Friday, July 13, 2012

പ്രക്ഷോഭത്തിനൊരുങ്ങുക: ട്രേഡ് യൂണിയന്‍ സംയുക്തവേദി


ജനങ്ങളുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്ന നടപടികളില്‍നിന്ന് യുപിഎ സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ അതിശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകാന്‍ ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി രാജ്യത്തെ തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. എഐടിയുസിയടക്കമുള്ള ട്രേഡ് യൂണിയനുകള്‍ പങ്കെടുത്ത യോഗം കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ ശക്തമായി അപലപിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് തുക വെട്ടിക്കുറയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയിലും യോഗം ശക്തിയായി പ്രതിഷേധിച്ചു.
ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി നേരത്തെ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം. എല്ലാ തൊഴില്‍ മേഖലയിലും ഏറ്റവും കുറഞ്ഞ വേതനം 10,000 രൂപയാക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാശം ഉറപ്പുവരുത്തുകയും നിശ്ചിത കാലയളവിനുള്ളില്‍തന്നെ തൊഴിലാളിസംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുകയും ചെയ്യുക,&ാറമവെ;എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും നിയമാനുസൃതമായി ട്രേഡ് യൂണിയനുകള്‍ക്ക് അംഗീകാരം നല്‍കുക, എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും എട്ട് മണിക്കൂര്‍ ജോലിസമയം ബാധകമാക്കുക, കരാര്‍ തൊഴിലാളികള്‍ക്ക് തുല്യ ജോലിക്ക് തുല്യവേതനം നല്‍കുക, പൊതുമേഖല വിറ്റഴിക്കുന്നത് നിര്‍ത്തുക, നാണയപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും തടയാന്‍ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളാണ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നത്. ഈ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 28ന് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പ്രതിലോമ നടപടികള്‍ക്കെതിരെ അലംഭാവമില്ലാതെ അതിശക്തമായ പ്രക്ഷോഭം തുടരണമെന്ന് യോഗം അഭ്യര്‍ഥിച്ചു. എല്ലാ തലങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍, റാലികള്‍, പ്രാദേശിക-സംസ്ഥാന തലങ്ങളില്‍ കണ്‍വന്‍ഷന്‍ എന്നിവ നടത്തണം. ദേശീയതലത്തിലെ പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ നാലിന് ഡല്‍ഹിയിലെ താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ദേശീയ കണ്‍വന്‍ഷന്‍ നടത്തും. കണ്‍വന്‍ഷനില്‍ തൊഴിലാളിസംഘടനകളുടെ പങ്കാളിത്തം കണ്‍വന്‍ഷന്‍ അഭ്യര്‍ഥിച്ചു. സംയുക്ത പ്രസ്താവനയില്‍ സഞ്ജീവറെഡ്ഡി (ഐഎന്‍ടിയുസി), ബി എന്‍ റോയ്(ബിഎംഎസ്), തപന്‍സെന്‍(സിഐടിയു), ഗുരുദാസ് ദാസ്ഗുപ്ത(ഐഎന്‍ടിയുസി), സിദ്ധു(എച്ച്എംഎസ്), ഷണ്‍മുഖം(എല്‍പിഎഫ്) എന്നിവരടക്കം 11 ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ ഒപ്പിട്ടു. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

deshabhimani 130712

No comments:

Post a Comment