Saturday, June 30, 2012
പണംമുടക്കാന്‍ ആളില്ല; ഫാക്ടില്‍ കോടികളുടെ വികസനം നീളും
ഫാക്ട് വികസനത്തിന്റെയും വൈവിധ്യവല്‍ക്കരണത്തിന്റെയും ഭാഗമായി നടപ്പാക്കാന്‍ ആവിഷ്കരിച്ച നാലു പദ്ധതികള്‍ പങ്കാളികളെ കിട്ടാതെ അനിശ്ചിതത്വത്തില്‍. 5986 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ പൊതുമേഖലയില്‍നിന്നും സ്വകാര്യസംരംഭകരില്‍നിന്നും പങ്കാളികളെ ക്ഷണിച്ചിട്ടും ആരും മുതല്‍മുടക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്ര വളംനയം അനുകൂലമല്ലാത്തതാണ് സംരംഭകരെ പിന്തിരിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഏലൂര്‍ ഉദ്യോഗമണ്ഡല്‍ ഡിവിഷനില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന 858 കോടി ചെലവുവരുന്ന യൂറിയ പ്ലാന്റ്, കൊച്ചിന്‍ ഡിവിഷനില്‍ 4600 കോടിയുടെ അമോണിയ-യൂറിയ കോംപ്ലക്സ്, 210 കോടിയുടെ നൈട്രജന്‍ ഫോസ്ഫറസ് ഫെര്‍ട്ടിലൈസര്‍ പ്ലാന്റ്, 318 കോടിയുടെ പുതിയ സള്‍ഫ്യൂരിക് ആസിഡ് പ്ലാന്റ് എന്നീ പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള താല്‍പ്പര്യപത്രമാണ് നാലുമാസംമുമ്പ് ആദ്യം ക്ഷണിച്ചത്. രണ്ടുമാസം കാത്തിരുന്നിട്ടും ആരും വന്നില്ല. പിന്നെ പൊതു-സ്വകാര്യ പങ്കാളിത്തം മുന്‍നിര്‍ത്തി സ്വകാര്യസംരംഭകരില്‍നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു. ഒരുമാസം ആരും പ്രതികരിക്കാതിരുന്നതിനാല്‍ 30 ദിവസംകൂടി നീട്ടി. ആ സമയപരിധി 30ന് അവസാനിക്കും. ഏതാനും മാസംകൂടി കാത്തിരിക്കാനാണ് മാനേജ്മെന്റ് തീരുമാനം.
ഫാക്ടിന്റെ ഭാവിയിലെ ആവശ്യംകൂടി നിറവേറ്റാന്‍ പാകത്തിന് പ്രതിദിനം 2000 ടണ്‍ ഉല്‍പ്പാദനശേഷിയുള്ള സള്‍ഫ്യൂരിക് ആസിഡ് പ്ലാന്റാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. നിലവില്‍ പ്രതിദിനം 800 ടണ്ണിന്റെ പോരായ്കയുണ്ട്. നൈട്രജന്‍ ഫോസ്ഫേറ്റിന്റെ വിവിധ ഗ്രേഡുകളുടെ ഉല്‍പ്പാദനം വര്‍ഷത്തില്‍ 10 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിദിനം 1000 ടണ്‍ ഉല്‍പ്പാദനം ലക്ഷ്യമിടുന്ന എന്‍പി കോംപ്ലക്സ് സ്ഥാപിക്കുന്നത്. ഫാക്ടിലെ സ്ഥാപിത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നവിധത്തിലാണ് അമോണിയ-യൂറിയ കോംപ്ലക്സിന് താല്‍പ്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്. അമോണിയ പ്ലാന്റില്‍നിന്ന് പ്രതിദിനം 2800 ടണ്‍ ഉല്‍പ്പാദനവും യൂറിയ പ്ലാന്റില്‍നിന്ന് 3500 ടണ്‍ ഉല്‍പ്പാദനവും ലക്ഷ്യമിടുന്നു.
സാമ്പത്തികബാധ്യതയുടെ ഭാഗമായി 2003ല്‍ അവസാനിപ്പിച്ച യൂറിയ ഉല്‍പ്പാദനം പുനരാരംഭിച്ച് ശക്തമായ തിരിച്ചുവരവു നടത്താനാണ് പുതിയ യൂറിയ പ്ലാന്റ് പദ്ധതി രൂപകല്‍പ്പനചെയ്തത്. ഉദ്യോഗമണ്ഡലില്‍ 990 ടണ്‍ ശേഷിയുള്ള അമോണിയ പ്ലാന്റിന്റെ ഭാഗമായാണ് പുതിയ യൂറിയ പ്ലാന്റ് സ്ഥാപിക്കുന്നത്. 2020ഓടെ യൂറിയ വിപണിയില്‍ 80 ലക്ഷം ടണ്ണിന്റെ അധിക ആവശ്യം ഉണ്ടാകുമെന്ന പഠനവും ഫാക്ടിന്റെ വില്‍പ്പനശൃംഖല പ്രയോജനപ്പെടുത്തി മാര്‍ക്കറ്റില്‍ തിരിച്ചുവരാമെന്ന കണക്കുകൂട്ടലും പ്ലാന്റ് സ്ഥാപിക്കുന്നതിനുപിന്നിലുണ്ട്. ഇറ്റലി, നെതര്‍ലന്‍ഡ്, ജപ്പാന്‍ സാങ്കേതികവിദ്യകളുടെ സഹായവും പ്ലാന്റ് സ്ഥാപിക്കുന്നതില്‍ പ്രയോജനപ്പെടുത്തും.
മുഴുവന്‍ ശേഷിയും പ്രയോജനപ്പെടുത്തി പ്രതാപത്തിലേക്ക് ഫാക്ടിനെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് വികസന-വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ ആവിഷ്കരിച്ചത്. സൗകര്യങ്ങളും ആകര്‍ഷകമായ മറ്റ് ഓഫറുകളും ഇതിനായി മുന്നോട്ടുവച്ചു. എന്നിട്ടും സാധ്യതകളുള്ള പദ്ധതികളിലേക്ക് പൊതുമേഖലാസ്ഥാപനങ്ങളും സ്വകാര്യസംരംഭകരും ആകര്‍ഷിക്കപ്പെടാത്തത് കേന്ദ്ര വളംനയത്തിലെ സ്ഥിരതയില്ലായ്മമൂലമാണെന്ന് ഫാക്ട് എംപ്ലോയീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി എം എസ് ശിവശങ്കരന്‍ അഭിപ്രായപ്പെട്ടു. വളംനിര്‍മാണരംഗത്ത് മുതല്‍മുടക്കുന്നവരെ സംരക്ഷിക്കുന്ന നയമില്ല. പുതിയ സാമ്പത്തികനയത്തിന്റെ വരവോടെ സബ്സിഡികളും വെട്ടിക്കുറച്ചു.
(എം എസ് അശോകന്‍)
deshabhimani 300612
Labels:
പൊതുമേഖല,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment