Monday, June 25, 2012

എഫ്സിഐയിലെ 60,000 ടണ്‍ ധാന്യം നശിക്കുന്നു


റേഷന്‍ കരിഞ്ചന്തയില്‍

തിരു: സംസ്ഥാനത്ത് അരിവില കുത്തനെ കുതിക്കുന്നതിനിടെ റേഷന്‍ വിതരണത്തിനുള്ള അരി കരിഞ്ചന്തയിലേക്ക്. സിവില്‍ സപ്ലൈസ് വിജിലന്‍സ് സ്ക്വാഡിന്റെ പരിശോധന എല്ലാ ജില്ലയിലും നിലച്ചതിനെ തുടര്‍ന്നാണിത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഫണ്ടിലേക്ക് പതിനായിരം രൂപ വീതം റേഷന്‍ മൊത്തവ്യാപാരികളില്‍നിന്ന് പിരിച്ചതാണ് സര്‍ക്കാര്‍ നിഷ്ക്രിയതയ്ക്ക് കാരണമെന്ന് ആരോപണമുയര്‍ന്നു. പുതിയ ഭക്ഷ്യമന്ത്രി ചുമതലയേറ്റശേഷം സിവില്‍ സപ്ലൈസിന്റെ വിജിലന്‍സ് വിഭാഗം ഒറ്റ റെയ്ഡ് പോലും നടത്തിയിട്ടില്ല. ആഗസ്ത് 31ന് വിരമിക്കേണ്ട വിജിലന്‍സ് ഓഫീസര്‍ പി എം രാജു ജൂണ്‍ ഒന്നുമുതല്‍ അവധിയിലാണ്. കൊല്ലത്തും കോഴിക്കോട്ടും ഡെപ്യൂട്ടി റേഷന്‍ കണ്‍ട്രോളര്‍മാരുണ്ടെങ്കിലും റെയ്ഡുകള്‍ക്ക് അവരും നിര്‍ദേശം നല്‍കുന്നില്ല.

വിജിലന്‍സ് ഓഫീസര്‍ മുതല്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ വരെയുള്ള ശക്തമായ പരിശോധനാസംവിധാനമാണ് ഭക്ഷ്യ-സിവില്‍പ്ലൈസ് വകുപ്പിനുള്ളത്. റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ അധികാരപരിധിയിലെ മുഴുവന്‍ റേഷന്‍കടകളും മാസത്തിലൊരിക്കല്‍ പരിശോധിക്കണമെന്നാണ് ചട്ടം. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ താലൂക്കിലെ മൂന്നിലൊന്നെങ്കിലും റേഷന്‍കടകള്‍ക്കു പുറമെ റേഷന്‍ മൊത്തവ്യാപാര ഡിപ്പോകളും മണ്ണെണ്ണ ഡിപ്പോകളും എല്ലാ മാസവും പരിശോധിക്കണം. എന്നാല്‍, ഇവയെല്ലാം മുടങ്ങുന്നു. ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരുടെയും സെക്രട്ടറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പരിശോധനാസംവിധാനങ്ങളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. റവന്യൂ, ലീഗല്‍ മെട്രോളജി, പൊലീസ് എന്നിവ ചേര്‍ന്നുള്ള റെയ്ഡുകളും നിലച്ചു. ഭക്ഷ്യഉപദേശക സമിതികള്‍ പേരിനുമാത്രമായി. കലക്ടറുടെ നിര്‍ദേശാനുസരണമുള്ള റെയ്ഡുകളും നടക്കുന്നില്ല.

ശക്തമായ റെയ്ഡ് നടത്തി പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടഞ്ഞാണ് എല്‍ഡിഎഫ് ഭരണകാലത്ത് വില നിയന്ത്രിച്ചത്. റെയ്ഡുകള്‍ നിലച്ചതോടെ റേഷന്‍ മൊത്ത ഡിപ്പോകളില്‍നിന്ന് റേഷനരി വന്‍ തോതില്‍ സ്വകാര്യ ഗോഡൗണുകളിലേക്ക് കടത്തുകയാണ്. ഇതുസംബന്ധിച്ച് വ്യക്തമായ വിവരം നല്‍കിയാല്‍ പോലും ഇപ്പോള്‍ പിടികൂടുന്നില്ല.

