Sunday, June 17, 2012

ഇടതുപക്ഷത്തെ തകര്‍ക്കാനെത്തുന്ന ഇടതുമുഖംമൂടിയണിഞ്ഞ അവസരവാദികള്‍

""സംഘടനയാണ് പ്രശ്നം"" എന്ന തലക്കെട്ടില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് (ജൂണ്‍ 17) കവര്‍ സ്റ്റോറിയായി പ്രസിദ്ധീകരിച്ച നാലു ലേഖനങ്ങളിലൂടെ സിപിഐ (എം)നെതിരായ കടന്നാക്രമണത്തിന് മറയേതുമില്ലാതെ സൈദ്ധാന്തികവും പ്രായോഗികവുമായ പശ്ചാത്തലമൊരുക്കുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നിട്ടും സിപിഐ (എം) തകര്‍ന്നുപോകാഞ്ഞതെന്തെന്ന് അത്ഭുതംകൂറുന്ന ലേഖകന്മാര്‍, ബംഗാളിലെ അട്ടിമറികളും കേരളത്തില്‍ ഏശാത്തതിന് പിന്നിലെന്തെന്ന് ചികഞ്ഞുനോക്കുന്നു. പാര്‍ടിയുടെ കേരള ഘടകം നേടിയ കരുത്ത് ബഹുജനങ്ങളുമായി ഉറ്റബന്ധം പുലര്‍ത്താന്‍ സഹായിക്കുന്നതാകയാല്‍ അതിന്റെ വേരറുക്കാനുള്ള വഴികള്‍ തേടാന്‍ ലേഖകര്‍ ഉപദേശം നല്‍കുന്നു. സോമശേഖരനും, വി കെ സാജുവും, ജെ രഘുവും, സി ആര്‍ നീലകണ്ഠനും എഴുതിയ നാലു ലേഖനങ്ങളും അടിമുടി മാര്‍ക്സിസ്റ്റ് വിരുദ്ധമെന്നു മാത്രമല്ല, ഇടതുപക്ഷത്താണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് ധ്വനിപ്പിച്ചുകൊണ്ട് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ വഴിതേടുകയാണ്. കമ്യൂണിസ്റ്റുകാരെ തകര്‍ക്കാന്‍ കേരളത്തില്‍ അടിക്കേണ്ട മര്‍മമെവിടെയെന്ന് കാട്ടിക്കൊടുക്കുന്ന ലേഖകര്‍, കമ്യൂണിസത്തിന്റെ ക്ലാസിക് പദാവലികളെ യഥേഷ്ടം ഉപയോഗിച്ച്, ഏതോ ധൈഷണിക വ്യാപാരത്തിലേര്‍പ്പെടുന്ന മാതിരി അഭിനയിക്കുകയാണ്. അരിവാളും ചുറ്റികയും രൂപഭേദംവന്ന് ഫാസിസത്തിന്റെ അടയാളമായ സ്വസ്തികിന് സമാനമായി മാറിയെന്ന് പുറംപേജില്‍ ധ്വനിപ്പിക്കുന്ന പത്രാധിപരുടെ ഇംഗിതം സാധിക്കുന്ന നാലെഴുത്തുകാരും അവര്‍ പിന്‍തുണയ്ക്കുന്ന വലതുപക്ഷവും, ഒരേ തൂവല്‍പക്ഷികളെന്ന് ആഴ്ചപ്പതിപ്പിന്റെ കെട്ടുംമട്ടുംതന്നെ സാക്ഷ്യംപറയുന്നു.