Thursday, June 28, 2012

ചരിത്രംകുറിച്ച് എച്ച്എംടി സമരം


ജനകീയ പ്രക്ഷോഭത്തിനു പുതിയ അധ്യായംകുറിച്ച് എച്ച്എംടി സമരം. രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനത്തെ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എച്ച്എംടി സമരസഹായസമിതി നടത്തിയ റാലിയിലും പൊതുസമ്മേളനത്തിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. എച്ച്എംടി സമരം 909 ദിവസം പിന്നിടുന്നതിന്റെ ഭാഗമായാണ് റാലിയും സമ്മേളനവും സംഘടിപ്പിച്ചത്. എച്ച്എംടി കമ്പനിഗേറ്റില്‍നിന്ന് പ്രീമിയര്‍ ജങ്ഷനിലേക്കാണ് പ്രകടനം നടന്നത്. തുടര്‍ന്നുചേര്‍ന്ന പൊതുസമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു.

തൊഴിലാളികളെ കബളിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍നയം മാറ്റണമെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. ന്യായവും നീതിയുക്തവുമായ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് നീട്ടിക്കൊണ്ടുപോയി മറ്റൊരു ലക്ഷ്യത്തിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. എച്ച്എംടിയിലെ കരാര്‍ തൊഴിലാളികള്‍, കാന്റീന്‍തൊഴിലാളികള്‍ എന്നിവരുടെ പ്രശ്നം ഉടന്‍ പരിഹരിക്കണം. എന്നാല്‍, ഇവിടെ സ്ഥാപനത്തെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ഫാക്ട്, എച്ച്ഐഎല്‍, ഐആര്‍ഇ, ടിസിസി, അപ്പോളോ ടയേഴ്സ്, ഇന്ത്യന്‍ അലുമിനിയം കമ്പനി, മെര്‍ക്കം എന്നിവിടങ്ങളിലെ തൊഴിലാളികളും ജീവനക്കാരും ചുമട്ടുതൊഴിലാളി യൂണിയന്‍, ഓട്ടോറിക്ഷ ലോറി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളും റാലിയില്‍ അണിനിരന്നു. എച്ച്എംടിയിലെ വിരമിച്ച ജീവനക്കാരും പങ്കെടുത്തു. പൊതുസമ്മേളനത്തില്‍ എ എം യൂസഫ് അധ്യക്ഷനായി. സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, ജില്ലാ സെക്രട്ടറിമാരായ കെ എന്‍ ഗോപിനാഥ്, പി എസ് മോഹനന്‍, സരോജിനി ബാലാനന്ദന്‍, കെ എ അലി അക്ബര്‍, സി കെ പരീത്, ഹെന്നി ബേബി, അഡ്വ. ടി ബി മിനി, കെ ബി വര്‍ഗീസ്, അഡ്വ. മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എച്ച്എംടി സമരം 909 ദിവസം പിന്നിടുന്നു

കൊച്ചി: ട്രേഡ്യൂണിയന്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിച്ച് കളമശേരി എച്ച്എംടി ജീവനക്കാരുടെ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക്. കമ്പനിയെ പൊതുമേഖലയില്‍ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ആവശ്യമായ തീരുമാനങ്ങളുണ്ടാകാതെ പിന്മാറില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ ആരംഭിച്ച സമരം ബുധനാഴ്ച 909 ദിവസം പിന്നിടുകയാണ്. ഇതിന്റെ ഭാഗമായി വൈകിട്ട് മൂന്നിന് കമ്പനിഗേറ്റില്‍നിന്ന് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും. തുടര്‍ന്ന് പ്രീമിയര്‍കവലയില്‍ ചേരുന്ന പൊതുസമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്യും.

