Wednesday, June 20, 2012

സര്‍ക്കാരിനും പി കെ ബഷീറിനും ഹൈക്കോടതി നോട്ടീസ്


കൊലവിളി പ്രസംഗം നടത്തിയതിന് പി കെ ബഷീര്‍ എംഎല്‍എക്കെതിരെ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതി നോട്ടീസ്. സര്‍ക്കാരിനും പി കെ ബഷീര്‍ എംഎല്‍എയ്ക്കുമാണ് കോടതി നോട്ടീസ് അയച്ചത്. കേസ് പിന്‍വലിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി ഇടപെടല്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിനോടും പികെ ബഷീറിനോടും വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് സി ടി രവികുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

അധ്യാപകനെ ചവുട്ടിക്കൊന്ന കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സാക്ഷിപറഞ്ഞാല്‍ അവരുടെ കാല്‍വെട്ടുമെന്ന് 2008ല്‍ എടവണ്ണയിലെ പൊതുയോഗത്തില്‍ പി കെ ബഷീര്‍ പരസ്യമായി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നെടുത്ത കേസ് മഞ്ചേരി സിജെഎം കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കേ യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇത് നിയമവിരുദ്ധമാണെന്നു കാട്ടി പൊതുപ്രവര്‍ത്തകനായ അബ്ദുള്‍വഹാബാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സാക്ഷികളില്ലെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചതെന്നും ഇത് പൊതുതാല്‍പ്പര്യത്തിനു വിരുദ്ധമാണെന്നും ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. പാഠപുസ്തക വിവാദത്തിനിടെ അരീക്കോട് കിഴിശ്ശേരി ക്ലസ്റ്റര്‍ മീറ്റിങ് കേന്ദ്രത്തില്‍ പരിശീലനത്തിനെത്തിയ വാലില്ലാപ്പുഴ എഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ ലീഗുകാര്‍ ചവുട്ടിക്കൊന്ന കേസില്‍ സാക്ഷികളെ പിന്മാറ്റാനാണ് അന്ന് ലീഗ് മണ്ഡലം സെക്രട്ടറിയായിരുന്ന ബഷീര്‍ പരസ്യമായി കൊലവിളി നടത്തിയത്. ഈ പ്രസംഗം ചാനലുകളിലും യുട്യൂബിലും പരക്കെ ചര്‍ച്ചയായതുമാണ്. എന്നിട്ടും പ്രസംഗിച്ചതിന് തെളിവില്ലെന്ന് പറഞ്ഞാണ് യുഡിഎഫ് സര്‍ക്കാര്‍ ഭീഷണിപ്രസംഗക്കേസ് എഴുതിത്തള്ളിയത്.

deshabhimani 200612

1 comment:

  1. കൊലവിളി പ്രസംഗം നടത്തിയതിന് പി കെ ബഷീര്‍ എംഎല്‍എക്കെതിരെ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതി നോട്ടീസ്. സര്‍ക്കാരിനും പി കെ ബഷീര്‍ എംഎല്‍എയ്ക്കുമാണ് കോടതി നോട്ടീസ് അയച്ചത്. കേസ് പിന്‍വലിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി ഇടപെടല്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിനോടും പികെ ബഷീറിനോടും വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് സി ടി രവികുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്

    ReplyDelete