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടന എങ്ങനെയാണ് കമ്യൂണിസ്റ്റ് വിരുദ്ധമാകുന്നത് എന്നതാണ് മാതൃഭൂമി നടത്തുന്നതായി പറയുന്ന ഈ അന്വേഷണത്തിന്റെ കാതല്‍. കമ്യൂണിസ്റ്റ്പാര്‍ടി ഒരു വിപ്ലവപാര്‍ടിയാണ്. നിലവിലുള്ള ബൂര്‍ഷ്വാ-ഭൂപ്രഭുവര്‍ഗ്ഗ ഭരണകൂടം ജനങ്ങളുടെമേല്‍ ബലം പ്രയോഗിച്ചാണ് അധികാരത്തിലിരിക്കുന്നത്. അധികാരത്തിലുള്ളവര്‍ഗത്തെ വിപ്ലവത്തിലൂടെ സ്ഥാനഭ്രഷ്ടമാക്കാന്‍ ബലപ്രയോഗംകൂടി വേണ്ടിവരാമെന്ന് പാര്‍ടി മുന്‍കൂട്ടി കാണുന്നുണ്ട്. വിപ്ലവസേന തൊഴിലാളികര്‍ഷകവര്‍ഗമാണ്. അതിെന്‍റ മുകളില്‍നിന്ന് താഴേക്ക് കെട്ടിപ്പടുക്കുന്ന, കേന്ദ്രീകൃത ജനാധിപത്യമാണ് കമ്യൂണിസ്റ്റ് പര്‍ടിയുടെ സംഘടനാ തത്വം. വിവിധ വര്‍ഗ ബഹുജന സംഘടനകള്‍ അവരുടെ ജീവിതാവശ്യങ്ങള്‍ക്കായി നടത്തുന്ന സമരങ്ങളിലൂടെയും പാര്‍ടി അവര്‍ക്ക് നേതൃത്വം നല്‍കിയുമാണ് വര്‍ഗസമരം ശക്തിപ്പെടുത്തുന്നത്. അത് നയിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഹൈക്കമാന്‍ഡാണ് കമ്യൂണിസ്റ്റ് പാര്‍ടി. ഉരുക്കുപോലുറച്ച അച്ചടക്കമുള്ള ഒരു സംഘടനാരൂപം പാര്‍ടിക്കാവശ്യമുണ്ട്. വര്‍ഗ്ഗസമരത്തില്‍ പരാജയപ്പെടുത്തേണ്ട മുതലാളിവര്‍ഗ്ഗം സംഘടിതരാണ്. മാര്‍ക്സിന്റെ കാലത്ത് കുത്തകയായി മുതലാളിത്തം വളര്‍ന്നുതുടങ്ങി. ലെനിന്റെ കാലമായപ്പോള്‍ അത് സാമ്രാജ്യത്വമായി. ആധുനികകാലത്ത് കോര്‍പ്പറേറ്റുകളാണ് രാഷ്ട്രീയ വ്യവസ്ഥയെ നിയന്ത്രിക്കുന്നത്. പട്ടാളം, പൊലീസ്, കോടതി എന്നിവ മാത്രമല്ല, ഭരണകൂടത്തിനുള്ളത്. മതവും മാധ്യമങ്ങളും ഉള്‍പ്പെടുന്ന പ്രത്യയശാസ്ത്ര ഉപകരണങ്ങള്‍ ഭരണകൂടത്തിനുണ്ട് എന്ന് അല്‍ത്തൂസര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണകൂടത്തിനുകൂലമായി ജനങ്ങളില്‍ സമ്മിതി ഉല്‍പാദിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ആധുനിക മാധ്യമപ്രവര്‍ത്തനം. ഇവയെല്ലാം കണ്ടറിഞ്ഞ് ഇഞ്ചിനിഞ്ച് പോരാടി, ഓരോ മേഖലയിലും വര്‍ഗ്ഗസമരം വളര്‍ത്താതെ വിപ്ലവത്തിന് വിജയം കൈവരിക്കാനാവില്ല. പാര്‍ടിയുടെ മുഖപത്രങ്ങള്‍മാത്രമല്ല, ചാനലുകള്‍ ഉള്‍പ്പടെ എല്ലാ മാധ്യമ ബദലുകളും വിപ്ലവപാര്‍ടിക്ക് ഉണ്ടാകേണ്ടതാണ്. പാര്‍ടിക്കും വര്‍ഗ്ഗ ബഹുജനസംഘടനകള്‍ക്കും സദാ കര്‍മ്മനിരതമായ ആപ്പീസുകള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രസിദ്ധീകരണങ്ങള്‍ വേണം. അത്തരത്തില്‍, പോരാട്ടം നടത്തുന്ന