Saturday, August 25, 2012

64 പൊലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് ലീഗ്: കോടിയേരി


മട്ടന്നൂര്‍: സംസ്ഥാനത്തെ 64 പൊലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് മുസ്ലിംലീഗാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ സ്റ്റേഷനുകളിലെ നിയന്ത്രണവും എസ്ഐമാരെ നിശ്ചയിക്കുന്നതും ലീഗാണ്. അതുകൊണ്ടാണ് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ പി കെ ബഷീര്‍ എംഎല്‍എയെ അറസ്റ്റ്ചെയ്യാന്‍ കഴിയാത്തത്-എല്‍ഡിഎഫ് മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

നിയമം നിയമത്തിന്റെ വഴിക്കല്ല, കോണ്‍ഗ്രസിന്റെയും ലിഗീന്റെയും വഴിക്കാണ് നീങ്ങുന്നത്. നിയമവാഴ്ചയില്ലാത്ത സംസ്ഥാനമായി കേരളം മാറി. ആധുനിക സമൂഹത്തിന് യോജിച്ച രീതിയില്‍ പൊലീസ് നിയമം 2011 ജനുവരിയില്‍ പരിഷ്കരിച്ചത് പലര്‍ക്കും അറിയില്ല. ഈ നിയമത്തോടല്ല, കോണ്‍ഗ്രസ് ഓഫീസിനോടാണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബാധ്യത. ലോക്കപ്പ് മര്‍ദനവും മൂന്നാംമുറയും നിരോധിച്ച സംസ്ഥാനമാണ് കേരളം. കണ്ണൂരില്‍മാത്രം അടുത്തിടെ 69 പേര്‍ ലോക്കപ്പ് മര്‍ദനത്തിന് ഇരയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അടിമുടി പരിഷ്കരിച്ച പൊലീസ് നിയമത്തിലെ 29-ാം വകുപ്പ് പൊലീസുകാര്‍ വായിച്ച് പഠിക്കണം. ഈ വകുപ്പു പ്രകാരം ഡ്യൂട്ടിയിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായേ പെരുമാറാവൂ. സഭ്യമായ ഭാഷയേ സംസാരിക്കാവൂ. ഇതനുസരിച്ചാണോ ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കണം. എന്തു പ്രകോപനമുണ്ടായാലും പൊലീസ് ആത്മനിയന്ത്രണം പാലിക്കണമെന്നും അക്രമമനോഭാവം പ്രകടിപ്പിക്കരുതെന്നും നിയമം അനുശാസിക്കുന്നു.

സംസ്ഥാനത്ത് പൊലീസ് ആക്ട് നിരന്തരം ലംഘിക്കപ്പെടുകയാണ്. പൊലീസ് ആക്ടിലെ 46-ാം വകുപ്പിലെ മൂന്നാം ഉപവകുപ്പ് പ്രകാരം ഒരാളെ പൊലീസ് അറസ്റ്റുചെയ്ത് കസ്റ്റഡിയില്‍ വയ്ക്കുമ്പോള്‍ ഷര്‍ട്ടും മുണ്ടും അഴിച്ചുവാങ്ങുന്ന പ്രാകൃത രീതി അനുവദിക്കുന്നില്ല. അറസ്റ്റുചെയ്യുമ്പോഴുള്ള വേഷംഅയാള്‍ക്ക് അനുവദിക്കണം. ഇപ്പോഴും പൊലീസ് പഴയ രീതി തുടരുന്നത് നിയമലംഘനമാണ്. പൊലീസില്‍ മാനംമര്യാദകളോടെ ജോലിചെയ്യാനാണ് ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. പൊലീസിനെ ഇടതുപക്ഷ വിരുദ്ധമാക്കുന്നത് ചെറു ന്യൂനപക്ഷമാണ്. ഒരു വിഭാഗത്തെ ഇടതുപക്ഷമെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തുന്നു. കോണ്‍ഗ്രസ് വേഷം ധരിച്ചവരാണ് ഇതിനുപിന്നില്‍. ഇവരാണ് പൊലീസിന്റെ ഡ്യൂട്ടി നിശ്ചയിക്കുന്നത്. പ്രതികളെ വീടുകളില്‍ ചെന്ന് അറസ്റ്റ്ചെയ്യാന്‍ പാടില്ലെന്ന ഐജിയുടെ ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രസംഗിച്ച് നടക്കുകയാണ്. ഐജിയെ കണ്ണൂരില്‍ വച്ചുപൊറുപ്പിക്കില്ലെന്നാണ് ചിലരുടെ ഭീഷണി. ഐജി പറയുന്നതു പോലും കേള്‍ക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറല്ല. അതിനാല്‍ അറസ്റ്റ് മുറയ്ക്ക് നടക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ഡിഐജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണം: കോടിയേരി

കാഞ്ഞങ്ങാട്: ഉദുമ കീക്കാനത്തെ ഡിവൈഎഫ്ഐ നേതാവ് ടി മനോജ് വധക്കേസ് ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കൊലപാതകം നടന്നിട്ട് 22 ദിവസമായിട്ടും കേസില്‍ ഒരാളെപോലും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. അന്വേഷണംപോലും അവസാനിപ്പിച്ച നിലയിലാണ്. ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെട്ടാണ് മുസ്ലിംലീഗിനു വേണ്ടി അന്വേഷണം അട്ടിമറിച്ചത്. മനോജിന്റെ വീട് സന്ദര്‍ശിച്ചശേഷം കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

സിപിഐ എം തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറിയെ ആക്രമിച്ച സംഘം തന്നെയാണ് മനോജിനെയും ആക്രമിച്ചത്. മുമ്പ് മലപ്പുറത്ത് അധ്യാപകന്‍ ജെയിംസ് അഗസ്റ്റിനെ ലീഗുകാര്‍ ചവിട്ടിക്കൊന്നപ്പോള്‍ സ്വീകരിച്ച വ്യാജപ്രചാരണ രീതിയാണ് ഈ കേസിലും സ്വീകരിക്കുന്നത്. ഹൃദ്രോഗത്തെതുടര്‍ന്നാണ് മരണമെന്ന കള്ളമാണ് പ്രചരിപ്പിക്കുന്നത്. അത്തരം ഒരു രോഗവും ഇല്ലാതിരുന്ന മനോജിനെ ലീഗുകാര്‍ ചവുട്ടിക്കൊല്ലുകയായിരുന്നു. പൊലീസ് രജിസ്റ്റര്‍ ചെയ്ത രീതിയില്‍ കേസ് അന്വേഷിക്കണം. ദൃക്സാക്ഷികളുടെ മൊഴിയുണ്ടായിട്ടും അന്വേഷണം അട്ടിമറിക്കുകയാണ്- കോടിയേരി പറഞ്ഞു.

deshabhimani 240812

1 comment:

  1. സംസ്ഥാനത്തെ 64 പൊലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് മുസ്ലിംലീഗാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ സ്റ്റേഷനുകളിലെ നിയന്ത്രണവും എസ്ഐമാരെ നിശ്ചയിക്കുന്നതും ലീഗാണ്. അതുകൊണ്ടാണ് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ പി കെ ബഷീര്‍ എംഎല്‍എയെ അറസ്റ്റ്ചെയ്യാന്‍ കഴിയാത്തത്-എല്‍ഡിഎഫ് മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

    ReplyDelete