സ്വകാര്യ ഗോഡൗണുകളില്‍ നിന്ന് ഈ അരി പോളിഷ് ചെയ്ത് പ്ലാസ്റ്റിക് ചാക്കിലാക്കി പ്രുമുഖ കമ്പനികളുടെ ബ്രാന്റിലാണ് പുറത്തിറങ്ങുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഉച്ചക്കട, വിഴിഞ്ഞം, പാറശാല എന്നിവിടങ്ങളില്‍ ഇത്തരം സ്വകാര്യ ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാലടി, പെരുമ്പാവൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള കരിഞ്ചന്ത വ്യാപകമാണ്. നിറം ചേര്‍ക്കാന്‍ സ്വകാര്യമില്ലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരു ലോഡ് അരി ഈയിടെ ആറ്റിങ്ങില്‍ മാമത്ത് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ആന്ധ്രയില്‍നിന്ന് എത്തുന്ന നല്ലയിനം ഉണ്ടയരി തിരിമറി ചെയ്യാന്‍ എഫ്സിഐ കേന്ദ്രീകരിച്ചും ലോബി പ്രവര്‍ത്തിക്കുന്നു. ലോഡിന് രണ്ടായിരം രൂപ കമീഷന്‍ നല്‍കിയാലേ എഫ്സിഐയില്‍ നിന്ന് ഈ അരി ലഭിക്കൂ. ഇത് വാങ്ങി സ്വകാര്യമേഖലയ്ക്ക് നല്‍കുന്നതിലൂടെ കോടികളാണ് റേഷന്‍ മൊത്തക്കച്ചവടക്കാരും സിവില്‍സപ്ലൈസിലെ അഴിമതിക്കാരും ചോര്‍ത്തുന്നത്. കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണശൃംഖലയ്ക്ക് നല്‍കുന്നതിലും വന്‍ തിരിമറിയുണ്ട്. സ്വകാര്യമില്ലുകാരെയാണ് നെല്ല് അരിയാക്കുന്നതിന് നിയോഗിച്ചിട്ടുള്ളത്. നല്ല നെല്ലിന്റെ അരി പ്രമുഖ ബ്രാന്റുകളിലാക്കി ഇവര്‍തന്നെ വിതരണംചെയ്യുമ്പോള്‍ സപ്ലൈകോയ്ക്ക് നല്‍കുന്നത് തമിഴ്നാട്ടില്‍നിന്നുള്ള മോശം നെല്ലിന്റെ അരിയാണ്.
(ആര്‍ സാംബന്‍)

എഫ്സിഐയിലെ 60,000 ടണ്‍ ധാന്യം നശിക്കുന്നു

തൃശൂര്‍: ഗോഡൗണുകളില്‍ നടത്തേണ്ട കീടനാശിനി പ്രയോഗം മുടങ്ങിയതോടെ മുളങ്കുന്നത്തുകാവ് എഫ്സിഐയിലെ അറുപതിനായിരത്തില്‍പ്പരം ടണ്‍ ഭക്ഷ്യധാന്യം നശിക്കുന്നു. രണ്ടു മാസമായി കീടനാശിനി പ്രയോഗം നടത്താത്തതിനാല്‍ പാറ്റകളും ചെറുകീടങ്ങളും നിറഞ്ഞ് മുഴുവന്‍ ധാന്യശേഖരവും ഉപയോഗശൂന്യമാവുകയാണ്. വരാന്തകളില്‍ സൂക്ഷിച്ച പതിനായിരത്തിലധികം ടണ്‍ അരിയും രണ്ടാഴ്ചയായി മഴ നഞ്ഞ് നശിക്കുന്നു. അമ്പതിനായിരം ടണ്ണില്‍ താഴെയാണ് ഗോഡൗണിന്റെ സംഭരണ ശേഷി. എന്നാല്‍, സ്റ്റോക്കുള്ളത് 63,000 ടണ്ണും. ഇതില്‍ 15,000 ടണ്‍ ഗോതമ്പാണ.് 14 വലിയ ഗോഡൗണും 14 ചെറിയ ഗോഡൗണും നിറഞ്ഞു. തുടര്‍ന്ന് ഗോഡൗണുകളിലേക്കുള്ള ഇടവഴികളിലെല്ലാം ചാക്കുകള്‍ നിറച്ചിരിക്കുകയാണ്.