ഒരു പാര്‍ടിയും അതിന്റെ സംഘടനാ രൂപവും തകര്‍ന്നു കിട്ടേണ്ടത് കോര്‍പ്പറേറ്റുകള്‍ക്കും മുതലാളിവര്‍ഗത്തിനും പരമാവശ്യമാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനങ്ങളുടെ ലക്ഷ്യവും മറ്റൊന്നല്ല. തീവ്ര ഇടതുപക്ഷ മുന്നേറ്റത്തിന്റെ ആദ്യകാല നേതാവായി മാതൃഭൂമി വാഴ്ത്തി അവതരിപ്പിക്കുന്ന സോമശേഖരന്റേതാണ് ആദ്യ ലേഖനം. ""മാര്‍ക്സിസത്തിനും വര്‍ഗ്ഗസമരസിദ്ധാന്തങ്ങള്‍ക്കുമെല്ലാം പകരം യാഥാസ്ഥിതിക വ്യവഹാരങ്ങള്‍ക്കകത്ത് നട്ടംതിരിയുകയാണ് കേരളത്തിലെ മുഖ്യധാരാ മാര്‍ക്സിസമെന്ന് കുറ്റപ്പെടുത്തുന്ന ലേഖകന്‍ ആഗോളവല്‍ക്കരണകാലത്തെ വര്‍ഗ്ഗസമരത്തിന്റെ ഭാഗമായി സിപിഐ (എം) രൂപപ്പെടുത്തിയ അഖിലേന്ത്യാ പൊതുപണിമുടക്ക് സമരത്തെപ്പോലും വിസ്മരിച്ചുകളയുന്നു. ഐഎന്‍ടിയുസിയും ബിഎംഎസും സിഐടിയുവിനൊപ്പം അണിനിരന്ന ഒരു ദേശീയ പണിമുടക്ക് വര്‍ഗ്ഗസമരത്തിന്റെ വികാസമല്ലെങ്കില്‍ മറ്റെന്താണെന്നും ഈ ""മാര്‍ക്സിസ്റ്റ് പണ്ഡിതന്‍"" പറയട്ടെ.

മറ്റൊരു ലേഖകനായ വി കെ ബാബു സിപിഐ (എം) നേയും അതിന്റെ നേതൃത്വത്തെയും""വ്യവസ്ഥാപിത ഇടതുപക്ഷം"" എന്ന പരികല്‍പനയില്‍ തളച്ചിടുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ ഓവര്‍ഡോസു നല്‍കി ടി പി വധം ""കുള""മാക്കിക്കളഞ്ഞുവെന്നാണ് ബാബുവിന്റെ പരാതി. വലതുപക്ഷത്തിന് സഹായകരമായ വാര്‍ത്തകള്‍ തുടരെ നല്‍കി, സിപിഐ (എം)നെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും പര്‍ടിയെ പ്രതിരോധിക്കാന്‍ ആളുകളെത്തിയത് ബാബുവിനെ നിരാശപ്പെടുത്തുന്നു. ടിപിയുടെ കൊലപാതകത്തിന്റെ രാഷ്ട്രീയം അനാവരണംചെയ്യുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടതിനെപ്പറ്റിലേഖകന്‍ പറയുന്നത് നോക്കുക. ""ആഗോളവല്‍ക്കരണ ശക്തികള്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലേക്ക് അവരോധിച്ച സവിശേഷ ഉല്‍പന്നമായ നേതൃനിരയെ, ആഗോളവല്‍ക്കരണത്തിന്റെ നേരവകാശികളായ വലതുമുന്നണിക്ക് ഓശാനപാടി തുറന്നു കാട്ടാനാവില്ല എന്ന് തിരിച്ചറിയാന്‍ പ്രൊഫഷണലിസം മാത്രം മതിയാവില്ല"" എന്ന വരികളില്‍ എത്രയോ കടുത്ത കമ്യൂണിസ്റ്റ്വിരുദ്ധ വിഷമുണ്ട്.

