Wednesday, August 8, 2012

കുനിയില്‍ ഇരട്ടക്കൊല; ലീഗ് നേതാവ് അറസ്റ്റില്‍


ലപ്പുറം അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ ലീഗ് നേതാവ് അറസ്റ്റില്‍. മുസ്ലീം ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ് കുട്ടിയെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലപാതകം ആസൂത്രണം ചെയ്തതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കൊലപാതകത്തിന് മുന്‍പ് നടത്തിയ വിവാദ പ്രസംഗമാണ് അഹമ്മദ് കുട്ടിയുടെ അറസ്റ്റില്‍ കലാശിച്ചത്. ലീഗ് പ്രവര്‍ത്തകന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കുനിയില്‍ മുസ്ലിംലീഗ് സംഘടിപ്പിച്ച യോഗത്തില്‍ അഹമ്മദ് കുട്ടിയുടെ പ്രസംഗത്തില്‍ കൊലയാളികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ധ്വനിയുള്ളതായി പരാതി ഉയര്‍ന്നിരുന്നു. ഫെബ്രുവരി 20ന് നടന്ന യോഗത്തിലെ പ്രസംഗം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തത് പൊലീസിന് ലഭിച്ചിരുന്നു. പ്രസംഗത്തിലെ ശബ്ദം അഹമ്മദ്കുട്ടിയുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെയാണ് അറസ്റ്റ് ചെയ്തത്.

ഇരട്ടക്കൊലക്കേസില്‍ അഹമ്മദ്കുട്ടിയെ ഒന്നാം പ്രതിയാക്കിയാണ് അരീക്കോട് പൊലീസ് എഫ്ഐആര്‍ തയാറാക്കിയിരുന്നത്. എന്നാല്‍, സംഭവദിവസം മകളുടെ അഡ്മിഷന്‍ കാര്യത്തിനായി തിരുവനന്തപുരത്ത് പോയിരുന്ന അഹമ്മദ്കുട്ടിക്ക് കേസില്‍ പങ്കുള്ളതായി പൊലീസ് സംശയിച്ചിരുന്നില്ല. പിന്നീട് അറസ്റ്റിലായ പ്രതികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ മൂന്ന്തവണയായി വിളിച്ചുവരുത്തി ചോദ്യംചെയ്തത്. സംഭവദിവസം പി കെ ബഷീര്‍ എം എല്‍ എ, ഷറഫുദ്ദീന്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടതായും സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു.

സഹോദരങ്ങളായ കുനിയില്‍ ആസാദ്, അബൂബക്കര്‍ എന്നിവരാണ് കൊലചെയ്യപ്പെട്ടത്. കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ പി കെ ബഷീറിനെ പ്രതിചേര്‍ത്ത് എഫ്ഐആര്‍ തയ്യാറാക്കിയിരുന്നെങ്കിലും എംഎല്‍എയെ ചോദ്യം ചെയ്യാതിരുന്നത്  വന്‍ വിവാദമായിരുന്നു.

തന്ത്രിക്കേസ്: പ്രതികള്‍ക്ക് 7 വര്‍ഷം തടവ്

തന്ത്രിക്കേസില്‍ ശോഭഭ ജോണ്‍ ഉള്‍പ്പെടെ 6 പ്രതികള്‍ക്ക് 7 വര്‍ഷവും രണ്ടുപ്രതികള്‍ക്ക്4 വര്‍ഷവും തടവ്. 5000 രൂപ വീതം പിഴയും അടക്കണം. എറണാകുളം അഡീഷനല്‍ ജില്ലാ കോടതി ജഡ്ജി ഇ.സി. ഹരിഗോവിന്ദനാണ് വിധി പറഞ്ഞത്.