ചാക്കുകളുടെ ഓരോ അട്ടിയും തമ്മില്‍ രണ്ടടി അകലം വേണമെന്നാണ് ചട്ടം. ചെള്ള്, എറുമ്പ്, എലി, പാറ്റ തുടങ്ങിയ കീടങ്ങള്‍ ധാന്യം നശിപ്പിക്കാതിരിക്കാന്‍ എല്ലാ ആഴ്ചയും കീടനാശിനിപ്രയോഗവും നടത്തണം. മരുന്നടിച്ചും ഗുളികകള്‍ ചാക്കുകെട്ടിനു മുകളിലും മറ്റും നിറച്ചുമാണ് ഇതു ചെയ്യുക. എന്നാല്‍, ഗോഡൗണുകളിലേക്ക് കടക്കാനിടമില്ലാത്ത വിധം ചാക്കുകള്‍ നിറഞ്ഞതിനാല്‍ രണ്ടു മാസമായി കീടനശീകരണം നടത്തുന്നില്ല. ഇതോടെ പ്രാണികള്‍ നിറഞ്ഞു. സമീപത്തെ വീടുകളില്‍ വരെ ചെള്ളുകള്‍ എത്തുന്നതായി പരാതിയുണ്ട്. ഈ നില തുടര്‍ന്നാല്‍ ഒന്നോ രണ്ടോ മാസത്തിനകം മഴുവന്‍ ധാന്യവും നശിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. വരാന്തകളില്‍ സൂക്ഷിച്ച ധാന്യച്ചാക്കുകള്‍ മഴയത്ത് നഞ്ഞു. ഇത്തരത്തില്‍ നശിച്ച നൂറോളം ചാക്ക് ഗോതമ്പ് ഈയിടെ നീക്കിയിരുന്നു. ഒരാഴ്ച കൂടി മഴ നഞ്ഞാല്‍ പതിനായിരം ടണ്‍ ധാന്യവും നശിക്കും. വിലക്കയറ്റം മൂലം ജനം ദുരിതമനുഭവിക്കുകയും പാവങ്ങള്‍ പട്ടിണിയാകുകയും ചെയ്യുമ്പോഴാണ് അരിയും ഗോതമ്പും കെട്ടിക്കിടന്ന് നശിക്കുന്നത്.

അതിനിടെ, 18 വാഗണുകളില്‍ വന്ന ധാന്യം ഇറക്കാന്‍ ഇടമില്ലാത്ത സ്ഥിതിയുണ്ട്. ഓരോ വാഗണിലും അഞ്ചും ആറും ലോഡ് ധാന്യമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ എഫ്സിഐ ഗോഡൗണിലും ഇതേ അവസ്ഥയാണ്. എഫ്സിഐയുടെ സംസ്ഥാനത്തെ 22 ഡിപ്പോകളിലായി 5,13,000 ടണ്‍ ധാന്യസംഭരണശേഷിയാണുള്ളത്. ഇപ്പോഴുള്ളത് 5,25,000 ടണ്ണും. ഇതിനു പുറമെയാണ് കൂടുതല്‍ ചരക്ക് എത്തുന്നത്. റേഷന്‍ വിഹിതം വെട്ടിക്കുറച്ചതോടെ റേഷന്‍ കടകളിലേക്ക് അരിയും ഗോതമ്പും കൊണ്ടുപോകുന്നതും കുറഞ്ഞു. എല്‍ഡിഎഫ് ഭരണകാലത്ത് ഇവിടെനിന്ന് മാസം 700 ലോഡ് വരെ ധാന്യം കൊണ്ടുപോയിരുന്നു. എന്നാല്‍, കഴിഞ്ഞ ഏപ്രിലില്‍ 80 ലോഡും മെയില്‍ 143 ലോഡും മാത്രമാണ് കൊണ്ടുപോയത്. ധാന്യം നശിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എഫ്സിഐ എംപ്ലോയീസ് അസോസിയേഷനും(സിഐടിയു) വര്‍ക്കേഴ്സ് അസോസിയേഷനും(സിഐടിയു) ആവശ്യപ്പെട്ടു. 1996ന് മുമ്പുണ്ടായിരുന്നപോലെ എപിഎല്‍, ബിപിഎല്‍ വിഭജനമില്ലാതെ സാര്‍വത്രിക റേഷന്‍ സംവിധാനം നടപ്പാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

