Friday, August 3, 2012

ഹസാരെ സംഘം പാര്‍ടി ഉണ്ടാക്കുന്നു


സ്വന്തമായി രാഷ്ട്രീയപ്പാര്‍ടി രൂപീകരിക്കുന്നതിന് അണ്ണാ ഹസാരെ സംഘം ഒരുങ്ങുന്നു. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെങ്കിലും ഒരു രാഷ്ട്രീയ ബദലിനെ പുറമെനിന്ന് പിന്തുണയ്ക്കുമെന്ന് അണ്ണാ ഹസാരെ ജന്തര്‍മന്ദറിലെ സമരവേദിയില്‍ പ്രഖ്യാപിച്ചു. ഒമ്പതുദിവസമായി തുടരുന്ന നിരാഹാര സമരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കുമെന്നാണ് പ്രഖ്യാപനം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വരാത്ത ഘട്ടത്തില്‍ സമരം ഏതുരീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന കാര്യത്തില്‍ അണ്ണാസംഘം ആശയക്കുഴപ്പത്തിലായിരുന്നു. സമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ച് വി ആര്‍ കൃഷ്ണയ്യര്‍, കുല്‍ദീപ് നയ്യാര്‍, അനുപം ഖേര്‍, മുന്‍ കരസേനാ തലവന്‍ ജനറല്‍ വി കെ സിങ്, മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ജെ എം ലിങ്ദോ, സന്തോഷ് ഹെഗ്ഡെ തുടങ്ങി 21 പ്രമുഖര്‍ അയച്ച കത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് സമരവേദിയില്‍ വായിച്ചു. വൈകിട്ട് അണികളെ അഭിസംബോധനചെയ്ത ഹസാരെ പുതിയ പാര്‍ടി വേണോയെന്നത് ഗ്രാമസഭകള്‍ തീരുമാനിക്കട്ടെയെന്ന് അറിയിച്ചു.

താന്‍ രാഷ്ട്രീയത്തിലേക്കില്ല. എന്നാല്‍, ശരിയായ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. അധികാര വികേന്ദ്രീകരണം ലക്ഷ്യമിടുന്നതും മതേതരത്വത്തില്‍ ഊന്നിയുള്ളതുമാകണം പുതിയ പാര്‍ടി. ശരിയായ ആളുകളെ പാര്‍ലമെന്റിലേക്ക് അയക്കേണ്ടതുണ്ട്. രാഷ്ട്രീയബദലിന് രൂപം നല്‍കിയാല്‍തന്നെ ഫണ്ടുകള്‍ എവിടെനിന്ന് വരുന്നുവെന്ന് പരിശോധിക്കപ്പെടണം- ഹസാരെ പറഞ്ഞു. അണ്ണാഹസാരെയുടെ യഥാര്‍ഥ താല്‍പ്പര്യം മറനീക്കി പുറത്തുവന്നിരിക്കയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അണ്ണാസംഘവുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. അവര്‍ രാഷ്ട്രീയത്തിലേക്ക് വരട്ടെ. ആശയസംവാദമാണ് നല്ലതെന്നും യെച്ചൂരി പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 030812

1 comment:

  1. സ്വന്തമായി രാഷ്ട്രീയപ്പാര്‍ടി രൂപീകരിക്കുന്നതിന് അണ്ണാ ഹസാരെ സംഘം ഒരുങ്ങുന്നു. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെങ്കിലും ഒരു രാഷ്ട്രീയ ബദലിനെ പുറമെനിന്ന് പിന്തുണയ്ക്കുമെന്ന് അണ്ണാ ഹസാരെ ജന്തര്‍മന്ദറിലെ സമരവേദിയില്‍ പ്രഖ്യാപിച്ചു. ഒമ്പതുദിവസമായി തുടരുന്ന നിരാഹാര സമരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കുമെന്നാണ് പ്രഖ്യാപനം.

    ReplyDelete