Saturday, June 30, 2012

നേതാക്കളെ ഭീകരരായി ചിത്രീകരിക്കാന്‍ നീക്കം


സിപിഐ എമ്മിനെ ഭീകരപ്രസ്ഥാനവും നേതാക്കളെ ഭീകരരുമായി ചിത്രീകരിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നീക്കമാണ് കോഴിക്കോട് ജില്ലാസെക്രട്ടറിയറ്റംഗം പി മോഹനന്റെ അറസ്റ്റും അതിന് പൊലീസ് സ്വീകരിച്ച ശൈലിയും. നിരോധിക്കപ്പെട്ട ഭീകരസംഘടനകളെയും നേതാക്കളെയും നേരിടുന്ന കാടന്‍ രീതിയാണിത്. ചന്ദ്രശേഖരന്‍ വധത്തിന്റ മറവില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ വലതുപക്ഷ-പൊലീസ്-മാധ്യമ മുന്നണി ശ്രമിക്കുന്നുവെന്ന വാദം ശരിവെക്കുകയാണ് ഈ പൊലീസ് നടപടി. റോഡില്‍ പൊലീസ്വാഹനം കുറുകെ നിര്‍ത്തി ഭീകരരെ പിടിക്കുന്ന രീതിയാണ് പൊലീസ് പ്രയോഗിച്ചത്. സംഭവം ലൈവായി റിപ്പോര്‍ട് ചെയ്യാന്‍ ചാനലുകളെ ക്ഷണിച്ചുവരുത്തിയായിരുന്നു ദേശീയപാതയില്‍ സിനിമാശൈലിയെ വെല്ലുന്ന പൊലീസ് പ്രകടനം. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി പി മോഹനനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇത്വരെ ആവശ്യപ്പെട്ടിരുന്നില്ല. നേരത്തെ അന്വേഷകസംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് ജില്ലാകമ്മിറ്റി അംഗമായ സി എച്ച് അശോകനടക്കമുളളവര്‍ പൊലീസിന് മുമ്പാകെ ഹാജരായത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം ഏഷ്യാനെറ്റടക്കമുള്ള ചാനലുകള്‍ എക്സ്ക്ലൂസിവ് ദൃശ്യങ്ങളും നല്‍കി.

ചാനലുകളുടെ പട കൊയിലാണ്ടിയിലും വടകര പ്രത്യേകാന്വേഷകസംഘത്തിന് മുന്നിലും വെള്ളിയാഴ്ച കാലത്തുതന്നെ തമ്പടിച്ചിരുന്നു. വെള്ളിയാഴ്ചത്തെ മാതൃഭൂമിയടക്കം പത്രങ്ങളില്‍ ജില്ലാസെക്രട്ടറിയറ്റംഗമായ നേതാവിനെ അറസ്റ്റ്ചെയ്യുമെന്ന വാര്‍ത്തയുമുണ്ടായിരുന്നു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് അടുത്തദിവസം മുതല്‍ മാധ്യമങ്ങള്‍ ഇത് പ്രചരിപ്പിച്ചിരുന്നു. കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള യുഡിഎഫ് നേതാക്കളും ആര്‍എംപിക്കാരും കള്ളം മാധ്യമങ്ങളിലുടെ വിളമ്പുകയായിരുന്നു. പാര്‍ടി ജില്ലാകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു മോഹനന്‍. ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണനടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം കൂടെയുണ്ടായിരുന്നു. മുന്‍ ജില്ലാസെക്രട്ടറി എം ദാസന്റെ ചരമവാര്‍ഷികദിനത്തില്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്ത മടങ്ങുമ്പോഴായിരുന്നു പൊലീസ് കടന്നാക്രമണം. കോഴിക്കോട് ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, സിപിഐ എമ്മിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാക്കളിലൊരാള്‍, കര്‍ഷകത്തൊഴിലാളിയൂണിയന്റെ ജില്ലാസെക്രട്ടറി എന്നിങ്ങനെ പൊതുജന സ്വീകാര്യതയുള്ള വ്യക്തിയാണ് പി മോഹനന്‍. പാര്‍ടി ജില്ലാകമ്മിറ്റി അംഗമായ കെ കെ ലതിക എംഎല്‍എയുടെ ഭര്‍ത്താവുമാണ്.
(പി വി ജീജോ)

