കേന്ദ്ര മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള സിബിഎസ്ഇ സ്കൂളുകളുടെ 10-ാം ക്ലാസ് പരീക്ഷാ നടത്തിപ്പുമൂലം സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി പ്രതിസന്ധിയില്‍. സ്കൂള്‍ മാനേജ്മെന്റുകള്‍ വാരിക്കോരി നല്‍കിയ മാര്‍ക്കുമായി സിബിഎസ്ഇ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനെത്തിയതാണ് പ്രതിസന്ധിക്കു കാരണം. കേരള സിലബസില്‍ 10-ാം ക്ലാസ് ജയിച്ച് പ്ലസ്വണ്ണിന് പ്രവേശനം തേടുന്ന വിദ്യാര്‍ഥികളാണ് ഇതുമൂലം വലയുന്നത്.
സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞവര്‍ഷംമുതല്‍ ഓപ്ഷണലാക്കിയിരുന്നു. സിബിഎസ്ഇ ബോര്‍ഡിന്റെയും സ്കൂള്‍ മാനേജ്മെന്റുകളുടെയും പരീക്ഷകളില്‍ ഇഷ്ടമുള്ളത് വിദ്യാര്‍ഥിക്ക് തെരഞ്ഞെടുക്കാം. മാനേജ്മെന്റിന്റെ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് അതേ സിലബസില്‍ പ്ലസ്വണ്‍ പ്രവേശനം നല്‍കണം. മറ്റ് സിലബസിലേക്കു പോകാന്‍ ആഗ്രഹിക്കുന്നവര്‍ സിബിഎസ്ഇ ബോര്‍ഡിന്റെ പരീക്ഷ എഴുതണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പല സിബിഎസ്ഇ മാനേജ്മെന്റുകളുംഈ നിര്‍ദേശം പാലിച്ചില്ല. സ്കൂളുകളുടെ 10-ാം ക്ലാസ് ഫലം പെരുപ്പിച്ചുകാട്ടാന്‍ അര്‍ഹരല്ലാത്ത വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് വാരിക്കോരി നല്‍കി. ഈ വിദ്യാര്‍ഥികള്‍ കേരള സിലബസില്‍ പ്ലസ്വണ്ണിന് അപേക്ഷിച്ചതാണ് പ്രശ്നം. ഉയര്‍ന്ന മാര്‍ക്കുള്ളതിനാല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റില്‍ ഇവര്‍ ഉയര്‍ന്ന സ്ഥാനം നേടും. കേരള സിലബസില്‍ 10-ാം ക്ലാസ് പാസായവര്‍ മാര്‍ക്കിന്റെ കാര്യത്തില്‍ ഇവരോട് മത്സരിക്കാനാകാതെ പിന്തള്ളപ്പെടുന്നു.
സിബിഎസ്ഇ 10-ാം ക്ലാസ് ഓപ്ഷണലാക്കിയപ്പോള്‍ അതനുസരിച്ചുള്ള ക്രമീകരണം ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടിയില്‍ വരുത്തിയില്ല. അഞ്ച് പേപ്പര്‍ മാത്രം പരീക്ഷ എഴുതി വരുന്ന സിബിഎസ്ഇക്കാരെയും 10 പേപ്പര്‍ എഴുതിവരുന്ന കേരള സിലബസുകാരെയും ഒരുപോലെ പരിഗണിച്ചാണ് അലോട്ട്മെന്റ് ലിസ്റ്റ് തയ്യാറാക്കിയത്. സിബിഎസ്ഇ ഗ്രേഡിങ്ങില്‍ എ വണ്‍ എന്ന ഗ്രേഡ്കൂടിയുള്ളതും പരിഗണിച്ചില്ല. ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ സ്വാഭാവികമായും കേരള സിലബസുകാര്‍ ലിസ്റ്റില്‍ പിന്നിലായി. വ്യാപക പരാതി ഉയര്‍ന്നപ്പോള്‍, പഠിച്ച സ്കൂളില്‍ത്തന്നെ പ്രവേശനം ആവശ്യപ്പെട്ടവര്‍, സ്വന്തം ജില്ലയില്‍ത്തന്നെ അപേക്ഷിച്ചവര്‍ തുടങ്ങിയവര്‍ക്ക് ബോണസ് പോയിന്റ് നല്‍കി പ്രവേശനലിസ്റ്റ് വീണ്ടും തയ്യാറാക്കി. ആദ്യ ലിസ്റ്റില്‍ പത്തിനു മുകളില്‍ റാങ്കുണ്ടായിരുന്ന സിബിഎസ്ഇ വിദ്യാര്‍ഥികള്‍ പലരും ഈ ലിസ്റ്റില്‍ താഴെയായി. പെട്ടെന്നുണ്ടാക്കിയ ക്രമീകരണത്തിലൂടെ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം ആയെങ്കിലും ഈ നടപടിയും അശാസ്ത്രീയമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാനേജ്മെന്റുകള്‍ നല്‍കിയ ഉയര്‍ന്ന മാര്‍ക്കിന്റെ ശരാശരി പ്രവേശനത്തിന് മാനദണ്ഡമാക്കുന്നത് നീതിയല്ലെന്നാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെയും അഭിപ്രായം.
കഴിഞ്ഞവര്‍ഷംവരെ നടപ്പായതുപോലെ, സിബിഎസ്ഇയില്‍നിന്ന് കേരള സിലബസിലേക്കു വരുന്നവര്‍ക്ക് 10-ാം ക്ലാസ് സേ പരീക്ഷ ബാധകമാക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് ഹയര്‍ സെക്കന്‍ഡറി എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ എം ശിവരാമന്‍ പറഞ്ഞു. തുല്യനിലവാരത്തില്‍ വിദ്യാര്‍ഥികളെ പ്രവേശനത്തിന് പരിഗണിക്കാനാകും. അല്ലാത്തപക്ഷം മറ്റെവിടെയും പ്രവേശനത്തിന് സാധ്യതയില്ലാത്ത കേരള സിലബസ് വിദ്യാര്‍ഥികളുടെ പ്ലസ്വണ്‍ പ്രവേശനം അനിശ്ചിതത്വത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
(എം എസ് അശോകന്‍)
deshabhimani 220612
No comments:
Post a Comment