Friday, August 3, 2012
മൊഴിയെടുപ്പും അറസ്റ്റും അസംബന്ധ നാടകം
ആശ്വാസം പകര്‍ന്നവര്‍ക്ക് ജയിലറ; പൊലീസ് സഹായം അക്രമികള്‍ക്ക്
തളിപ്പറമ്പ്: പതിറ്റാണ്ടിലേറെയായി പട്ടുവം അരിയില്‍ അധോലോകസമാനമായ വിളയാട്ടം നടത്തുന്ന മുസ്ലിംലീഗ് ക്രിമിനലുകള്‍ക്ക് പൊലീസിന്റെ ഒത്താശ; പീഡനത്തിനിരയായവരെ ആശ്വസിപ്പിക്കാനെത്തിയതിന്റെ പേരില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന് ജയിലറ. ക്രിമിനലുകള്‍ക്ക് അനുകൂലമായ പൊലീസിന്റെ നടപടികളാണ് അരിയില്‍ പ്രദേശത്തെ ദാരുണസംഭവങ്ങളിലേക്ക് നയിച്ചത്. അന്യമതസ്വാതന്ത്ര്യം തടയുന്നതും വധശ്രമവുമടക്കമുള്ള സംഭവങ്ങളില്‍പോലും ലീഗുകാരായ പ്രതികളെ നിസാരവകുപ്പുകളിട്ടും കേസെടുക്കാതെയും പൊലീസ് രക്ഷിച്ചു. പൊലീസ് ഓഫീസര്‍മാര്‍ ആക്രമിക്കപ്പെട്ടപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. അതേസമയം ക്രിമിനലുകളുടെ അക്രമങ്ങള്‍ക്കിരയായവരെ രാഷ്ട്രീയവും മതവും നോക്കി കടുത്ത വകുപ്പ് ചുമത്തി ജയിലിലടപ്പിച്ചു.
ഫെബ്രുവരി 20ന് ഒരു പ്രകോപനവുമില്ലാതെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കെ രാജനെ ലീഗുകാര്‍ വെട്ടിവീഴ്ത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. അന്നുവൈകിട്ട് സിപിഐ എം പ്രകടനം, ബ്രാഞ്ച് ഓഫീസ്, വായനശാല, പ്രവര്‍ത്തകരുടെ വീടുകള്‍, ചായക്കട എന്നിവ ആക്രമിച്ചു. ഒരൊറ്റ സേനാംഗത്തെപോലും ഡ്യൂട്ടിക്കിടാതെ പൊലീസ് അക്രമത്തിന് ഒത്താശയേകി. സുശക്തമായ പൊലീസ് സ്ഥലത്തുണ്ടെന്ന ജില്ലാ പൊലീസ് മേധാവിയുടെ വാക്ക് വിശ്വസിച്ചാണ് പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും മറ്റുനേതാക്കളും അവിടെ എത്തിയത്. എന്നാല്‍ സംഘടിതരായ ക്രിമിനലുകള്‍ക്കിടയിലേക്ക് നിരായുധരായ നേതാക്കളെ പറഞ്ഞയച്ച് ജീവന്‍ അപകടപെടുത്താനുള്ള ലീഗ് ഗൂഢാലോചന വിജയിപ്പിക്കുകയായിരുന്നു പൊലീസ്. അതിനായി നിലവിലുള്ള പൊലീസിനെപോലും അവിടെനിന്ന് പിന്‍വലിച്ചു. ഇതുമൂലമാണ് ജയരാജനും മറ്റുനേതാക്കള്‍ക്കും അക്രമത്തില്‍ പരിക്കേല്‍ക്കാനിടയായതും. ഇതിന്റെ പേരിലാണ് ജയരാജനെ ജയിലിലടപ്പിച്ചത്. ക്രിമിനലുകളെ സഹായിക്കുന്ന നിലപാടിന് കനത്ത വില നല്‍കേണ്ടി വന്നെങ്കിലും അത് തിരുത്താന്‍ പൊലിസ് പിന്നീടും തയ്യാറായില്ലെന്നതാണ് കേസുകളുടെയും അറസ്റ്റിന്റെയും നിജസ്ഥിതി.
