Friday, August 24, 2012
കൊച്ചി കപ്പല്‍ശാലയുടെ 10 ശതമാനം ഓഹരി വില്‍ക്കുന്നു
പൊതുമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ പത്ത് ശതമാനം ഓഹരി വിറ്റഴിക്കാന്‍ ഷിപ്പിങ് മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയത്തിന്റെ കൂടിയാലോചനാ സമിതി യോഗത്തിലാണ് അംഗങ്ങളുടെ വിയോജനക്കുറിപ്പോടെ സ്വകാര്യവല്‍ക്കരണത്തിന് തീരുമാനമെടുത്തത്. കപ്പല്‍ശാലയുടെ വികസനപദ്ധതിക്ക് പണം കണ്ടെത്താനെന്ന വിശദീകരണത്തോടെയാണ് സ്വകാര്യവല്‍ക്കരണനീക്കം. സിപിഐ എം അംഗം എ സമ്പത്ത്, സിപിഐ അംഗം ബിഭുപ്രസാദ് തരായ്, കോണ്‍ഗ്രസ് അംഗം ഫ്രാന്‍സിസ്കോ സാര്‍ഡിന്‍ഹ എന്നിവരാണ് സ്വകാര്യവല്‍ക്കരണനീക്കത്തെ എതിര്‍ത്തത്.
49 ശതമാനം ഓഹരി വിറ്റഴിക്കലാണ് ലക്ഷ്യം. അതിന്റെ ആദ്യഘട്ടമായാണ് പത്ത് ശതമാനം ഓഹരികള്‍ വില്‍ക്കുന്നതെന്നും ഇത് കേന്ദ്ര സര്‍ക്കാരിന്റെ പൊതു തീരുമാനപ്രകാരമാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഓഹരി വിറ്റഴിക്കല്‍ നടപടി ഈ വര്‍ഷം ആരംഭിക്കും. 1500 കോടിയുടെ വികസനപദ്ധതിയുടെ പകുതി പണം ഓഹരി വില്‍പ്പനയിലൂടെ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് മന്ത്രാലയം നേരത്തെ വിശദീകരിച്ചിരുന്നു. എന്നാല്‍, കൂടിയാലോചനാ സമിതിയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്, ഓഹരി വിറ്റുകിട്ടുന്ന പണം സര്‍ക്കാരിന്റെ പൊതുഫണ്ടിലേക്കാണ് പോവുകയെന്നാണ് ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
2011-12 സാമ്പത്തികവര്‍ഷം 1400 കോടി വരുമാനമുണ്ടാക്കിയ സ്ഥാപനം 172 കോടി രൂപയുടെ ലാഭം നേടിയിരുന്നു. തൊട്ടുമുമ്പുള്ള വര്‍ഷം 1462 കോടി രൂപ വിറ്റുവരവും 228 കോടി രൂപ ലാഭവും നേടി. ആഗോളമായി കപ്പല്‍നിര്‍മാണ വ്യവസായം മാന്ദ്യം നേരിടുമ്പോഴും കൊച്ചി കപ്പല്‍ശാല ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നത്. കൂറ്റന്‍ കപ്പല്‍ നിര്‍മിക്കാനും വിമാനവാഹിനിക്കപ്പലുകളടക്കം അറ്റകുറ്റപ്പണി നടത്താനും കഴിയുന്ന സ്ഥാപനമാണിത്. വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണവും ഇവിടെ നടക്കുന്നു. ഇതിനകം 40 വലിയ കപ്പലുകള്‍ നിര്‍മിച്ചുനല്‍കിയ കപ്പല്‍ശാലയ്ക്ക് 2410 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. യുടി 755 സിഡി വിഭാഗത്തിലുള്ള ഒരു പ്ലാറ്റ്ഫോം സപ്ലൈ വെസല്‍, എഎച്ച്ടിഎസ് വെസല്‍, പിഎസ്വി 05 എല്‍സിഡി വിഭാഗത്തിലെ നാല് കപ്പലുകള്‍, കോസ്റ്റ്ഗാര്‍ഡിനുവേണ്ടി 20 ഫാസ്റ്റ് പട്രോള്‍ വെസല്‍(1350 കോടി രൂപയുടെ ഓര്‍ഡര്‍) ബയോ ടെന്‍ഡര്‍ വെസല്‍ എന്നിവയടക്കമാണ് 2410 കോടി രൂപയുടെ ഓര്‍ഡറുകള്‍.
ഈ ഓര്‍ഡറനുസരിച്ച് നിര്‍മാണപ്രവര്‍ത്തനം ഊര്‍ജിതമാക്കാനാവശ്യമായ വികസനപ്രവര്‍ത്തനത്തിന് സ്ഥാപനത്തിന്റെ ലാഭവും കുറച്ച് കേന്ദ്രസഹായവും മതിയാകും. അതിനുപകരം ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനമാണ് യുപിഎ സര്‍ക്കാര്‍ നടത്തുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ കപ്പലുകളുടെ അറ്റകുറ്റപ്പണിയുടെ 80 ശതമാനവും വിദേശരാജ്യങ്ങളിലാണ് നടക്കുന്നത്. കൊച്ചി കപ്പല്‍ശാലയുടെ ശേഷി പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിഞ്ഞാല്‍ ഇതില്‍ വലിയൊരു ഭാഗം ഇന്ത്യയില്‍ത്തന്നെ നടത്താന്‍ കഴിയും. ഒഎന്‍ജിസിയുടെ റിഗ്ഗുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള കപ്പല്‍ശാലയ്ക്ക് ആ രംഗത്ത് കൂടുതല്‍ നേട്ടമുണ്ടാക്കാമെന്നിരിക്കെയാണ് ഓഹരി വിറ്റഴിക്കുന്നത്.
(വി ജയിന്‍)
deshabhimani 240812
Subscribe to:
Post Comments (Atom)
No comments:
Post a Comment