Thursday, July 12, 2012

രാജ്യത്ത് സ്ഥിരംതൊഴില്‍ ഉള്ളവര്‍ 20 ശതമാനം


രാജ്യത്തെ തൊഴിലില്ലായ്മ 3.8 ശതമാനമാണെന്ന് ദേശീയ തൊഴില്‍-തൊഴിലില്ലായ്മ സര്‍വേ റിപ്പോര്‍ട്ട്. എന്നാല്‍, തൊഴിലുള്ളവരായി കണക്കാക്കുന്നതില്‍ 48.65 ശതമാനംപേര്‍ സ്വയംതൊഴില്‍ ചെയ്യുന്നവരാണെന്നും സര്‍വേയില്‍ പറയുന്നു. സ്ഥിരമായി തൊഴിലുള്ളവര്‍ 20 ശതമാനത്തില്‍ താഴെ മാത്രം. കേന്ദ്ര തൊഴില്‍മന്ത്രാലയത്തിനു കീഴില്‍ ഛന്ദീഗഢില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ ബ്യൂറോയാണ് സര്‍വേ നടത്തിയത്.

ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ ഗോവ, കേരളം, ബിഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ദേശീയതലത്തില്‍ ഗ്രാമീണമേഖലയില്‍ 3.4 ശതമാനവും നഗരമേഖലയില്‍ അഞ്ച് ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. പുരുഷന്മാരുടെ തൊഴിലില്ലായ്മ 2.9 ശതമാനം മാത്രമുള്ളപ്പോള്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ 6.9 ശതമാനമാണ്. നഗരങ്ങളില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ 12.5 ശതമാനമാണ്. ദേശീയതലത്തില്‍ തൊഴിലുള്ളവരില്‍ 19.7 ശതമാനത്തിന് മാത്രമാണ് സ്ഥിരം വേതനം ലഭിക്കുന്നത്. നഗരത്തിലാണ് സ്ഥിരംജോലിക്കാര്‍ കൂടുതല്‍. തൊഴിലുള്ളവരായി കണക്കാക്കുന്നവരില്‍ 31.7 ശതമാനം കരാര്‍-താല്‍ക്കാലിക തൊഴിലുള്ളവരാണ്. സ്വയംതൊഴില്‍ ചെയ്യുന്നവരില്‍ 52.9 ശതമാനവും കാര്‍ഷിക, മത്സ്യബന്ധന, വനം മേഖലകളില്‍ തൊഴില്‍ ചെയ്യുന്നു. 19.3 ശതമാനം നിര്‍മിതോല്‍പ്പന്ന-നിര്‍മാണമേഖലകളിലും സ്വയംതൊഴില്‍ കണ്ടെത്തുന്നു. 27.8 ശതമാനം സേവനരംഗം ഉള്‍പ്പടെയുള്ള ഇതര മേഖലകളില്‍ സ്വയംതൊഴില്‍ ചെയ്യുന്നു.

1000ല്‍ 508 കുടുംബങ്ങള്‍ക്ക് സ്വയംതൊഴിലാണ് വരുമാനമാര്‍ഗം. ഇതില്‍ 396 കുടുംബങ്ങള്‍ കൃഷി ചെയ്യുന്നവരാണ്. 113 കുടുംബങ്ങള്‍ കാര്‍ഷികേതര സ്വയംതൊഴില്‍ ചെയ്യുന്നു. 207 കുടുംബങ്ങളില്‍ കര്‍ഷകത്തൊഴിലാളികളാണ് വരുമാനമുണ്ടാക്കുന്നത്. സ്ഥിരം ശമ്പളമോ വേതനമോ ഉള്ള കുടുംബങ്ങള്‍ 111. 125 കുടുംബങ്ങള്‍ മറ്റ് തൊഴിലുകള്‍ ചെയ്യുന്നു. 49 കുടുംബങ്ങള്‍ വീട്ടില്‍ത്തന്നെ സ്വയംതൊഴില്‍ ചെയ്യുന്നു. കേരളത്തില്‍ തൊഴിലില്ലായ്മ 1000ന് 145 ആണ്. ആയിരത്തില്‍ 262 സ്ത്രീകള്‍ കേരളത്തില്‍ തൊഴില്‍രഹിതരാണ്. സ്ത്രീ, പുരുഷ തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമതാണ്. കേരളത്തില്‍ 1000 പേരില്‍ കൃഷിയിലൂടെ ജീവിതമാര്‍ഗം കണ്ടെത്തിയവര്‍ 78 പേരാണ്. കാര്‍ഷികേതരമേഖലയില്‍ സ്വയംതൊഴില്‍ കണ്ടെത്തിയവര്‍ 151. സ്ഥിരം ശമ്പളമോ വേതനമോ ഉള്ള തൊഴിലുള്ളവര്‍ 178 പേര്‍ മാത്രം. കര്‍ഷകത്തൊഴിലാളികള്‍ 131 പേര്‍. മറ്റ് വിഭാഗങ്ങളില്‍ തൊഴില്‍ചെയ്യുന്നവര്‍ 283. വീടുകള്‍ അടിസ്ഥാനമാക്കി തൊഴില്‍ ചെയ്യുന്നവര്‍ 179.
(വി ജയിന്‍)

deshabhimani 120712

1 comment:

  1. രാജ്യത്തെ തൊഴിലില്ലായ്മ 3.8 ശതമാനമാണെന്ന് ദേശീയ തൊഴില്‍-തൊഴിലില്ലായ്മ സര്‍വേ റിപ്പോര്‍ട്ട്. എന്നാല്‍, തൊഴിലുള്ളവരായി കണക്കാക്കുന്നതില്‍ 48.65 ശതമാനംപേര്‍ സ്വയംതൊഴില്‍ ചെയ്യുന്നവരാണെന്നും സര്‍വേയില്‍ പറയുന്നു. സ്ഥിരമായി തൊഴിലുള്ളവര്‍ 20 ശതമാനത്തില്‍ താഴെ മാത്രം. കേന്ദ്ര തൊഴില്‍മന്ത്രാലയത്തിനു കീഴില്‍ ഛന്ദീഗഢില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ ബ്യൂറോയാണ് സര്‍വേ നടത്തിയത്.

    ReplyDelete