മെട്രോയുടെ എംഡി സ്ഥാനത്തു നിന്നും ടോം ജോസിനെ മാറ്റി. ചീഫ് സെക്രട്ടറിയെയും ധന-നിയമവകുപ്പു സെക്രട്ടറിമാരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ടോം ജോസിനു പകരം ഏലിയാസ് ജോര്‍ജിന് ചുമതല നല്‍കി. സംസ്ഥാനമന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് മാറ്റം. ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു. പദ്ധതിയുടെ നിര്‍മാണക്കരാര്‍ ഒപ്പിടലുംകൊച്ചി മെട്രോ റെയില്‍ ബോര്‍ഡ് പുനഃസംഘടനയും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയത് ഡിഎംആര്‍സിയെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന ആരോപണമുണ്ട്.പദ്ധതി വൈകിപ്പിക്കുന്നതിനെതിരെ കെഎംആര്‍എലിന്റെ ചെയര്‍മാനായി നിയോഗിക്കപ്പെട്ട നഗരവികസന മന്ത്രാലയം സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണയും രംഗത്തുവന്നു. ഇതുസംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ ജൂലൈ 12ന് നഗരവികസനമന്ത്രാലയം സംസ്ഥാനസര്‍ക്കാരിന് അയച്ചിരുന്നു. ഇതിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാനാകാത്തതിനാലാണ് ബോര്‍ഡില്‍ സംസ്ഥാന പ്രതിനിധികളെ നിയോഗിക്കാത്തതെന്നാണ് സര്‍ക്കാരിന്റെ വാദം.മൂന്നരവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്ന് ഇ ശ്രീധരന്‍ ഉറപ്പു നല്‍കിയിട്ടും വൈകുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതും ദുരൂഹമാണ്. നാലുവര്‍ഷംകൊണ്ട് പദ്ധതി കമീഷന്‍ ചെയ്യുമെന്നാണ് കൊച്ചിയില്‍ നടന്ന ആ ചടങ്ങില്‍ ശ്രീധരന്‍ പറഞ്ഞത്. അതു പോരാ, മൂന്നരവര്‍ഷംകൊണ്ട് തീര്‍ക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചപ്പോള്‍ ശ്രീധരന്‍ സമ്മതിക്കുകയായിരുന്നു. മെട്രോ നിര്‍മാണം ഡിഎംആര്‍സിയെതന്നെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍പ്പോലും പറഞ്ഞെങ്കിലും ഇതുവരെ അവരുമായി കരട് കരാര്‍ ഒപ്പിടാന്‍പോലും തയ്യാറായില്ല. കെഎംആര്‍എല്‍ പുനഃസംഘടനയ്ക്കുശേഷം കരാര്‍ ഒപ്പിടുമെന്നായിരുന്നു ന്യായം. എന്നാല്‍ ജനുവരിയില്‍ ഡിഎംആര്‍സി അയച്ചുകൊടുത്ത കരട് കരാര്‍സംബന്ധിച്ച് അവര്‍ക്ക് ഒരു മറുപടിയും സര്‍ക്കാര്‍ നല്‍കിയില്ല.
deshabhimani news
No comments:
Post a Comment