പാര്‍ടി നേതൃത്വത്തിലുള്ളവര്‍, ആഗോളവല്‍ക്കരണത്തിന്റെ ഒളിച്ചു കടത്തപ്പെട്ട ചാരന്മാരാണെന്ന മുദ്രയടിക്കല്‍ തികഞ്ഞ അസംബന്ധംകൂടിയാണ്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ഫലപ്രദമായി പൊരുതുന്നത് ഇന്ത്യന്‍ ഇടതുപക്ഷമല്ലാതെ മറ്റാരാണ്. സിപിഐ (എം) ഇരുപതാം കോണ്‍ഗ്രസിന്റെ പ്രമേയങ്ങള്‍ നോക്കിയാല്‍തന്നെ അത് വ്യക്തമാകും. സാര്‍വദേശീയ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവ വിഷയമാക്കുന്നത് സിപിഐ (എം) അല്ലാതെ മറ്റാരാണ്? അത്തരമൊരു നേതൃത്വത്തെപ്പറ്റി വിഷലിപ്തമായ കള്ളങ്ങള്‍, സൈദ്ധാന്തികമായ ചട്ടവട്ടങ്ങള്‍ ചേര്‍ത്ത് അടിച്ചുവിടുന്ന ലേഖകന്‍, ഇന്ത്യന്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാവല്‍നായയുടെ ജോലി മാത്രമാണ് ചെയ്യുന്നത്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭണങ്ങളെയോ അമേരിക്കന്‍ മാന്ദ്യത്തേയോ ഉദ്ധരിച്ച്, തകരുന്ന മുതലാളിത്തത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടാന്‍ തുനിയാത്ത ഇത്തരം ലേഖകന്‍മാര്‍ ഇടതുപക്ഷ മുഖംമൂടിയണിഞ്ഞ കള്ളനാണയങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളവരെ സംബന്ധിച്ചിടത്തോളമെങ്കിലും, മാതൃഭൂമിക്കും, ഇതര വലതുപക്ഷ മാധ്യമങ്ങള്‍ക്കും ""യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍"" ഇത്തരക്കാര്‍ ആകുന്നതില്‍ അത്ഭുതമില്ല. മാര്‍ക്സിസ്റ്റ് സംഘടനാ തത്വങ്ങള്‍ പുതുക്കിപ്പണിയണമെന്ന് വാദിക്കുന്ന ലേഖകന്‍ എന്തെല്ലാമാണ് ആവശ്യപ്പെടുന്നതെന്ന് നോക്കുക. ""പാര്‍ടിയുടെ വിവിധതലത്തിലുള്ള സമിതികളുടെ യോഗ നടപടികളുടെ മിനിറ്റ്സ് പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണം. ഇടതുപക്ഷത്തിന്റെ അഭിപ്രായങ്ങള്‍കീഴ്ഘടകങ്ങളിലേക്ക് വിതരണംചെയ്യണം""- എന്നിങ്ങനെ ജനാധിപത്യവാദത്തിന്റെ പട്ടികനീളുന്നു.

പാര്‍ടിയുടെ രാഷ്ട്രീയ നയപരിപാടികള്‍ പരസ്യമാണ്. പരസ്യമാക്കേണ്ടതെല്ലാം പാര്‍ടി പ്രസിദ്ധീകരിക്കാറുണ്ട്. പാര്‍ടി സംഘടന സംബന്ധിച്ച് പാര്‍ടിയുടേതായ ചട്ടക്കൂടും രഹസ്യങ്ങളും ആവശ്യമില്ലേ. ഇതെല്ലാം പരസ്യമാക്കപ്പെടാന്‍, എതിരാളികള്‍ക്ക് ലഭ്യമാകുന്ന നിലവന്നാല്‍, അത് എങ്ങനെ ഒരു രാഷ്ട്രീയ പാര്‍ടിയായി പ്രവര്‍ത്തിക്കും? ശത്രുവര്‍ഗ്ഗം അത് പ്രയോജനപ്പെടുത്തുകയില്ലേ? ഒരു കമ്യൂണിസ്റ്റ്പാര്‍ടിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ എതിരാളിക്ക് ലഭ്യമായാല്‍ അതിന് എങ്ങനെയാണ് ശത്രുക്കളെ ചെറുക്കാനാകുന്നത്? വിപ്ലവം കുട്ടിക്കളിയായി കരുതുന്ന മാധ്യമ പണ്ഡിതന്മാര്‍ക്ക് എന്തുമെഴുതാം. ജനങ്ങളെ സംഘടിപ്പിച്ച് നയിക്കുന്ന ഒരു നേതൃത്വത്തിന്റെ അനുഭവങ്ങള്‍ ഇല്ലാത്ത ഇത്തരം ലേഖകന്മാര്‍ ആട്ടുകട്ടിലിരുന്ന് എഴുതിക്കൂട്ടുന്ന ഇത്തരം വിഡ്ഢിത്തങ്ങള്‍ പാര്‍ടി സംഘടനയുടെ തത്വങ്ങളാകാനിടയായാല്‍ വിപ്ലവംപോയിട്ട് ഒരു സാധാരണ പ്രക്ഷോഭംപോലും അനായാസം അട്ടിമറിക്കപ്പെടും. അതാഗ്രഹിക്കുന്ന യജമാനന്‍മാരെ സന്തോഷിപ്പിക്കാന്‍ ഇത്തരം ഉപദേശങ്ങള്‍ കൊള്ളാമെങ്കിലും സിപിഐ (എം)നെ അങ്ങനെയാക്കാന്‍ മിനക്കെടണമെന്നില്ല.

