറ്റാണ്ടുകള്‍ നീണ്ട ത്യാഗപൂര്‍ണമായ പൊതുപ്രവര്‍ത്തനത്തിലൂടെ ജനമനസില്‍ ഇടംനേടിയ നേതാവാണ് പി കെ കുഞ്ഞനന്തന്‍. പാനൂര്‍ മേഖലയിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനം വളര്‍ത്തിയെടുക്കാന്‍ ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച നേതാക്കളിലൊരാള്‍. അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനില്‍പ്പിലൂടെയാണ് സിപിഐ എമ്മിന്റെ പ്രധാനപ്രവര്‍ത്തകനായി മാറിയത്. കുന്നോത്ത്പറമ്പ് ലോക്കല്‍ സെക്രട്ടറിയായി ഒരു വ്യാഴവട്ടത്തിലേറെ പ്രവര്‍ത്തിച്ചു. പാനൂര്‍ ഏരിയാകമ്മിറ്റി രൂപീകരണം മുതല്‍ അംഗം. കര്‍ഷകത്തൊഴിലാളിയൂണിയന്‍ ബ്ലോക്ക് പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നിലവില്‍ സിഐടിയു ഏരിയാകമ്മിറ്റി അംഗവും വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്.

പി ആര്‍ കുറുപ്പിന്റെ മാടമ്പിവാഴ്ച ചെറുത്ത് പാര്‍ടിയെ നയിച്ചു. മുമ്പും കള്ളക്കേസുകളില്‍ കുടുക്കിയിട്ടുണ്ട്. കൃഷിമന്ത്രി കെ പി മോഹനനെ ആക്രമിച്ചെന്നതടക്കമുള്ള കേസുകള്‍ ഇതില്‍പ്പെടും. ആര്‍എസ്എസ് ആക്രമണങ്ങളില്‍നിന്ന് പ്രസ്ഥാനത്തെ സംരക്ഷിക്കാനും മുന്നില്‍ നിന്നു. പാനൂര്‍ മേഖലയില്‍ വലുപ്പച്ചെറുപ്പമില്ലാതെ ഏവരോടും ഹൃദയബന്ധം സ്ഥാപിച്ച കുഞ്ഞനന്തന് എപ്പോഴും ഏതുവീട്ടിലും ചെല്ലാവുന്ന അടുപ്പമുണ്ട്. വര്‍ഗീയ ചേരിതിരിവുണ്ടാകുംവിധമുള്ള പ്രശ്നങ്ങളുണ്ടായ ഘട്ടങ്ങളിലെല്ലാം സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹം രംഗത്തിറങ്ങിയ നിരവധി സന്ദര്‍ഭങ്ങള്‍ നാട്ടുകാരുടെ മനസിലുണ്ട്. നാടിനുവേണ്ടി ജീവിച്ച പൊതുപ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കുമ്പോള്‍ ഉയരുന്നത് എങ്ങും പ്രതിഷേധം.

deshabhimani 250612

2 comments:

  1. ഒരു കൊലപാതകത്തിലും ഇതുവരെ പങ്കെടുത്തിട്ടില്ലെന്നും മാധ്യമങ്ങളില്‍ മൊഴിയെന്ന പേരില്‍ വരുന്നത് മുഴുവന്‍ സത്യവിരുദ്ധമാണെന്നും ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ടികെ രജീഷ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെടി ജയകൃഷ്ണന്റേതുള്‍പ്പെടെ ഏതെങ്കിലും കൊലപാതകത്തിലോ അക്രമപ്രവര്‍ത്തനത്തിലോ പങ്കെടുത്തിട്ടില്ല. കേരളത്തില്‍ നടന്ന ഒരു കൊലപാതകത്തെക്കുറിച്ചും തനിക്ക് യാതൊരു അറിവുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പാട്യം പുതിയതെരു സ്വദേശിയായ കാരായിവീട്ടില്‍ ടി കെ രജീഷിനെ മഹാരാഷ്ട്രയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി കസ്റ്റഡിയില്‍വെച്ച് ഒരാഴ്ച അതിക്രൂരമായി പീഡിപ്പിച്ചു. നേരിട്ടറിവില്ലാത്ത കാര്യങ്ങളും വ്യക്തികളെക്കുറിച്ചും ചിലകൊലപാതകങ്ങളെ സംബന്ധിച്ചും പറയിക്കാനായിരുന്നു കൊടുംപീഡനം.

    ReplyDelete
  2. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് സരിന്‍ശശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ സി ഐ പി കെ ധനഞ്ജയബാബുവും സംഘവുമാണ് ഞായറാഴ്ച വൈകിട്ട് നാലരയോടെ വെള്ളൂരിലെ വീട്ടില്‍നിന്ന് സരിന്‍ശശിയെ അന്യായമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന വടകരയിലെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. അടിയന്തരാവസ്ഥയെപോലും നാണിപ്പിക്കുംവിധം വിദ്യാര്‍ഥി സംഘടനാ നേതാക്കളെ വീടുകളില്‍ ചെന്ന് അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് സിപിഐ എം ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്‍ ആവശ്യപ്പെട്ടു. സരിന്‍ശശിയെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്നും മധുസൂദനന്‍ പറഞ്ഞു.

    ReplyDelete