Friday, July 13, 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഡീസല്‍വില കൂട്ടും


രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഡീസല്‍വില വര്‍ധിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രാലയം സൂചന നല്‍കി. ഡീസല്‍ വില വര്‍ധന അനിവാര്യമാണെന്നും പക്ഷേ എപ്പോഴാണ് നടപ്പാക്കുകയെന്ന് പറയാനാകില്ലെന്നും പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ലിറ്ററിന് 10.33 രൂപ വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പെട്രോളിന്റെ വിലനിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനു പിന്നാലെ ഡീസല്‍ വിലനിയന്ത്രണവും സര്‍ക്കാരിന്റെ ചുമതലയില്‍നിന്ന് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. 2010 ജൂണില്‍ ഇക്കാര്യത്തില്‍ തത്വത്തില്‍ ധാരണയായിരുന്നു. എന്നാല്‍, ശക്തമായ എതിര്‍പ്പുമൂലം നടപ്പില്‍ വരുത്താനായില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുമുമ്പ് വിലവര്‍ധനയും അതേക്കുറിച്ചുള്ള ചര്‍ച്ചയും പ്രതിഷേധവും ഒഴിവാക്കാന്‍വേണ്ടിയാണ് വിലവര്‍ധന നീട്ടിവച്ചത്. രാജ്യത്തിന്റെ സാമ്പത്തികരംഗം അനുദിനം തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ അതിന്റെ പ്രധാന കാരണം സബ്സിഡി നല്‍കുന്നതുകൊണ്ടുള്ള ധനകമ്മിയാണെന്ന പ്രചാരണം തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഡീസലിന് ഇപ്പോള്‍ നല്‍കുന്ന സബ്സിഡി പൂര്‍ണമായും പിന്‍വലിക്കണമെന്ന ആലോചനയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. രണ്ടുവര്‍ഷംകൊണ്ട് പൂര്‍ണമായും സബ്സിഡി ഇല്ലാതാക്കാനാകും സര്‍ക്കാര്‍ ശ്രമം.

ഡീസല്‍ വിലവര്‍ധന സംബന്ധിച്ച് എണ്ണക്കമ്പനികളുടെ ആവശ്യം പൂര്‍ണമായും അംഗീകരിക്കാന്‍ സാധ്യതയില്ലെങ്കിലും കുറഞ്ഞത് അഞ്ചു രൂപയുടെയെങ്കിലും വര്‍ധന വരുത്താനാണ് സാധ്യത. ഇപ്പോള്‍ കേരളത്തില്‍ 45 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. 2004ല്‍ ലിറ്ററിന് 24 രൂപയായിരുന്നു വില. 2010 നവംബറില്‍ 41.39 രൂപയാക്കി. 2011 ജൂണില്‍ 45.14 രൂപയായും തൊട്ടടുത്ത മാസം 44.55 രൂപയുമാക്കി. ഡീസലിന് കൂടുതല്‍ നികുതി ചുമത്താനുള്ള ആലോചനയും നടക്കുന്നുണ്ട്. ഡീസല്‍വില കൂടുന്നതോടെ ചരക്കുകടത്ത്കൂലിയും യാത്രക്കൂലിയും വര്‍ധിക്കും. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരും. ബസ് ചാര്‍ജ്, ട്രെയിന്‍ യാത്രനിരക്ക് എന്നിവയും വര്‍ധിക്കും.

deshabhimani 130712

No comments:

Post a Comment