""എന്താണ് പാര്‍ടി, എന്താണ് സിപിഐ (എം)"" എന്ന ലേഖനത്തിലൂടെ ജെ രഘു ഒരുപടി കൂടി കടന്ന് പാര്‍ടിയെ ഫാസിസത്തിന്റെ കള്ളിയിലേക്ക് വലിച്ചുകയറ്റുന്നു. ""പാര്‍ടിയെ തകര്‍ക്കാനുള്ള ഗൂഢാലോച""യെന്ന് പാര്‍ടി നേതൃത്വം ആരോപിക്കുന്നത് പാര്‍ടി അനുഭാവികളില്‍ പ്രകമ്പനമുണ്ടാക്കുന്നതായി ലേഖകന്‍ അസ്വസ്ഥതപ്പെടുന്നു. ""ജര്‍മ്മന്‍രാഷ്ട്രം പ്രതിസന്ധിയില്‍"" എന്ന് ഹിറ്റ്ലര്‍ പറഞ്ഞതിന് തുല്യമാണെന്നാണ് ലേഖകന്റെ പക്ഷം. ഭരണാധികാരത്തില്‍പോലും ഇല്ലാത്ത കമ്യൂണിസ്റ്റ്പാര്‍ടിയുടെ ഒരു ഘടകത്തെ ഭരണകൂടത്തെപ്പോലെ ചിത്രീകരിക്കുകയും, ഫാസിസ്റ്റ് ഭരണകൂടം നടത്തിയ കൂട്ടക്കൊലകള്‍ക്കും കൊള്ളയ്ക്കും സമാനമായി പാര്‍ടി നടത്തുന്ന പ്രതിരോധങ്ങളെ കാണുകയും ചെയ്യുന്നു. ""അതീവരഹസ്യമായി ആളുകളെ കൊല്ലുന്ന രീതിയാണ് സിപിഐ (എം)ന്റേത്"" എന്നും കൊലയ്ക്കുശേഷം അതിനെ ന്യായീകരിക്കുകയാണ് ഫാസിസ്റ്റുകളില്‍നിന്നും പാര്‍ടിക്കുള്ള വ്യത്യാസമെന്നുമാണ് ലേഖകന്റെ പക്ഷം. ഇവിടെ ചന്ദ്രശേഖരന്‍വധം പാര്‍ടി നടത്തിയ ഒരു കാര്യമേയല്ല. അതിനെ അപലപിക്കുകയാണ് പാര്‍ടിചെയ്തത്. പാര്‍ടി ചെറുത്തത് അതിന്റെ മറവില്‍ പാര്‍ടിയെ കടന്നാക്രമിച്ചതിനെയാണ്. ഒഞ്ചിയത്ത് നൂറോളം വീടുകള്‍ ചാമ്പലാക്കിയത് അക്രമമല്ലേ? അത് നടത്തിയത് ന്യായീകരിക്കത്തക്കതാണോ? അതിലെ പ്രതികളെ വെളിച്ചത്തുകൊണ്ടുവരാതെ പൊലീസ് ഒളിച്ചുകളിച്ചു. യുഡിഎഫ് നേതാക്കള്‍ നേരിട്ട് നിര്‍ദ്ദേശിച്ചതനുസരിച്ച് പ്രതികളെ നിശ്ചയിക്കുന്ന നിലപാടാണ്. ഇതിനെ ചെറുക്കാന്‍ പാര്‍ടി നടത്തുന്ന പരിശ്രമങ്ങളെ നവഫാസിസമായി വിലയിരുത്തുന്ന ലേഖകന്‍ ഫാസിസമെന്തെന്നുപോലും അറിയാത്തയാളായിപ്പോയിയെന്ന് തോന്നും. കേരളത്തിലെ പാര്‍ടിയുടെ അടിത്തറ പാര്‍ടി കെട്ടിപ്പടുത്ത