ഫെബ്രുവരി 19, 20, 21 തിയതികളിലെ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് 30 കേസുകളാണ് ലീഗുകാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പ്രതികളുടെ എണ്ണം പറയാത്ത ഏഴുകേസുകള്‍ ഒഴിവാക്കിയാല്‍ ശേഷിച്ച 23 കേസുകളിലായി 446 ലീഗുകാര്‍ പ്രതികളാണ്. പക്ഷേ, നാളിതുവരെ അറസ്റ്റ് ചെയ്തത് കേവലം 21 പേരെ മാത്രം. ലീഗുകാരുടെ വധശ്രമത്തെതുടര്‍ന്ന് ഇപ്പോഴും ജീവച്ഛവമായിക്കഴിയുന്ന വി മോഹനന്റെ കേസിലെ കൃത്രിമം മാത്രംമതി പൊലീസിന്റെ നീചമനസ്സും ഭരണകക്ഷി പ്രീണനവും വ്യക്തമാകാന്‍. ഈ കേസില്‍ വധശ്രമവകുപ്പ് ഉള്‍പ്പെടുത്തിയില്ല. കേസില്‍ അഞ്ചുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അരിയിലെ ഉമേശനെ തളിപ്പറമ്പ് നഗരത്തില്‍ ലീഗുകാര്‍ വധിക്കാന്‍ ശ്രമിച്ചത് പൊലീസിന്റെ ഒത്താശയുള്ളതിനാലാണ്.
മൊഴിയെടുപ്പും അറസ്റ്റും അസംബന്ധ നാടകം
കണ്ണൂര്‍: സമുന്നത രാഷ്ട്രീയ നേതാവിനെ തെളിവിന്റെ പിന്‍ബലമില്ലാതെ കുറ്റവാളിയായി ചിത്രീകരിക്കാന്‍ ഭരണനേതൃത്വം നടത്തുന്ന ശ്രമം നിയമവ്യവസ്ഥയും ക്രമസമാധാനവും അപകടത്തിലാക്കുന്നു. ലീഗുകാരനായ ഷുക്കൂര്‍ കീഴറയില്‍ കൊല്ലപ്പെടുമ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും കൊലക്കേസില്‍ പ്രതികളാക്കപ്പെട്ടത് നീതിന്യായ ചരിത്രത്തില്‍ അസാധാരണ സംഭവം. തെളിവില്ലാത്ത കേസില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയെ പലതവണ ചോദ്യം ചെയ്ത് അപമാനിതനാക്കി നാടകീയമായി അറസ്റ്റ് ചെയ്തതില്‍നിന്നു തന്നെ ഇതിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തം. കൊലക്കേസില്‍ കുടുക്കാന്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദമുണ്ടായിട്ടും ഏറ്റവും ലഘുവായ വകുപ്പുമാത്രം ചുമത്താന്‍ നിര്‍ബന്ധിതമായ പൊലീസ്, ഇത്തരമൊരു നാടകം ഒരുക്കേണ്ടിയിരുന്നില്ല. പൊലീസ് അവകാശപ്പെടുന്നതുപോലെ ജയരാജനെ പ്രതിചേര്‍ക്കാന്‍ മതിയായ തെളിവ് അവരുടെ പക്കലുണ്ടെങ്കില്‍ സാധാരണ ക്രിമിനല്‍കേസുകളില്‍ ചെയ്യാറുള്ളതുപോലെ നേരിട്ട് അറസ്റ്റ് ചെയ്യാം. അല്ലെങ്കില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ഹാജരാകാന്‍ അവസരമൊരുക്കാം. ഇതിനുപകരം ജനരോഷമൊന്നും ബാധകമല്ലെന്ന മട്ടില്‍ ധാര്‍ഷ്ട്യം കാണിക്കുകയായിരുന്നു പൊലീസ്.