ശോഭഭജോണ്‍, വെള്ളറട ബിനില്‍കുമാര്‍, ശാസ്തമംഗലം അനില്‍കുമാര്‍, ബച്ചു റഹ്മാന്‍, ആഷിക്, അബ്ദുള്‍ സഹദ്, അബ്ദുള്‍ സത്താര്‍, മജീദ്, ഷരീഫ്, അസീസ്, ബിജി പീറ്റര്‍ എന്നിവരാണ് പ്രതികള്‍. ശോഭ ജോണും ബച്ചു റഹ്മാനുമാണ് തന്ത്രിയെ കുടുക്കിയതിന്റെ ബുദ്ധികേന്ദ്രങ്ങളെന്ന് ജഡ്ജി ഇ സി ഹരിഗോവിന്ദന്‍ വ്യക്തമാക്കി. തന്ത്രി ശോഭ ജോണിന്റെ കൊച്ചിയിലെ ഫ്ളാറ്റിലെത്തിയത് അനാശാസ്യത്തിനാണെന്ന പ്രതികളുടെ വാദം കോടതി തള്ളി. 11 പ്രതികളാണ് കേസില്‍ ഉള്ളത്.

ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനരരെ ഭീഷണിപ്പെടുത്തി പ്രതികള്‍ പണം തട്ടിയത് 2006 ജൂലൈ 23നാണ്. വളഞ്ഞമ്പലം ലിങ്ക് ലക്ഷ്മണ റോഡില്‍ ഒന്നാം പ്രതി ശോഭാ ജോണിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ വച്ചായിരുന്നു ഭീഷണി. കത്തിയും കളിത്തോക്കും കാട്ടി ഭീഷണിപ്പെടുത്തി തന്ത്രിയുടെ കൈവശമുണ്ടായിരുന്ന 25 പവനോളം സ്വര്‍ണവും 20,000 രൂപയും മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുത്തു. തുടര്‍ന്ന് ഫ്ളാറ്റിലുണ്ടായിരുന്ന ശാന്ത എന്ന സ്ത്രീയോടൊപ്പം നഗ്നാക്കി നിര്‍ത്തി ഫോട്ടോയെടുത്തു. 30 ലക്ഷം രൂപ നല്കിയില്ലെങ്കില്‍ ചിത്രങ്ങള്‍ ഇമെയിലിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് അന്വേഷണം നടത്തിയത്.

കഴിഞ്ഞ സെപ്തംബറിലാണ് കേസിലെ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷന്‍ 51 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകള്‍ തെളിവായി ഹാജരാക്കി. തന്ത്രിയുടെയും സ്ത്രീയുടെയും മൊഴികള്‍ കോടതി രഹസ്യമായാണ് രേഖപ്പെടുത്തി.ഒന്നാം പ്രതി ശോഭഭ ജോണ്‍ വരാപ്പുഴ പെണ്‍വാണിഭക്കേസിലും പ്രതി ചേര്‍ക്കപ്പെട്ടു. പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തി. ഒളിവില്‍ കഴിയുന്ന ആറാം പ്രതി അബ്ദുള്‍ ഫഹദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

deshabhimani news

1 comment:

  1. ലപ്പുറം അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ ലീഗ് നേതാവ് അറസ്റ്റില്‍. മുസ്ലീം ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ് കുട്ടിയെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലപാതകം ആസൂത്രണം ചെയ്തതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കൊലപാതകത്തിന് മുന്‍പ് നടത്തിയ വിവാദ പ്രസംഗമാണ് അഹമ്മദ് കുട്ടിയുടെ അറസ്റ്റില്‍ കലാശിച്ചത്. ലീഗ് പ്രവര്‍ത്തകന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കുനിയില്‍ മുസ്ലിംലീഗ് സംഘടിപ്പിച്ച യോഗത്തില്‍ അഹമ്മദ് കുട്ടിയുടെ പ്രസംഗത്തില്‍ കൊലയാളികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ധ്വനിയുള്ളതായി പരാതി ഉയര്‍ന്നിരുന്നു. ഫെബ്രുവരി 20ന് നടന്ന യോഗത്തിലെ പ്രസംഗം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തത് പൊലീസിന് ലഭിച്ചിരുന്നു. പ്രസംഗത്തിലെ ശബ്ദം അഹമ്മദ്കുട്ടിയുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെയാണ് അറസ്റ്റ് ചെയ്തത്.

    ReplyDelete