Saturday, August 18, 2012
സിബിഐ അന്വേഷണത്തിന് അടിയന്തര നടപടി വേണം: സിപിഐ എം
മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ ഗൗരവമായ അന്വേഷണം വേണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമും ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ മടികാണിക്കുന്നപക്ഷം സിപിഐ എം ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കും. 2003 മെയ് രണ്ടിന് നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഗൂഢാലോചന തെളിയിക്കാന്‍ തൃപ്തികരമായ അന്വേഷണം നടന്നില്ലെന്നും അപ്രധാന പ്രതികളെ മാത്രമാണ് ഗൂഢാലോചന കുറ്റത്തിന് കുടുക്കിയതെന്നുമുള്ള ഹൈക്കോടതി പരാമര്‍ശം അത്യന്തം ഗൗരവമുള്ളതാണ്. ഹൈക്കോടതി വിധി അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെതിരായ കുറ്റപത്രമാണ്. ഒമ്പതു പേര്‍ കൊല്ലപ്പെട്ട രണ്ടാം മാറാട് കലാപം നടന്നത് എ കെ ആന്ററണി മുഖ്യമന്ത്രിയായ യുഡിഎഫ് ഭരണകാലത്താണ്. അക്രമികളും അവര്‍ക്ക് സഹായം നല്‍കിയവരും മാത്രമാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്.
ഗൂഢാലോചന നടത്തിയ വമ്പന്‍ സ്രാവുകളെ തൊടാന്‍പോലും ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി അച്ചുതണ്ട് അന്ന് ശ്രമിച്ചില്ല. ഇത് മനസ്സിലാക്കിയാണ് ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ തോമസ് പി ജോസഫ് കൂട്ടക്കൊലക്കു പിന്നിലെ ഗൂഢാലോചന, തീവ്രവാദ ബന്ധം, സ്ഫോടക വസ്തുക്കളുടെ ശേഖരണം, ധനസ്രോതസ്സ് എന്നിവ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തത്. 2006 ഫെബ്രുവരിയില്‍ സമര്‍പ്പിച്ച കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി ഒരു നടപടിയും സ്വീകരിച്ചില്ല. മേയില്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കമീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചു. തുടര്‍ന്ന് സിബിഐ അന്വേഷണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് 2006 സെപ്തംബര്‍ 12ന് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ മറുപടി കിട്ടിയതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതും നിരസിച്ചു. നിസ്സാരമായ എത്രയോ കേസുകള്‍ സിബിഐ ഏറ്റെടുക്കുമ്പോഴാണ് മാറാട് കേസില്‍ കേന്ദ്രം വിചിത്ര നിലപാട് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചനയില്‍ പങ്കാളികളായ മുസ്ലിംലീഗിന്റെ ഉന്നത നേതാക്കള്‍ക്കുള്ള പങ്ക് കണ്ടെത്തുകയും അവരെ പിടികൂടാന്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് അന്വേഷണ ചുമതല ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് എസ്പി സി എം പ്രദീപ്കുമാറിനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒഴിവാക്കിയത്. ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നത് തടയാനാണ് യുഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. ഹൈക്കോടതി വിധി വ്യക്തമാക്കുന്നത് ഈ വസ്തുതയാണ്.
സിബിഐ അന്വേഷണത്തിന് പി കെ കുഞ്ഞാലിക്കുട്ടി എതിരായിരുന്നുവെന്ന് അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുണ്ട്. മുസ്ലിംലീഗ് നേതാക്കളായ എം സി മായിന്‍ഹാജി, പി പി മൊയ്തീന്‍കോയ എന്നിവര്‍ക്ക് കൂട്ടക്കൊലയെ സംബന്ധിച്ച് മുന്‍കൂട്ടി അറിയാമായിരുന്നു എന്ന് അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രണ്ട് കലാപവും നടന്നത് യുഡിഎഫ് ഭഭരിക്കുമ്പോഴാണ്. സംസ്ഥാനത്തിന് മായ്ച്ചുകളയാനാവാത്ത നാണക്കേടും ഒരു പ്രദേശത്തിന് തീരാനഷ്ടവും പതിനാല് പേര്‍ക്ക് ജീവഹാനിയും അനേകം പേര്‍ക്ക് പരിക്കുംപറ്റിയ കലാപത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാന്‍ ശ്രമിച്ചതും യുഡിഎഫ് സര്‍ക്കാരാണ്. കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന് ആഴത്തില്‍ മുറിവേല്‍പ്പിച്ച മാറാട് കലാപത്തിന് ഉത്തരവാദികളായവരെ സംരക്ഷിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നെറികെട്ട നിലപാടിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
deshabhimani 180812
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ ഗൗരവമായ അന്വേഷണം വേണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമും ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ReplyDelete