വില കുതിക്കുമ്പോള്‍ മാവേലിസ്റ്റോറുകള്‍ ശൂന്യം

പെരുമ്പാവൂര്‍: മലയാളികളുടെ പ്രിയപ്പെട്ട മട്ടഅരിയുടെ വില നിയന്ത്രണാതീതമാംവിധം ഉയരുമ്പോള്‍ മാവേലിസ്റ്റോറുകളില്‍ മട്ട അരിയില്ല. വെള്ള അരിയും കിട്ടാതായിട്ട് നാളുകളായി. പയര്‍, കടല തുടങ്ങിയവയുടെ സ്ഥിതിയും ഇതുതന്നെ. മേയില്‍ അനുവദിച്ച മട്ട അരി പൂര്‍ണമായും തീര്‍ന്നു. ടെന്‍ഡര്‍നടപടി പൂര്‍ത്തിയാകാത്തതിനാല്‍ ജൂണില്‍ അരി വന്നിട്ടേയില്ല. ജില്ലയില്‍ കൊച്ചി, പറവൂര്‍, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ താലൂക്ക് ഗോഡൗണ്‍കളിലും മട്ടഅരിയില്ല. ജൂണിലെ ടെന്‍ഡര്‍ 14ന് പൊട്ടിച്ചെങ്കിലും തുടര്‍നടപടികളായിട്ടില്ല. കുറഞ്ഞ ടെന്‍ഡര്‍ 21 രൂപയുടേതാണെന്നറിയുന്നു. എന്നാല്‍, അരിവില ക്രമാതീതമായി ഉയര്‍ന്നതോടെ ടെന്‍ഡര്‍ സമര്‍പ്പിച്ച വ്യാപാരികള്‍ വഴുതിമാറുകയാണ്. വിലപേശി ടെന്‍ഡര്‍ ഉറപ്പിക്കേണ്ട സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അധികൃതരാകട്ടെ നടപടിക്രമം പൂര്‍ത്തീകരിക്കുന്നുമില്ല. ഇതോടെ ജൂണിലിനി മാവേലിസ്റ്റോറുകളില്‍ മട്ട അരി എത്തില്ലെന്ന് ഉറപ്പായി.

സാധാരണയായി ടെന്‍ഡര്‍ പൊട്ടിച്ചാല്‍ മൂന്നോ നാലോ ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കി മാവേലിസ്റ്റോറുകളില്‍ അരിയെത്തുമായിരുന്നു. 16 രൂപ നിരക്കില്‍ റേഷന്‍കാര്‍ഡ് ഒന്നിന് അഞ്ചുകിലോ അരി വീതമാണ് മാവേലിസ്റ്റോറുകള്‍വഴി നല്‍കുന്നത്. മേയില്‍ പഞ്ചസാരയും ഉണ്ടായിരുന്നില്ല. എട്ടു മാസമായി മാവേലിസ്റ്റോറുകള്‍വഴി വെള്ളഅരിയും വിതരണമില്ല. സപ്ലൈകോയുടെ പത്രപ്പരസ്യത്തില്‍ 12.70 രൂപയ്ക്ക് വെള്ളഅരി നല്‍കുമെന്ന് വാഗ്ദാനമുണ്ടെന്നുമാത്രം. ഈ അരി എഫ്സിഐയില്‍നിന്നു സപ്ലൈക്കോ വാങ്ങുന്നതാണ്. ഇതാണ് നിര്‍ത്തലാക്കിയത്. പച്ചരി മാത്രമാണ് മാവേലിസ്റ്റോറുകളിലുള്ളത്. പത്രപ്പരസ്യത്തില്‍ ഇതിന്റെ വില 12.70 ആണെങ്കിലും 16നാണ് വില്‍പ്പന. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുവിപണിയില്‍ അരിവില ഉയരുമ്പോള്‍ മാവേലിസ്റ്റോറുകള്‍വഴി വന്‍തോതില്‍ അരി വിതരണംചെയ്തിരുന്നു. ഉപഭോക്താക്കളുടെ നീണ്ടനിര നിത്യകാഴ്ചയുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആളനക്കമില്ലാത്ത സ്ഥിതിയാണ്. മാവേലിസ്റ്റോറുകള്‍ക്കു കീഴിലെ ലാഭം മാര്‍ക്കറ്റിന്റെ പേര് സൂപ്പര്‍മാര്‍ക്കറ്റ് എന്നാക്കി മാറ്റിയതാണ് പുതിയ സര്‍ക്കാരിന്റെ പരിഷ്ക്കാരം. പക്ഷേ ബോര്‍ഡ് മാത്രമാണ് സൂപ്പര്‍. ജനത്തിനാവശ്യമായ സാധനങ്ങള്‍ ഒന്നുംതന്നെ ഇല്ല. ഒരുവര്‍ഷത്തിനിടെ നാലാമത്തെ മാനേജിങ് ഡയറക്ടറാണ് സിവില്‍ സപ്ലൈസ് വകുപ്പിനെ നയിക്കുന്നത്. ഭക്ഷ്യവകുപ്പിനു യുവമന്ത്രി എത്തിയെങ്കിലും ഭരണരംഗത്ത് നിസ്സംഗതയാണിപ്പോഴും. മന്ത്രിയുടെ പാര്‍ടിയിലെ ഒരു മുന്‍ എംഎല്‍എയുടെ പിന്‍സീറ്റ് ഡ്രൈവിങ്ങാണ് ഭക്ഷ്യവകുപ്പില്‍ നടക്കുന്നതെന്ന് ഭരണകക്ഷിക്കാര്‍തന്നെ അടക്കം പറയുന്നു.
(എം ഐ ബീരാസ്)