സാമ്പത്തിക സാമ്രാജ്യമാണെന്നും പാര്‍ടിയുടെ ആഭിമുഖ്യത്തിലുള്ള സ്ഥാപനങ്ങളില്‍ ജോലിക്കാരുടേയും, പൂര്‍ണ്ണസമയ പ്രവര്‍ത്തകരുടേയും ഉപജീവനത്തെ ബാധിക്കുന്നതായതിനാല്‍ അവര്‍ ഒരു കവചമായിനിന്ന് പാര്‍ടിയെ രക്ഷിക്കുകയാണെന്നുമാണ് ലേഖകന്റെ പക്ഷം. യാഥാര്‍ത്ഥ്യം ഇതില്‍നിന്ന് എത്ര അകലെയാണ്. കുറെപ്പേര്‍ക്ക് ജോലികൊടുത്ത് എങ്ങനെയാണ് ഒരു പാര്‍ടി നിലനില്‍ക്കുക. സിപിഐ (എം) നേതൃത്വം നല്‍കുന്ന വര്‍ഗ്ഗബഹുജന സംഘടനകളില്‍ ലക്ഷക്കണക്കിന് ആളുകളുണ്ട്. സര്‍വ്വീസ്മേഖല ഉള്‍പ്പടെ പാര്‍ടിയോട് ആഭിമുഖ്യമുള്ളവര്‍തന്നെ ലക്ഷം കവിയും. അവരൊക്കെ ഉപജീവനത്തിന് പാര്‍ടിയെ കാണുകയല്ല മറിച്ച്, തങ്ങളുടെ ജോലിയും, അവകാശവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ആയുധമായാണ് പാര്‍ടിയെ കാണുന്നത്. ഭൂമിയില്ലാത്തവന് ഭൂമി നേടാന്‍ നടത്തിയ പോരാട്ടമാണ് അവരുടെ മുന്‍ തലമുറയെ ഭൂമിയുടെ ഉടമസ്ഥരാക്കിയത്. ചോരകിനിഞ്ഞ ഇത്തരം പോരാട്ടങ്ങളിലൂടെ രൂപപ്പെട്ട സംഘടനാ രൂപങ്ങളേയും ശക്തിയേയും ഉപജീവനം നടത്തുന്നവരുടെ സങ്കുചിതത്വത്തിന്റെ മുദ്രകുത്തി ഇകഴ്ത്തിക്കാട്ടുന്നത്, പാര്‍ടി അനുഭാവികള്‍ ഉള്‍പ്പെടുന്ന ജനലക്ഷങ്ങള്‍ക്ക് അപമാനകരമാണ്. ""തീം പാര്‍ക്കുകള്‍, നിര്‍മ്മാണക്കമ്പനികള്‍, ആസ്പത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍"" എന്നാണ് ലേഖനത്തിലൊരിടത്ത് പറയുന്നത്. സഹകരണമേഖലയില്‍ പാര്‍ടി മുന്‍കൈ എടുത്ത് വിജയകരമായി സംരംഭങ്ങള്‍ പലതും നടക്കുന്നുവെന്നല്ലാതെ, ഇവയിലൊന്നും പാര്‍ടിക്ക് നിക്ഷേപില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ നിഗൂഢതകള്‍പോലെ പാര്‍ടിയുടെ കയ്യില്‍ സമ്പത്ത് കെട്ടിവച്ചിരിക്കുന്നുവെന്നത് പച്ചയായ കള്ളം മാത്രമാണ്.

