Friday, August 24, 2012

ദേശീയപ്രക്ഷോഭത്തെ മാധ്യമങ്ങള്‍ വക്രീകരിച്ചു


ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടിയും വിലക്കയറ്റം തടയണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള ദേശീയ പ്രക്ഷോഭത്തെ മാധ്യമങ്ങള്‍ വക്രീകരിച്ചു. കേരളമാകെ 20 ലക്ഷത്തോളം പേര്‍ പങ്കെടുത്ത ബഹുജന മുന്നേറ്റത്തിന്റെ വാര്‍ത്തയും ചിത്രവും മലയാള മനോരമ, ഹിന്ദു തുടങ്ങിയ പത്രങ്ങള്‍ ഒന്നാം പേജില്‍ നല്‍കാതെ തമസ്കരിക്കുകയുംചെയ്തു. മലയാള മനോരമ ഒരു പടി കടന്ന് സിപിഐ എം സെക്രട്ടറിയറ്റ് വളഞ്ഞത് മന്ത്രിസഭാ യോഗം നടക്കാതിരിക്കാനാണെന്ന പരിഹാസ്യ വാര്‍ത്തയും നല്‍കി. പുറത്ത് ജനസഹസ്രങ്ങള്‍ സമരംചെയ്യുമ്പോള്‍ സെക്രട്ടറിയറ്റിനകത്ത് മന്ത്രിസഭായോഗമല്ല, സദ്യയൂട്ടാണ് നടന്നതെന്ന് മനോരമതന്നെ നല്‍കിയ ഫോട്ടോ വ്യക്തമാക്കുന്നു. സമരം പ്രമാണിച്ച് ഉമ്മന്‍ചാണ്ടിയുടെ നാട്ടില്‍നിന്ന് കൊണ്ടുവന്ന കപ്പ പേഴ്സണല്‍ സ്റ്റാഫ് വിളമ്പുന്ന ചിത്രവും മനോരമ കൊടുത്തിട്ടുണ്ട്. ഈ പ്രാധാന്യംപോലും കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത ജനമുന്നേറ്റത്തിന് നല്‍കാന്‍ പത്രം കൂട്ടാക്കിയില്ല. സെക്രട്ടറിയറ്റിലേക്കും കലക്ടറേറ്റിലേക്കും വന്നവരെ സമരക്കാര്‍ തടഞ്ഞുവെന്ന് ആക്ഷേപിച്ച മനോരമ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഉള്‍പ്പെടെ സായുധ പൊലീസ് തടഞ്ഞ് പ്രകോപനം സൃഷ്ടിച്ചത് മുക്കി.

സമരത്തെതുടര്‍ന്ന് ജനങ്ങള്‍ വലഞ്ഞെന്ന് പ്രചരിപ്പിക്കാനാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസിനെ നിയോഗിച്ചത്. സെക്രട്ടറിയറ്റിന് ചുറ്റും പൊലീസ് വടംകെട്ടി തടഞ്ഞു. പലേടത്തും വാഹനങ്ങള്‍ കടത്തിവിട്ടില്ല. ഈ അധികാര ധാര്‍ഷ്ട്യത്തിന്റെ ഇരയായവരില്‍ മുമ്പനാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം തടഞ്ഞു. മന്ത്രിസഭാ യോഗം നടക്കുന്നതിനാല്‍ സെക്രട്ടറിയറ്റിന് അകത്തേക്ക് കടത്തണമെന്ന് അപേക്ഷിക്കുകയും ഐഡിന്റിറ്റി കാര്‍ഡ് കാണിക്കുകയും ചെയ്തപ്പോള്‍ തിരുവഞ്ചൂരിന്റെ പൊലീസ് അദ്ദേഹത്തെ പരിഹസിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയോ മന്ത്രിയുടെയോ അഭാവത്തില്‍ പ്രൈവറ്റ് സെക്രട്ടറിമാരാണ് ആ ഓഫീസിന്റെ ചുമതലക്കാരന്‍. ഈ അര്‍ഥത്തില്‍ മുഖ്യമന്ത്രിയെ തന്നെ തടഞ്ഞതിന് സമാനമായ സംഭവമായിട്ടും സമരക്കാര്‍ സ്ത്രീകളെ തടഞ്ഞ് അധിക്ഷേപിച്ചുവെന്ന വാര്‍ത്തയാണ് മനോരമ പ്രചരിപ്പിച്ചത്.

ദേശീയപത്രമെന്ന് അവകാശപ്പെടുന്ന ഹിന്ദു തികച്ചും അപ്രധാനമായ രണ്ട് കേരളവാര്‍ത്തകള്‍ ഒന്നാം പേജില്‍ നല്‍കിയപ്പോള്‍ പ്രക്ഷോഭ വാര്‍ത്ത ആരുംകാണാമൂലയില്‍ നല്‍കി. ഗ്രൂപ്പ് വഴക്ക് തീര്‍ന്നു, കോണ്‍ഗ്രസ് ഇനി ഒന്നിച്ച് എന്ന് തോന്നിപ്പിക്കുന്ന ഭരണവിലാസം വാര്‍ത്തയാണ് ഒന്നാം പേജില്‍ പ്രാധാന്യത്തോടെ കൊടുത്തത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രം സിറ്റി പേജില്‍ സമരത്തില്‍ ശുഷ്കമായ ജനപങ്കാളിത്തമെന്ന് ചിത്രീകരിക്കാന്‍ ഒരു ചിത്രവും നല്‍കി. യുഡിഎഫ് കക്ഷികളുടെ മുഖപത്രങ്ങളായ വീക്ഷണം, ചന്ദ്രിക തുടങ്ങിയവയും സമരത്തെ വക്രീകരിച്ചാണ് വാര്‍ത്ത നല്‍കിയത്. വലതുപക്ഷ ദൃശ്യമാധ്യമങ്ങളാകട്ടെ, സമരത്തിന്റെ ജനപങ്കാളിത്തത്തെ പൂര്‍ണമായും അവഗണിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് സിപിഐ എം സെക്രട്ടറിയറ്റും കലക്ടറേറ്റുകളും വളഞ്ഞത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ നടത്തുമ്പോള്‍ അതിനെ വക്രീകരിക്കുകയും അവഗണിക്കുകയും ചെയ്യുന്നതിനു പിന്നിലെ മാധ്യമ ധര്‍മം ഭരണാധികാരികളോടുള്ള പാദസേവമാത്രം.

deshabhimani 240812

1 comment:

  1. ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടിയും വിലക്കയറ്റം തടയണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള ദേശീയ പ്രക്ഷോഭത്തെ മാധ്യമങ്ങള്‍ വക്രീകരിച്ചു. കേരളമാകെ 20 ലക്ഷത്തോളം പേര്‍ പങ്കെടുത്ത ബഹുജന മുന്നേറ്റത്തിന്റെ വാര്‍ത്തയും ചിത്രവും മലയാള മനോരമ, ഹിന്ദു തുടങ്ങിയ പത്രങ്ങള്‍ ഒന്നാം പേജില്‍ നല്‍കാതെ തമസ്കരിക്കുകയുംചെയ്തു.

    ReplyDelete