കുറ്റകൃത്യങ്ങളില്‍ ഉള്‍പെടുന്നവര്‍ രക്ഷപ്പെട്ട് തെളിവ് നശിപ്പിക്കുന്നത് തടയുകയും കുടുതല്‍ തെളിവുശേഖരിക്കുയും ചെയ്യുക എന്നതാണ് അറസ്റ്റിനും കസ്റ്റഡിക്കും പിന്നിലുള്ള യുക്തി. സിപിഐ എം ജില്ലാസെക്രട്ടറിക്ക് എതിരെ ഇത്തരമൊരു നടപടി അനിവാര്യമായിരുന്നു എന്നാണോ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും വാദിക്കുന്നത്. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്നും നടപടി അന്വേഷണ സംഘത്തിന്റേതാണെന്നും പറയുന്നുണ്ട്. പി കെ ബഷീര്‍ എംഎല്‍എയും കെ സുധാകരന്‍ എംപിയും ഞെളിഞ്ഞുനടക്കുന്ന ഈ നാട്ടില്‍ ഉമ്മന്‍ചാണ്ടിക്ക് മാത്രമേ ഇങ്ങനെ ആത്മവഞ്ചന എഴുന്നെള്ളിക്കാനാവൂ. ഇരുന്നൂറ് പേര്‍ ചുറ്റം കൂടിനിന്നാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്ന് മൂഖ്യമന്ത്രി ആവര്‍ത്തിക്കുന്നതില്‍നിന്നും വ്യക്തമാവുന്നത് രാഷ്ട്രീയ അജന്‍ഡ. അദ്ദേഹം അഭിനന്ദിച്ച അന്വേഷണ സംഘംപോലും കണ്ടെത്താത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്. കൊലപാതകമല്ല, വധശിക്ഷയാണെന്ന് പറയുന്ന മുഖ്യമന്ത്രി പ്രതികളെ നിശ്ചയിച്ചതിലും അത്ഭുതമില്ല. പാര്‍ടികോടതി വാര്‍ത്തയുടെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നതിന് ഇതില്‍പരം തെളിവും ആവശ്യമില്ല. വസ്തുനിഷ്ഠമായ തെളിവുണ്ടായിരുന്നെങ്കില്‍ അറസ്റ്റ് എന്തിന് അഞ്ചുമാസം വൈകിപ്പിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല. നീണ്ട അന്വേഷണത്തിനു ശേഷവും ജയരാജനെതിരെ എന്താണ് തെളിവെന്ന് റിമാന്‍ഡ് റിപ്പോര്‍ടിലില്ല. നേതാക്കളെ പ്രതിയാക്കുകയല്ല, സിപിഐ എമ്മിനെതിരായ ആയുധമാക്കുകയാണ് ഉദ്ദേശ്യമെന്ന് കേസിന്റെ നാള്‍വഴികള്‍ തെളിയിക്കുന്നു. "പാര്‍ടികോടതി" വാര്‍ത്തയില്‍ തുടങ്ങിയ മാധ്യമവേട്ടയിലൂടെ സിപിഐ എമ്മിനേയും നേതാക്കളേയും പരമാവധി കരിതേക്കലായിരുന്നു ലക്ഷ്യം. മൊബൈല്‍ ഫോട്ടോയും എംഎംഎസും "കില്ലര്‍ ഗാങ്" കീഴറയിലേക്ക് പോയതിന് തെളിവ് തുടങ്ങി അസംഖ്യം കഥകള്‍ പടച്ചു.