പാര്‍ടി എവിടെയും ഗൂഢമായി പണം ഒളിപ്പിച്ചുവയ്ക്കുന്നില്ല. ജനങ്ങള്‍ അറിയാത്ത വരുമാന സ്രോതസ്സുകള്‍ പാര്‍ടിക്കില്ല. കോര്‍പ്പറേറ്റുകളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കാറില്ല. ഒറ്റപ്പെട്ട ചില കാര്യങ്ങളെ സാമാന്യവല്‍ക്കരിച്ച് പണത്തിനുപിറകെ നടക്കുന്ന ആര്‍ത്തിക്കാരാണ് കമ്യൂണിസ്റ്റുകാരെന്ന് വരുത്താന്‍ ശ്രമിക്കുന്ന മാധ്യമ പ്രചാരണങ്ങളെ അതേപോലെ ഏറ്റുപാടുന്ന ലേഖകന്‍ ഒരു "അധോലോക സമ്പദ്ക്രമ"മാണ് പാര്‍ടി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറയുനോള്‍ എല്ലാ സാമാന്യ മര്യാദകളേയും ലംഘിക്കുന്നു. യാതൊരു തെളിവും ആധികാരികതയും ഇല്ലാതെ സിപിഐ (എം)നെതിരെ ആരെന്തെഴുതിയാലും അച്ചടിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് മാതൃഭൂമി ഉള്‍പ്പെടെ പല മാധ്യമങ്ങളും തെളിയിച്ചിട്ടുള്ളതുകൊണ്ട്, രഘുവിന്റെ ലേഖനത്തിലെ പൊയ്വെടികള്‍ ആരെയും അത്ഭുതപ്പെടുത്തുകയില്ല. ""ശുദ്ധ മതക്കാരനായ വിമതര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്ര വിമര്‍ശനങ്ങളെ വീക്ഷിക്കുന്നത് ശല്യവും വഞ്ചനയുമായാണ്"" എന്ന വരികളില്‍ എത്രയോ കൗടില്യം ഒളിപ്പിച്ചിരിക്കുന്നു. ആര്‍എംപി ഉള്‍പ്പെടെ പാര്‍ടി വിട്ടുപോയവര്‍ ശുദ്ധാത്മാക്കള്‍. അവര്‍ പറയുന്നത് ശരിയായ കമ്യൂണിസം. പാര്‍ടിയെ പ്രതിരോധിക്കുന്നവര്‍ അധോലോകം. അതിന് കണ്ണൂര്‍ ലോബിയെന്ന അധിക്ഷേപംകൊണ്ട് മേമ്പൊടി ചേര്‍ക്കുന്നു. ഇത്തരം വര്‍ഗീകരണത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എല്ലാവര്‍ക്കുമറിയാം.

സിപിഐ (എം)ല്‍ ലോബികള്‍ ഉണ്ടാവില്ല. സംഘടനാപരമായി കൈകാര്യംചെയ്യാന്‍ കഴിയാത്ത ഒരു പ്രശ്നവും പാര്‍ടിക്കില്ല. എന്നാല്‍ നേതാക്കളെ പല കള്ളികളിലാക്കി ചിത്രീകരിക്കുന്നതിലും ചിലര്‍ ഉത്തമരും ചിലര്‍ അധമരുമെന്ന് ചായം പൂശുന്നതിലും, ലക്ഷ്യം സംഘടനയെ ഭിന്നിപ്പിക്കലാണ്. ടി പി ചന്ദ്രശേഖരന്റെ വധം പുതിയ ഇടതുപക്ഷത്തിന് വഴിതെളിക്കുമോയെന്ന അന്വേഷണമാണ് സി ആര്‍ നീലകണ്ഠന്‍ നടത്തുന്നത്. സിപിഐ (എം)നെ തകര്‍ത്ത് രൂപീകരിക്കുന്ന പുതിയ പാര്‍ടിയുടെ ഭരണഘടനകൂടി നീലകണ്ഠന്‍ വരച്ചുകാട്ടുന്നു. ""കുലം"" എന്ന പദം പ്രത്യയശസ്ത്ര അടിത്തറയില്ലാത്തതാണെന്നും പാര്‍ടി പഴയ കുല ഗോത്ര ബോധത്തില്‍ തളച്ചിടപ്പെട്ടിരിക്കുന്നു എന്നുമാണ് നീലകണ്ഠന്റെ മറ്റൊരു