Thursday, August 2, 2012

ജയരാജന്റെ അറസ്റ്റ് രാഷ്ട്രീയലക്ഷ്യത്തോടെ: പിബി


ന്യൂഡല്‍ഹി: സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജനെ വധ ഗൂഢാലോചനക്കേസില്‍ അറസ്റ്റുചെയ്തത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ബോധപൂര്‍വമായ നടപടിയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. പ്രതികാരമനോഭാവത്തോടെയുള്ള ഈ നടപടിയില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണമെന്ന് പിബി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ജയരാജനെ അറസ്റ്റുചെയ്ത ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടിയെ പിബി അപലപിച്ചു.

ശക്തമായ പ്രതിഷേധം ഉയരണം: വി എസ്

തിരു: പി ജയരാജനെ അറസ്റ്റ് ചെയ്ത നടപടി പക്ഷപാതപരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ജയരാജനെ അറസ്റ്റ് ചെയ്തത് നീതിപൂര്‍വകമല്ല. നാല്‍പ്പാടി വാസു കൊലപാതകക്കേസിലും സേവറി ഹോട്ടല്‍ തൊഴിലാളി നാണുവിനെ കൊന്ന കേസിലും ഇ പി ജയരാജന്‍ വധശ്രമക്കേസിലും പ്രതിയായ കെ സുധാകരനെതിരെ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുണ്ടായിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മലപ്പുറം ഇരട്ടക്കൊലപാതകക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതില്‍നിന്നെല്ലാം മനസിലാകുന്നത് ജയരാജന്റെ അറസ്റ്റ് പക്ഷപാതപരമാണെന്നാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബ്രിട്ടീഷ് കരിനിയമത്തെ നാണിപ്പിക്കുന്ന നടപടി: കോടിയേരി

തിരു: ബ്രിട്ടീഷ് ഭരണത്തിലെ കരിനിയമത്തെ നാണിപ്പിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. പി ജയരാജനും ടി വി രാജേഷിനും എതിരെ കള്ളക്കേസെടുത്ത് നാടിന്റെ സമാധാനം തകര്‍ക്കുന്ന പൊലീസ് നടപടി രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ളതാണ്. വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരായ ജനരോഷത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള കൗശലമാണിത്. അധികാര ദുര്‍വിനിയോഗം നടത്തി ഒരു കേസന്വേഷണത്തെ എങ്ങിനെ വികൃതമാക്കാമെന്ന് ഉമ്മന്‍ചാണ്ടി തെളിയിച്ചു. നാല് മാസം മുമ്പ് നടന്ന ഒരു സംഭവത്തില്‍ ജയരാജനും രാജേഷിനുമെതിരെ ഒരു തെളിവും ലഭിച്ചിരുന്നില്ല. അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റം ചുമത്തി ക്രിമിനല്‍ നടപടി ചട്ടം 118 പ്രകാരമാണ് കേസെടുത്തത്. ഇതിനെ ബലപ്പെടുത്താന്‍ ഗൂഢാലോനയ്ക്കുള്ള 120-ബി കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. 118 പ്രകാരം കേസെടുത്താല്‍ കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സമന്‍സ് നല്‍കി പ്രതികളെ വിളിപ്പിക്കുകയാണ് വേണ്ടത്. അങ്ങിനെ വരുമ്പോള്‍ കോടതിയില്‍ ജാമ്യം ലഭിക്കും. അത് ചെയ്യാതെ പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിച്ച് ദുരുദ്ദേശത്തോടെയാണ് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരം ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിച്ചത്-കോടിയേരി പറഞ്ഞു.

അറസ്റ്റ് അധാര്‍മികം: വൈക്കം വിശ്വന്‍

കോട്ടയം: പി ജയരാജന്റെ അറസ്റ്റ് അധാര്‍മികവും പ്രതിഷേധാര്‍ഹവുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ, പ്രത്യേകിച്ച് മുസ്ലിംലീഗിന്റെ സമ്മര്‍ദത്തിന്റെ ഭാഗമായി കൃത്രിമ തെളിവു സൃഷ്ടിച്ച് ജയരാജനെയും ടി വി രാജേഷിനെയും കല്‍ത്തുറുങ്കില്‍ അടയ്ക്കാനുള്ള ഗൂഢശ്രമം നേരത്തെ തുടങ്ങിയതാണ്. പി ജയരാജന്റെ അറസ്റ്റ് മുന്‍കൂട്ടി യുഡിഎഫ് നേതാക്കളും ചില മാധ്യമങ്ങളും പ്രഖ്യാപിച്ചിരുന്നു. അതാണ് ഇപ്പോള്‍ നടപ്പാക്കിയത്. ഇതേക്കുറിച്ച് തനിക്കറിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളമാണ്. നേതാക്കളെ ജയിലിലടച്ച് സിപിഐ എമ്മിനെ ഇല്ലാതാക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും മോഹം നടക്കില്ല. ആശുപത്രിക്കിടക്കയിലായിരുന്ന ജയരാജന്‍ എങ്ങനെയാണ് കൊലപാതകക്കേസില്‍ പ്രതിയാകുക. രണ്ടുപ്രതികള്‍ സംസാരിച്ച വിഷയം ജയരാജന്‍ കേട്ടിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ഇപ്രകാരം എങ്ങനെ കേസെടുക്കും. ഫോണ്‍ ചോര്‍ത്തലിനെപ്പറ്റി പലതരത്തിലാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രതികരണം. ഇതെക്കുറിച്ച് വെളിപ്പെടുത്തില്ലെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും അവരെ വിളിച്ചവരുടെ സംഭാഷണം ചോര്‍ത്തിയെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. കയര്‍ മാത്രമേ എടുത്തുള്ളൂ, അറ്റത്ത് പശു ഉണ്ടായിരുന്നെന്ന് പറയുന്നതു പോലെയാണിത്. തെറ്റ് ചെയ്യാത്തതിനാല്‍ അറസ്റ്റിനെ സിപിഐ എം ഭയക്കുന്നില്ല. നിയമപരമായി നേരിടുന്നതോടൊപ്പം ജനകീയ സമരം ഉയര്‍ത്തി സര്‍ക്കാരിന്റെ കള്ളക്കളി തുറന്നു കാട്ടും. സിപിഐ എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