deshabhimani 250612

2 comments:

  1. ഗോഡൗണുകളില്‍ നടത്തേണ്ട കീടനാശിനി പ്രയോഗം മുടങ്ങിയതോടെ മുളങ്കുന്നത്തുകാവ് എഫ്സിഐയിലെ അറുപതിനായിരത്തില്‍പ്പരം ടണ്‍ ഭക്ഷ്യധാന്യം നശിക്കുന്നു. രണ്ടു മാസമായി കീടനാശിനി പ്രയോഗം നടത്താത്തതിനാല്‍ പാറ്റകളും ചെറുകീടങ്ങളും നിറഞ്ഞ് മുഴുവന്‍ ധാന്യശേഖരവും ഉപയോഗശൂന്യമാവുകയാണ്. വരാന്തകളില്‍ സൂക്ഷിച്ച പതിനായിരത്തിലധികം ടണ്‍ അരിയും രണ്ടാഴ്ചയായി മഴ നഞ്ഞ് നശിക്കുന്നു. അമ്പതിനായിരം ടണ്ണില്‍ താഴെയാണ് ഗോഡൗണിന്റെ സംഭരണ ശേഷി. എന്നാല്‍, സ്റ്റോക്കുള്ളത് 63,000 ടണ്ണും. ഇതില്‍ 15,000 ടണ്‍ ഗോതമ്പാണ.് 14 വലിയ ഗോഡൗണും 14 ചെറിയ ഗോഡൗണും നിറഞ്ഞു. തുടര്‍ന്ന് ഗോഡൗണുകളിലേക്കുള്ള ഇടവഴികളിലെല്ലാം ചാക്കുകള്‍ നിറച്ചിരിക്കുകയാണ്.

    ReplyDelete
  2. എഫ്സിഐ മുളകുന്നത്തുകാവ് ഗോഡൗണിനെ ക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് ഏരിയ മാനേജര്‍ ടി ജെ എസ്തര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഭക്ഷ്യധാന്യ ഉല്‍പ്പാദനം വര്‍ധിച്ചതിനാല്‍ എഫ്സിഐക്ക് കൂടുതല്‍ സംഭരണം നടത്തേണ്ടിവന്നിട്ടുണ്ട്. അതിനാല്‍ കുറെ ധാന്യച്ചാക്കുകള്‍ വരാന്തയിലും സൂക്ഷിക്കേണ്ടിവന്നു. എന്നാലിത് കവര്‍ ചെയ്താണ് സൂക്ഷിക്കുന്നത്. ചാക്കുകളിലുള്ള ധാന്യങ്ങള്‍ മഴനഞ്ഞ് കട്ടപിടിക്കുമ്പോള്‍ റീകണ്ടീഷന്‍ ചെയ്യുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ റേഷന്‍ കടകളില്‍ നിന്ന് ജനങ്ങളെ അകറ്റുമെന്നും ഏരിയ മാനേജര്‍ പറഞ്ഞു.

    ReplyDelete