2010 ജനുവരിയില്‍ ജീവനക്കാരുടെ സമരമാരംഭിക്കുമ്പോള്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസും (ഐഎന്‍ടിയുസി) എംപ്ലോയീസ് ഫെഡറേഷനും വര്‍ക്കേഴ്സ് യൂണിയനും ഓഫീസേഴ്സ് അസോസിയേഷനും ഒപ്പമുണ്ടായിരുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കത്തിക്കാളിയ സമരത്തെത്തുടര്‍ന്ന് 2011 ജൂലൈയില്‍ ഘന-വ്യവസായ മന്ത്രി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി. കേന്ദ്രമന്ത്രിയുടെ വാക്കാലുള്ള ഉറപ്പു വിശ്വസിച്ച് സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ സമരം പിന്‍വലിച്ചു. അതിനുശേഷം ഒരുവര്‍ഷം പിന്നിട്ടിട്ടും ഉറപ്പ് പാലിച്ചിട്ടില്ല. സമരത്തില്‍നിന്നു പിന്മാറിയ യൂണിയനുകള്‍ ജീവനക്കാര്‍ക്കിടയില്‍ ഒറ്റപ്പെട്ടു. തുടര്‍ന്നു നടന്ന ഹിതപരിശോധനയില്‍ മുഴുവന്‍ ജീവനക്കാരുടെയും പിന്തുണയോടെ ഒന്നാംസ്ഥാനത്തെത്താന്‍ എംപ്ലോയീസ് യൂണിയനു (സിഐടിയു) കഴിഞ്ഞു. സമരം പിന്‍വലിക്കണമെന്ന മാനേജ്മെന്റിന്റെ ശക്തമായ സമ്മര്‍ദത്തെ നേരിട്ടാണ് സംസ്ഥാനത്തെ ഏക എന്‍ജിനിയറിങ് വ്യവസായസ്ഥാപനത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജീവനക്കാര്‍ ഉറച്ചു നില്‍ക്കുന്നത്. 2010 മാര്‍ച്ചില്‍ ആരംഭിച്ച നിരാഹാരസമരം കമ്പനി ഗേറ്റില്‍ ഇപ്പോഴും തുടരുകയാണ്. കാഷ്വല്‍ ആന്‍ഡ് കോണ്‍ട്രാക്ട് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു), കാന്റീന്‍ എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു), കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ എന്നിവയും സമരരംഗത്തുണ്ട്.

1992ല്‍ നിശ്ചയിച്ച ശമ്പളം കാലാനുസൃതമായി പുതുക്കുക, വിരമിക്കല്‍പ്രായം 60 ആക്കുക, പുതിയ നിയമനം നടത്തുക, കരാര്‍ തൊഴിലാളികളെയും കാന്റീന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്. ഇതില്‍ ശമ്പളപരിഷ്കരണനടപടി കഴിഞ്ഞ മേയില്‍ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയിട്ടും തീരുമാനം വൈകുകയാണ്. എന്നാല്‍, മറ്റുചില ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരത്തിലൂടെ സാധിച്ചു. കമ്പനി പുനരുദ്ധാരണനിര്‍ദേശം നല്‍കാനുള്ള ഹൈലെവല്‍ ടാസ്ക് ഫോഴ്സ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം അംഗീകരിച്ചു. കമ്പനിക്ക് പ്രൊഫഷണല്‍ മാനേജ്മെന്റിനെ നിയോഗിച്ചതും 14 കരാര്‍തൊഴിലാളികള്‍ക്ക് നിയമനം നല്‍കിയതും പുതിയ നിയമനത്തിന് നടപടി ആരംഭിച്ചതും ഇത്തരം നടപടികളുടെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷം ഉല്‍പ്പാദനം വര്‍ധിച്ച് കമ്പനി ലാഭത്തിലായതും സമരത്തിന്റെ നേട്ടങ്ങളില്‍ ചിലതാണ്. എച്ച്എംടിയുടെ മറ്റു യൂണിറ്റുകളിലെപ്പോലെ കളമശേരിയിലെ 370 ഏക്കര്‍ ഭൂമി വിറ്റുതുലയ്ക്കാനുള്ള നീക്കത്തിനും സമരത്തിലൂടെ തടയിടാനായി. കമ്പനി സംരക്ഷിക്കാനും നിലനിര്‍ത്താനുമുള്ള സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ബുധനാഴ്ച ജീവനക്കാരുടെയും ബഹുജനങ്ങളുടെയും മാര്‍ച്ച് നടക്കുന്നത്. സമരസമിതിയുടെയും ജില്ലയിലെ ഇതര തൊഴിലാളി സംഘടനകളുടെയും സഹായം എച്ച്എംടി സമരത്തിനു ലഭിക്കുന്നുണ്ട്.
(എം എസ് അശോകന്‍)

deshabhimani

1 comment:

  1. ജനകീയ പ്രക്ഷോഭത്തിനു പുതിയ അധ്യായംകുറിച്ച് എച്ച്എംടി സമരം. രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനത്തെ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എച്ച്എംടി സമരസഹായസമിതി നടത്തിയ റാലിയിലും പൊതുസമ്മേളനത്തിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. എച്ച്എംടി സമരം 909 ദിവസം പിന്നിടുന്നതിന്റെ ഭാഗമായാണ് റാലിയും സമ്മേളനവും സംഘടിപ്പിച്ചത്. എച്ച്എംടി കമ്പനിഗേറ്റില്‍നിന്ന് പ്രീമിയര്‍ ജങ്ഷനിലേക്കാണ് പ്രകടനം നടന്നത്. തുടര്‍ന്നുചേര്‍ന്ന പൊതുസമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു.

    ReplyDelete