ഷുക്കൂറിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് ഉത്തരവാദി ജില്ലാ പൊലീസ് മേധാവിയാണെന്ന് സിപിഐ എം നേതാക്കള്‍ വ്യക്തമാക്കി. പട്ടുവം അരിയില്‍ നാലുതവണ സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതും സംഭവദിവസം അരിയില്‍ സന്ദര്‍ശിക്കുന്നതും സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജില്ലാ പൊലീസ് മേധാവിയെ ഫോണ്‍ മുഖേന അറിയിച്ചിരുന്നു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്ന വി കെ അബ്ദുള്‍ ഖാദര്‍ മൗലവിയോടും അന്ന് കാര്യങ്ങള്‍ ധരിപ്പിച്ചു. വിവരം കിട്ടിയിട്ടും അക്രമം തടയാന്‍ മുന്‍കരുതലെടുക്കാതിരുന്ന പൊലീസ് മേധാവിയാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അക്രമങ്ങളുടെ വിവരം അറിയിക്കാന്‍ പൊലീസ് മേധാവിയെയും അബ്ദുല്‍ഖാദര്‍ മൗലവിയെയും ഫോണ്‍ വിളിച്ചതിന്റെ രേഖഅന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഷുക്കൂര്‍ വധക്കേസില്‍ പ്രതിപ്പട്ടികയിലുള്ള യു വി വേണു മറ്റു രണ്ടു പ്രതികളോട് ലീഗുകാരെ വേണ്ടവിധം കൈകാര്യം ചെയ്യണമെന്ന് ഫോണിലൂടെ പറയുന്നത് കേട്ടിട്ടും തടഞ്ഞില്ലെന്ന കുറ്റമാണ് ജയരാജനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഇത് ആരു കേട്ടു എന്നതു സംബന്ധിച്ച് ഇതില്‍ പരാമര്‍ശമില്ല. ഇങ്ങിനെയൊരു കേസുണ്ടോയെന്നും തടയാന്‍ ശ്രമിച്ചില്ലെന്നതിന് തെളിവുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ പൊലീസ് മേധാവിക്ക് മറുപടിയുണ്ടായില്ല. ഉമ്മന്‍ചാണ്ടിയുടെയും ലീഗ് നേതാക്കളുടെയും താളത്തിന് തുള്ളുകയാണ് പൊലീസ് മേധാവി. ചോദ്യം ചെയ്യാന്‍ നോട്ടീസ് ലഭിച്ച് ഹാജരായ ആളെ പ്രതിയാക്കി ജയിലിലടച്ചത് മനുഷ്യാവകാശലംഘനമാണ്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണ്. പൊതുപ്രവര്‍ത്തകനായ ജയരാജന് രണ്ടു തവണയാണ് നേരത്തെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്. "വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചാല്‍ താങ്കള്‍ക്ക് ഷുക്കൂര്‍ വധത്തില്‍ പങ്കുണ്ടെന്ന് ബോധ്യമായെന്നാ"ണ് ഇത്തവണത്തെ നോട്ടീസില്‍ പറയുന്നത്.
ഷുക്കൂര്‍ വധത്തിനുപിന്നില്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന് തെളിവായി ഫോണ്‍ സംഭാഷണം ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞതായി ഒരു പ്രമുഖപത്രം ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ ചോര്‍ത്തിയില്ലെന്ന് ആണയിടുന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്താണ് പറയാനുള്ളത്. സിപിഐ എമ്മിനെ തകര്‍ക്കലാണ് ഈ വാര്‍ത്തകളുടെ ലക്ഷ്യം. പൊലീസിന്റെ കാടത്തത്തിന് കണ്ണൂര്‍ ജനത മറുപടി പറയും. പ്രതിഷേധങ്ങളെയും കൈയൂക്കു കൊണ്ട് നേരിടാനാണ് പൊലീസ് ഒരുമ്പെടുന്നത്. ജനക്കൂട്ടത്തിനുനേരെ നിരവധി തവണ കല്ലെറിഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പൊലീസ് നിറയൊഴിച്ചതിന് തെളിവായി ഓഫീസ് കോമ്പൗണ്ടില്‍നിന്ന് ലഭിച്ച വെടിയുണ്ടയും വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ ഹാജരാക്കി. കുറ്റകൃത്യം നടക്കാനിടയുണ്ടെന്നറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കുന്നവര്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്തതായി സാക്ഷിമൊഴിയുള്ള, 302 വകുപ്പ് പ്രകാരം എഫ്ഐആറുള്ള പി കെ ബഷീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് വ്യക്തമാക്കണം. കെ സുധാകരനെതിരെ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എന്താണ് നടപടിയില്ലാത്തതെന്നതിനും മറുപടി പറയണം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സഹദേവന്‍, കെ കെ രാഗേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 020812
No comments:
Post a Comment