Thursday, August 2, 2012

ഫോണ്‍ ചോര്‍ത്തല്‍:എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം


എംഎല്‍എമാരുടെയും നേതാക്കളുടെയും ഫോണ്‍ചോര്‍ത്തിയിട്ടില്ല: മുഖ്യമന്ത്രി

എംഎല്‍എമാരുടെയും നേതാക്കളുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ ഒരു കേസില്‍ പ്രതിയായേക്കുമെന്ന് സംശയിക്കുന്നവരുടെ ഫോണ്‍ നിയമപ്രകാരം നിരീക്ഷിക്കാന്‍ പൊലീസിന് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പി ജയരാജനെതിരായ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി സി കെ ശ്രീധരനെ നിയമിച്ചത് ശ്രീധരന്‍ കോണ്‍ഗ്രസുകാരനായതുകൊണ്ടല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനാവകാശ നിയമം മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകളില്‍ എസ്പിസിയില്‍ അംഗങ്ങളായ കുട്ടികള്‍ക്ക് എന്‍സിസി അംഗങ്ങള്‍ക്ക് നല്‍കുന്ന രീതിയിലുള്ള ഗ്രേസ് മാര്‍ക്ക് നല്‍കും. നാളികേരത്തിന്റെ താങ്ങുവില ക്വിന്റലിന് 700 രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാസര്‍കോട് ആയുര്‍വേദ ആശുപത്രിയില്‍ എന്റോസള്‍ഫാന്‍ ബാധിതരുടെ ചികിത്സയ്ക്കായി ഒരു ഡോക്ടറുടെ അധിക തസ്തികയുണ്ടാക്കാന്‍ തീരുമാനമായി. എന്റോസള്‍ഫാന്‍ കീടനാശിനിയുടെ ദുരിതമനുഭവിച്ച രൂപ സരസ്വതിയെ പുതുതായി രൂപീകരിച്ച തസ്തികയില്‍ നിയമിക്കാനും തീരുമാനമായി.

ഫോണ്‍ ചോര്‍ത്തല്‍:എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം

കൊച്ചി: ഫോണ്‍ ചോര്‍ത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പി ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ രണ്ടാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രന്‍നായര്‍ നിര്‍ദേശിച്ചു.

ഫോണ്‍ ചോര്‍ത്തിയ പൊലീസിന്റെ നടപടി ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് ജയരാജന്റെ അഭിഭാഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ വാദിച്ചു. ഇതുസംബന്ധിച്ച സുപ്രീംകോടതിവിധിയും അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അതേസമയം, ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയാണ് ഫോണ്‍ചോര്‍ത്തലടക്കമുള്ള സ്വകാര്യതയിലെ കടന്നുകയറ്റത്തിനു കാരണമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.

സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസിലെ നാലു ഫോണുകളും തന്റെ രണ്ട് മൊബൈല്‍ഫോണുകളും ചോര്‍ത്തിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഷുക്കൂര്‍ വധക്കേസില്‍ തന്നെ ചോദ്യംചെയ്യലിനു വിധേയമാക്കിയത് ചോര്‍ത്തിയ ഫോണ്‍വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ടെലിഗ്രാഫ് നിയമത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ച പൊലീസിനെതിരെ നടപടിവേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സ്വകാര്യസംഭാഷണങ്ങളില്‍ ഇടപെടുന്നത് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്നും ഹര്‍ജിയിലുണ്ട്.

deshabhimani news

No comments:

Post a Comment