Monday, June 25, 2012
അരീക്കോട് ഇരട്ടക്കൊല: ബഷീര്‍ എംഎല്‍എയെ ചോദ്യംചെയ്തു
അരീക്കോട് ഇരട്ടക്കൊലപാതക കേസില്‍ മുസ്ലീംലീഗ് നേതാവ് പി കെ ബഷീര്‍ എംഎല്‍എയെ അന്വേഷണസംഘം ചോദ്യംചെയ്തു. മലപ്പുറം ഗസ്റ്റ്ഹൗസില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണസംഘത്തലവന്‍ തൃശൂര്‍ മേഖലാ ഐജി എസ് ഗോപിനാഥിന്റെ നേതൃത്വത്തില്‍ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തത്. ഞായറാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ 12.30 വരെ നീണ്ടു. ദൃക്സാക്ഷിയായ കൊളക്കാടന്‍ നജീബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എഫ്ഐആര്‍ പ്രകാരം കേസില്‍ ആറാം പ്രതിയാണ് ബഷീര്‍. ദൃക്സാക്ഷിയുടെയും കേസില്‍ അറസ്റ്റിലായവരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യംചെയ്യല്‍. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കില്ലെന്ന് ബഷീര്‍ മൊഴിനല്‍കിയതായാണ് വിവരം.
കുനിയില്‍ അങ്ങാടിയില്‍ നടന്ന പ്രസംഗം പ്രകോപനപരമായത് ബോധപൂര്‍വമല്ല. അത് തന്റെ ശൈലിയാണെന്നും ബഷീര്‍ മൊഴി നല്‍കി. ചിരിച്ചുകൊണ്ടാണ് ബഷീര്‍ മറുപടി പറഞ്ഞുതുടങ്ങിയത്. ഒന്നുരണ്ടു ചോദ്യങ്ങളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചെത്തിയ എംഎല്‍എയ്ക്കു മുമ്പില്‍ ചോദ്യാവലി നിരത്തിയതോടെ പലതിനും ഉത്തരം മുട്ടി. പല ചോദ്യങ്ങള്‍ക്കും വികാരാധീനായി മറുപടി പറഞ്ഞ ബഷീര്‍ കൊലവിളി പ്രസംഗത്തില്‍ തെറ്റുപറ്റിയതായും സമ്മതിച്ചു. മൊഴി വിശദമായി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ ബഷീറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഐജി ഗോപിനാഥ് "ദേശാഭിമാനി"യോട് പറഞ്ഞു. അറസ്റ്റിലായവരുടെ മൊഴികളും ബഷീറിന്റെ മൊഴികളും ഒത്തുനോക്കിയശേഷം പൊരുത്തക്കേടുണ്ടെങ്കില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടിവരും. എംഎല്‍എയുടെ ഫോണ്‍ കോളുകള്‍ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും ഐജി പറഞ്ഞു.
ഒന്നാം പ്രതിയും ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറിയുമായ പൊറ്റമ്മല്‍ മണ്ണില്‍ത്തൊടി അഹമ്മദ്കുട്ടിയെ സംഘം വീണ്ടും ചോദ്യംചെയ്തു. കഴിഞ്ഞ ദിവസം അരീക്കോട് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ഇയാളെ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായവരുടെ മൊഴിയനുസരിച്ച് ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. തുടര്‍ന്നാണ് ഐജിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചോദ്യംചെയ്തത്. അന്വേഷണ സംഘാംഗങ്ങളായ മലപ്പുറം പൊലീസ് ചീഫ് കെ സേതുരാമന്‍, ഡിവൈഎസ്പിമാരായ എം പി മോഹനചന്ദ്രന്‍, എസ് അഭിലാഷ്, എ എസ് രാജു എന്നിവരും ചോദ്യംചെയ്യലില്‍ പങ്കെടുത്തു. എഫ്ഐആറില്‍ അഞ്ചാം പ്രതിയായ എന്‍ കെ അഷ്റഫിനെ അടുത്തദിവസം ചോദ്യംചെയ്യും. ഇയാള്‍ കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും ലീഗ് തിരുവമ്പാടി മണ്ഡലം സെക്രട്ടറിയുമാണ്. ജൂണ്‍ പത്തിന് രാത്രിയാണ് കുനിയില്‍ അങ്ങാടിയില്‍ സഹോദരങ്ങളായ കൊളക്കാടന്‍ അബൂബക്കറും ആസാദും കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായ 16 മുസ്ലിംലീഗുകാരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. പിടികൂടാനുള്ള മൂന്നുപേരില്‍ ഒരാളായ ആലുങ്ങല്‍ നവാസ് ഷെരീഫിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയതായാണ് വിവരം. ഗൂഢാലോചനയില്‍ പങ്കാളികളായ നടുപ്പാട്ടില്‍ കുറുവങ്ങാടന്‍ മുജീബ് (32), കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ് സഫൂര്‍ (35) എന്നിവരെ നാട്ടിലെത്തിക്കാനായിട്ടില്ല. കൊലപാതകത്തിന് മുമ്പ് വിദേശത്തേക്ക് കടന്ന ഇരുവരും ആസൂത്രണത്തിലെ മുഖ്യപങ്കാളികളാണ്.
deshabhimani 250612
Labels:
മുസ്ലീം ലീഗ്
Subscribe to:
Post Comments (Atom)
No comments:
Post a Comment