പ്രതിയോഗികളെ ഇല്ലായ്മചെയ്യാനുള്ള ഹീനമാര്‍ഗം: ഡിവൈഎഫ്ഐ

തിരു: പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും മൂലം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തുന്ന നീക്കം തിരിച്ചറിയണം. നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ലീഗ് സമ്മര്‍ദത്തിനുവഴങ്ങിയാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയപ്രതിയോഗികളെ ഇല്ലായ്മചെയ്യാന്‍ ലീഗും യുഡിഎഫും ഏതു ഹീനമാര്‍ഗവും പ്രയോഗിക്കുമെന്നതിന്റെ ഉദാഹരണമാണ് അറസ്റ്റ്. പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാനും ഹര്‍ത്താല്‍ വിജയിപ്പിക്കാനും സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു.

ഗുണ്ടായിസം: എസ്എഫ്ഐ

തിരു: പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസ് നടപടി യുഡിഎഫ് നടത്തുന്ന ഗുണ്ടായിസമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പുരോഗമനപ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കോണ്‍ഗ്രസ്-ലീഗ് ഗൂഢാലോചനയ്ക്കെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 020812

1 comment:

  1. ഇന്നത്തെ ഹര്‍ത്താലിന്റെ കാര്യ കാരണത്തെ പറ്റി ചിന്തിക്കുമ്പോള്‍ പാര്‍ട്ടി അനുഭാവി ആയ എനിക്ക് പോലും അതിനു തക്കതായ ഒരു കാരണം കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എന്നതിനര്‍ത്ഥം പാര്‍ടി അംഗം അല്ലാത്ത അല്ലെങ്കില്‍ പാര്‍ടിയില്‍ നിന്നും ഒരാനുകൂല്യവും പറ്റാത്ത ഒരാള്‍ പോലും ഈ ഹര്‍ത്താലിനെ അനുകൂലിക്കില്ല എന്നതല്ലേ? ഒരു സംഘടിത പ്രസ്ഥാനത്തിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യുമ്പോള്‍ ജനം തെരുവില്‍ ഇറങ്ങിയ ചരിത്രം കേരളത്തിന് പുത്തരിയല്ല, മുത്തങ്ങയില്‍ ആദിവാസികളെ വെടിവെച്ചുകൊന്നതിനെതിരെ സമരംചെയ്തപ്പോള്‍ സഖാവ് ശിവദാസ മേനോനെ പോലീസ് തല്ലിച്ചതച്ച് തീവ്രപരിചരണ വിഭാഗത്തിലാകിയപ്പോള്‍ കേരളം ഇളകി മറിഞ്ഞു, ഹര്ത്തലുണ്ടായി ജനം തെരുവിലിറങ്ങി ഒരുപാട് പേരെ പോലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. അന്ന് ഈയുള്ളവനും പതിനേഴ് ദിവസം ജയിലില്‍ കിടന്നതാണ്, പക്ഷെ അന്ന് കേരള ജനതയുടെ വലിയൊരു വിഭാഗത്തിന്റെ മനസ്സ് പാര്‍ട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഭൂമിയില്ലാത്ത ആദിവാസി ഭൂമിക്കായി സമരം ചെയ്തപ്പോള്‍ അവനെ വെടിവെപ്പിച്ച സര്‍ക്കാരിനോട് ചോദിക്കാന്‍ ഉത്തരവാദിത്തം ഉള്ള പ്രതി പക്ഷത്തിന്റെ സ്വാപാവിക പ്രതികരണം അതിനു അര്‍ഹമായ ജനപിന്തുണയും കിട്ടി. ഇന്നത്തെ ഹര്‍ത്താലിന്റെ പ്രശ്‌നം സഖാവ് ജയരാജനെ അറസ്റ്റ് ചെയ്തു എന്നത് മാത്രം ആണ്

    Read more: http://boolokam.com/archives/57394#ixzz22NKBUVF3

    ReplyDelete