ഉന്നത സിപിഐ എം നേതാവ് എന്ന പരിഗണനയിലാണ് ആദ്യമൊഴിയെടുപ്പുകള്‍ ഗസ്റ്റ് ഹൗസിലാക്കിയതെന്ന് കരുതാനാവില്ല. വാര്‍ത്താനിര്‍മിതിയായിരുന്നു ലക്ഷ്യം. ജൂണ്‍ 12ന് തന്നെ അറസ്റ്റിന് തയ്യാറായെങ്കിലും നടപ്പാക്കാനുള്ള ചങ്കുറപ്പ് പൊലീസിന് ഉണ്ടായില്ല. തുടര്‍ന്നും നിരവധി വാര്‍ത്താവധങ്ങള്‍ അരങ്ങേറി. ഡോക്ടറെ കാണാനുള്ള എറണാകുളം യാത്ര വിവാദമാക്കി. ജൂലൈ ഒമ്പതിന് രണ്ടാമത്തെ ചോദ്യചെയ്യലും ആഘോഷമാക്കി. ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന കുറ്റമാണ് ജയരാജനും രാജേഷിനും എതിരെ ചുമത്തിയത്. ഇതിനാധാരമായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നതാകട്ടെ പ്രതികളിലൊരാള്‍, "ലീഗുകാരെ വേണ്ടതുപോലെ കൈകാര്യം ചെയ്യണമെന്ന്" പറയുന്നത് ജയരാജനും രാജേഷും കേട്ടുവെന്നതാണ്. സാക്ഷിമൊഴികള്‍, സങ്കേതിക തെളിവുകള്‍, സാഹചര്യ തെളിവുകള്‍, പ്രതികളുടെ കുറ്റസമ്മത മൊഴികള്‍ എന്നിവ വഴി കേസിലെ കൃത്യത്തിലേക്ക് പ്രതിയുടെ മനഃപൂര്‍വമായ പങ്കാളിത്തം വെളിവായെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ സാഹചര്യത്തെളിവുകള്‍ ജയരാജനും രാജേഷിനും അനുകൂലമാണ്. അരിയില്‍വച്ച് ആക്രമിക്കപ്പെട്ട ശേഷം ഇരുവരും നുറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ആശുപത്രിയിലായിരുന്നു. "സാക്ഷി, കുറ്റസമ്മത മൊഴികള്‍" പ്രകാരം പൊലീസ് വസ്തുനിഷ്ഠമായ മറ്റൊരു തെളിവും കണ്ടെത്തിയിട്ടില്ല. സാങ്കേതിക തെളിവ് ഉണ്ടായിരുന്നെങ്കില്‍ മൂന്ന് തവണയായി തെളിവെടുപ്പ് നാടകത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. നേരിട്ട് അറസ്റ്റ് ചെയ്യാമായിരുന്നു.
deshabhimani news
Labels:
കണ്ണൂര്‍
Subscribe to:
Post Comments (Atom)
പതിറ്റാണ്ടിലേറെയായി പട്ടുവം അരിയില്‍ അധോലോകസമാനമായ വിളയാട്ടം നടത്തുന്ന മുസ്ലിംലീഗ് ക്രിമിനലുകള്‍ക്ക് പൊലീസിന്റെ ഒത്താശ; പീഡനത്തിനിരയായവരെ ആശ്വസിപ്പിക്കാനെത്തിയതിന്റെ പേരില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന് ജയിലറ. ക്രിമിനലുകള്‍ക്ക് അനുകൂലമായ പൊലീസിന്റെ നടപടികളാണ് അരിയില്‍ പ്രദേശത്തെ ദാരുണസംഭവങ്ങളിലേക്ക് നയിച്ചത്. അന്യമതസ്വാതന്ത്ര്യം തടയുന്നതും വധശ്രമവുമടക്കമുള്ള സംഭവങ്ങളില്‍പോലും ലീഗുകാരായ പ്രതികളെ നിസാരവകുപ്പുകളിട്ടും കേസെടുക്കാതെയും പൊലീസ് രക്ഷിച്ചു. പൊലീസ് ഓഫീസര്‍മാര്‍ ആക്രമിക്കപ്പെട്ടപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. അതേസമയം ക്രിമിനലുകളുടെ അക്രമങ്ങള്‍ക്കിരയായവരെ രാഷ്ട്രീയവും മതവും നോക്കി കടുത്ത വകുപ്പ് ചുമത്തി ജയിലിലടപ്പിച്ചു.
ReplyDelete