യുഡിഎഫിന്റേത് തീക്കളി

തിരു: ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിപിഐ എമ്മിനെതിരെ പൊലീസിനെ ഉപയോഗിച്ച് നടത്തുന്നത് തീക്കളി. ഒരുകൂട്ടം യുഡിഎഫ് നേതാക്കളും ആര്‍എംപിക്കാരും നിര്‍ദേശിച്ചതനുസരിച്ച് അന്വേഷണത്തിന്റെ വഴി മുന്‍കൂട്ടി നിശ്ചയിച്ചുള്ള യുദ്ധപ്രഖ്യാപനമാണ് സര്‍ക്കാരും പൊലീസും നടത്തുന്നത്. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്റെ അറസ്റ്റോടെ ഇക്കാര്യം ഒരിക്കല്‍ക്കൂടി വ്യക്തമായി. ഒരു കൊലക്കേസ് ആയുധമാക്കി പാര്‍ടിയെ ഒതുക്കിക്കളയാമെന്ന വ്യാമോഹത്തിന് ഉമ്മന്‍ചാണ്ടിയും സംഘവും വലിയ വില നല്‍കേണ്ടിവരും.

സിപിഐ എമ്മിന്റെ കരുത്തിനെയും ജനങ്ങളുടെ ക്ഷമാശക്തിയെയും വെല്ലുവിളിച്ചാണ് പി മോഹനനെ കൊള്ളസംഘത്തെയെന്നവണ്ണം വാഹനത്തില്‍ പിന്തുടര്‍ന്ന് റോഡില്‍ തടഞ്ഞുനിര്‍ത്തി നാടകീയമായി അറസ്റ്റുചെയ്തത്. സിപിഐ എമ്മിനെ വേട്ടയാടാനുള്ള ഗൂഢാലോചനയുടെ ഭാഗമായി അരങ്ങേറുന്ന സംഭവങ്ങള്‍ പൊലീസ് ഗുണ്ടായിസത്തിലേക്ക് നീങ്ങിയതിന്റെ വ്യക്തമായ സൂചനയാണിത്. യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണംചെയ്ത രാഷ്ട്രീയ അജന്‍ഡ പടിപടിയായി പൂര്‍ത്തിയാക്കുമെന്ന വെല്ലുവിളിയും പൊലീസ് ഉയര്‍ത്തുന്നു. സിപിഐ എമ്മിനെതിരെ എന്തും ചെയ്യുമെന്ന അധികാരഹുങ്കിനാണ് വെള്ളിയാഴ്ച കോഴിക്കോട് സാക്ഷ്യംവഹിച്ചത്. വെള്ളിയാഴ്ച രാവിലെ എം ദാസന്‍ അനുസ്മരണച്ചടങ്ങില്‍ സംബന്ധിച്ച് പാര്‍ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോകുംവഴിയാണ് മോഹനനെ കൊയിലാണ്ടിയില്‍വച്ച് കാറിനുകുറുകെ പൊലീസ് വാഹനം കയറ്റി തടഞ്ഞുനിര്‍ത്തി അറസ്റ്റുചെയ്യുന്നത്. നാടകീയരംഗങ്ങള്‍വഴി വന്‍വാര്‍ത്ത സൃഷ്ടിക്കുകതന്നെയായിരുന്നു പൊലീസിന്റെ ലക്ഷ്യം.

കോഴിക്കോട് ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ മോഹനന്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹത്തെ പൊലീസ് സംഘം പിന്തുടര്‍ന്നതും ഒട്ടേറെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കൊയിലാണ്ടിയില്‍ തടഞ്ഞുനിര്‍ത്തി അറസ്റ്റുചെയ്തതും ഉന്നതതലത്തിലുള്ള കൂടിയാലോചനയെതുടര്‍ന്നാണ്. കടുത്ത പ്രതിസന്ധിയിലകപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍, അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ മാസങ്ങളായി ഇത്തരം പരിപാടികളെയാണ് ആശ്രയിക്കുന്നത്. ഒരുകൂട്ടം മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ നടപടികളെല്ലാം അരങ്ങേറുന്നതെന്നത് രാഷ്ട്രീയകേരളത്തെ മലീമസമാക്കുന്നു.

സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ച സ്കൂളുകള്‍ എയ്ഡഡാക്കുന്നതിനെ ചൊല്ലിയുള്ള വിവാദത്തെതുടര്‍ന്ന് മുന്നണിക്കകത്തും പുറത്തും പ്രശ്നങ്ങള്‍ ആളിക്കത്തുന്ന സാഹചര്യത്തിലാണ് കൊയിലാണ്ടിയിലെ അറസ്റ്റുനാടകവും അതില്‍ പിടിച്ചുള്ള വാര്‍ത്തകളുടെ കുത്തൊഴുക്കും. പി മോഹന് പൊലീസ് നോട്ടീസ് നല്‍കുകയോ വാറന്റ് പുറപ്പെടുവിക്കുകയോ ചെയ്തിരുന്നില്ല. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട മെയ് നാലുമുതല്‍ അദ്ദേഹം കോഴിക്കോട് ജില്ലയിലെ പാര്‍ടിപരിപാടികളുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ട്. വെള്ളിയാഴ്ചയും പൊതുപരിപാടിയിലാണ് സംബന്ധിച്ചത്. എന്നിട്ടും പൊലീസ് പിടികൂടല്‍നാടകം കളിച്ചു. ആഭ്യന്തരമന്ത്രി നിമിഷങ്ങള്‍ക്കകം പൊലീസ് നടപടിയെ ന്യായീകരിച്ചു. ഭരണത്തിന്റെ തലപ്പത്തുനിന്ന് വ്യക്തമായ നിര്‍ദേശം പൊലീസിനുണ്ടായിരുന്നു എന്നാണിത് കാണിക്കുന്നത്.

സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താനാകുമെന്ന കണക്കുകൂട്ടലില്‍ എല്ലാ അതിരുംവിട്ട കളിയാണ് യുഡിഎഫ് നടത്തുന്നത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേരത്തെ നടത്തിയ പ്രഖ്യാപനങ്ങളും മാധ്യമപ്രചാരണവും ഈ ലക്ഷ്യത്തോടെയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഉയര്‍ന്ന പാര്‍ടിനേതാക്കളെ പിടികൂടുമെന്നും അറസ്റ്റിലായവര്‍ പാര്‍ടിനേതാക്കളുടെ പങ്ക് വെളിപ്പെടുത്തിയെന്നും ഒന്നരമാസത്തോളമായി തുടര്‍ച്ചയായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. പ്രതികളുടെ മൊഴി എന്ന പേരില്‍ വരുന്ന വാര്‍ത്തകള്‍ അന്വേഷണസംഘം നല്‍കിയതല്ലെന്ന് പൊലീസിന് കോടതിയില്‍ പറയേണ്ടിവന്നു. എന്നാല്‍, വ്യാജവാര്‍ത്തകള്‍ക്കും കള്ളമൊഴികള്‍ക്കും ഒരു കുറവുമില്ല.
(കെ എം മോഹന്‍ദാസ്)

deshabhimani 300612

1 comment:

  1. സിപിഐ എമ്മിനെ ഭീകരപ്രസ്ഥാനവും നേതാക്കളെ ഭീകരരുമായി ചിത്രീകരിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നീക്കമാണ് കോഴിക്കോട് ജില്ലാസെക്രട്ടറിയറ്റംഗം പി മോഹനന്റെ അറസ്റ്റും അതിന് പൊലീസ് സ്വീകരിച്ച ശൈലിയും. നിരോധിക്കപ്പെട്ട ഭീകരസംഘടനകളെയും നേതാക്കളെയും നേരിടുന്ന കാടന്‍ രീതിയാണിത്.

    ReplyDelete