തീസിസ്. വര്‍ഗപ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നവരെ ചോദ്യംചെയ്യുകയെന്നത് സംഘടനാപരമായി പാര്‍ടിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ശത്രുവര്‍ഗ്ഗത്തോടേറ്റുമുട്ടുമ്പോള്‍ ഒറ്റുകാര്‍ രംഗത്തുവരും. അവരോടും വിട്ടുവീഴ്ച പാടില്ല. ആര്‍എംപി കോണ്‍ഗ്രസുമായി രഹസ്യബാന്ധവമുണ്ടാക്കി, യുഡിഎഫിന് വിജയിക്കാന്‍ വഴിയൊരുക്കിയവരാണ്. പരസ്യമായ കോണ്‍ഗ്രസ് വിരോധവും രഹസ്യമായ കോണ്‍ഗ്രസ് ബാന്ധവവുമാണ് ആര്‍എംപി നടത്തിയത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അത് കണ്ടു. അത്തരമൊരു പാര്‍ടിയാണ് പുതിയ ഇടതുപക്ഷത്തിന്റെ അടിത്തറയെന്ന് നീലകണ്ഠന്‍ പറയുമ്പോള്‍, യുഡിഎഫിന് ശക്തിപകരാന്‍ ഇടതുരാഷ്ട്രീയത്തെ കുരുതികൊടുക്കലാണ് ലക്ഷ്യം. ഇവിടെ പാര്‍ടിയെ ദുര്‍ബലപ്പെടുത്താന്‍ സംഘടനയെ ശിഥിലീകരിക്കണം. സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയോടെ സംഘടനാ രൂപത്തിനെതിരെ പ്രത്യയശാസ്ത്രാക്രമണംതന്നെ ലോകമെമ്പാടും നടന്നു. അതിനെ നിരാകരിച്ച സിപിഐ എം ആഗോളവല്‍ക്കരണകാലത്തും ശക്തിപ്പെട്ടതാണ് അനുഭവം. ""പുതിയ ഇടതുപക്ഷ""മെന്ന വ്യാമോഹം പടര്‍ത്തി, യഥാര്‍ത്ഥ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തേണ്ടത് സാമ്രാജ്യത്വ അജണ്ടയാണ്. ഹിലാരിക്ലിന്റണ്‍ കൊല്‍ക്കത്തയിലെത്തി മമതയെ കാണുമ്പോള്‍ അത് വ്യക്തമാകും. കേരളത്തിലും പുതിയ സാധ്യതകള്‍ തേടുന്നവര്‍ക്ക് ചന്ദ്രശേഖരനിലൂടെ ഒരു പുതിയ പഴുത് കിട്ടുമോ എന്നതാണ് നോട്ടം. സൂചി കടത്താനിട കിട്ടുമെന്ന് കരുതി തൂമ്പയുമായി മാതൃഭൂമി വരികയാണ്. അതിനെ തിരിച്ചറിയാനുള്ള കെല്‍പ്പ് പാര്‍ടി സംഘടനയ്ക്കുണ്ടെന്ന് ആഴ്ചപ്പതിപ്പിന്റെ പത്രാധിപരും ഉടമസ്ഥരും ലേഖക സംഘവും ഓര്‍ക്കുന്നത് നന്നാവും.

അഡ്വ. കെ അനില്‍കുമാര്‍ chintha 220612

1 comment:

  1. .....ഇടതുപക്ഷത്താണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് ധ്വനിപ്പിച്ചുകൊണ്ട് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ വഴിതേടുകയാണ്. കമ്യൂണിസ്റ്റുകാരെ തകര്‍ക്കാന്‍ കേരളത്തില്‍ അടിക്കേണ്ട മര്‍മമെവിടെയെന്ന് കാട്ടിക്കൊടുക്കുന്ന ലേഖകര്‍, കമ്യൂണിസത്തിന്റെ ക്ലാസിക് പദാവലികളെ യഥേഷ്ടം ഉപയോഗിച്ച്, ഏതോ ധൈഷണിക വ്യാപാരത്തിലേര്‍പ്പെടുന്ന മാതിരി അഭിനയിക്കുകയാണ്.

    ReplyDelete