Sunday, August 19, 2012
വനംവകുപ്പിന്റെ സത്യവാങ്മൂലം യുഡിഎഫിലെ തര്‍ക്കം രൂക്ഷമാക്കും
നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ വന ഭൂമിയാണെന്നും സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും വനംവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം യുഡിഎഫില്‍ പുതിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കും. എസ്റ്റേറ്റുകള്‍ റവന്യൂ ഭൂമിയാണെന്നും കുടിയേറ്റ കര്‍ഷകരാണ് ഇവിടെയുള്ളതെന്നുമുള്ള കേരള കോണ്‍ഗ്രസിന്റെ വാദമാണ് വനംവകുപ്പ് പൊളിച്ചത്. എസ്റ്റേറ്റ് ഉടമകളെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് കെ എം മാണിയും പി സി ജോര്‍ജും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ സത്യവാങ്മൂലം. മന്ത്രി ഗണേഷ്കുമാറിന്റെ അറിവോടെയല്ലാതെ സത്യവാങ്മൂലം നല്‍കില്ലെന്ന് വ്യക്തം.
നെല്ലിയാമ്പതി വനഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ച സിപിഐ എം ഉള്‍പ്പെടെയുള്ള കക്ഷികളുടെ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നിയമവിരുദ്ധ നടപടികളിലൂടെ എസ്റ്റേറ്റ് ഉടമകള്‍ വനഭൂമി കൈയേറാന്‍ ശ്രമിക്കുകയാണെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ചെറുനെല്ലി, മാങ്കോട്, രാജാക്കാട് എസ്റ്റേറ്റുകള്‍ ഉള്‍പ്പെടുന്ന 1,400 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയാണെന്നാണ് 1909ലെ വിജ്ഞാപനത്തിലെ വ്യവസ്ഥ. എസ്റ്റേറ്റുകളുടെ അന്തിമാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇവ പണയപ്പെടുത്തി വായ്പയെടുക്കുന്നത് നിയമ വിരുദ്ധവുമാണ്. എസ്റ്റേറ്റുകള്‍ വിട്ടുകൊടുക്കാനാകില്ലെന്നും വനഭൂമിയെന്ന് തെളിയിക്കുന്ന ഉത്തരവുകളും നിയമങ്ങളും സത്യവാങ്മൂലത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. 1980ലെ വനസംരക്ഷണ നിയമം നടപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് 11 എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.
നെല്ലിയാമ്പതി പ്രശ്നത്തില്‍ യുഡിഎഫ് എടുത്ത നിലപാടുകളെല്ലാം വന്‍കിട എസ്റ്റേറ്റ് മുതലാളിമാരെ സഹായിക്കുന്നതാണ്. കേസുകള്‍ മനഃപൂര്‍വം തോറ്റുകൊടുത്തും വനംവകുപ്പിന്റെ റിപ്പോര്‍ട്ടുകളില്‍ പഴുതുകളിട്ടുമാണ് മുതലാളിമാരെ യുഡിഎഫ് സഹായിച്ചത്. കേസുകള്‍ തോറ്റുകൊടുക്കാന്‍ നിയമ വകുപ്പ് നടത്തിയ ഇടപെടലുകളില്‍ പലതും ഇതിനകം പുറത്തായി. "ദൈവംതമ്പുരാന്‍ വന്നു വാദിച്ചാലും കേസില്‍ സര്‍ക്കാര്‍ ജയിക്കില്ലെ"ന്ന ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവന സര്‍ക്കാര്‍ നയം വ്യക്തമാക്കുന്നതാണ്. വിവിധ യുഡിഎഫ് സംഘങ്ങള്‍നെല്ലിയാമ്പതി സന്ദര്‍ശിച്ചെങ്കിലും ഫലപ്രദ നിര്‍ദേശം നല്‍കാന്‍ സാധിക്കാതിരുന്നത് മുന്നണിയിലെ ഭിന്നതയാണ് കാട്ടുന്നത്. കര്‍ഷകരെന്ന പേരില്‍ ഭൂമികൈയേറ്റക്കാരെ പിന്തുണയ്ക്കുകയും വനംകൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയും ചെയ്ത യുഡിഎഫിന് കിട്ടിയ തിരിച്ചടിയാണ് മാണിക്കും പി സി ജോര്‍ജിനുമെതിരെ കഴിഞ്ഞദിവസം കോടതി പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം.
നെല്ലിയാമ്പതി വനഭൂമി: യുഡിഎഫ് കുരുക്കില്‍
നെല്ലിയാമ്പതി വനഭൂമി കൈയേറ്റ കേസ് യുഡിഎഫില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. മാണിയും പി സി ജോര്‍ജും തോട്ടമുടമകള്‍ക്ക് വേണ്ടിയും വി ഡി സതീശന്‍, വി എം സുധീരന്‍ എന്നിവര്‍ എതിര്‍ത്തും രംഗത്തെത്തിയത് സര്‍ക്കാരിനെ വെട്ടിലാക്കി. പാട്ടക്കരാര്‍ ലംഘിച്ച് വനഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കു വേണ്ടി മുഖ്യമന്ത്രി ഉള്‍പ്പെടെ രംഗത്തിറങ്ങി. കേസ് ബോധപൂര്‍വം തോറ്റുകൊടുക്കുന്നതിനുള്ള ഗൂഢനീക്കമാണ് അരങ്ങേറിയത്.
സിബിഐ അന്വേഷിക്കണം: മന്ത്രി ഗണേശ്കുമാര്‍
ആലുവ: നെല്ലിയാമ്പതി ഭൂമികൈയേറ്റം സിബിഐ അന്വേഷിക്കണമെന്ന് വനംമന്ത്രി കെ ബി ഗണേശ്കുമാര്‍ ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രശ്നമാണിത്. വനഭൂമി പണയംവച്ച് വായ്പ എടുത്തതുള്‍പ്പെടെ ഏറെ വ്യാപ്തിയും ഇതിനുണ്ട്. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അപര്യാപ്തമാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ദേശസാല്‍ക്കൃത ബാങ്കുകള്‍ ഉള്‍പ്പെട്ട കേസാണിത്. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ എന്തുകൊണ്ട് സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നില്ല. ഇതില്‍ ദുരൂഹതയുണ്ട്. ആറു ബാങ്കില്‍ വ്യാജരേഖ ഹാജരാക്കിയാണ് വായ്പയെടുത്തിട്ടുള്ളത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇടുക്കി ജില്ലയിലെ വനഭൂമി മുഴുവന്‍ ഒഴിപ്പിക്കുന്നതിലും പ്രായോഗിക പ്രശ്നങ്ങളുണ്ട്. ആരാധനാലയങ്ങളും വിദ്യാലയങ്ങളും ഇവിടെയുള്ളതിനാലാണ്്. നെല്ലിയാമ്പതിയിലേത് വനഭൂമിയാണെന്ന് കഴിഞ്ഞദിവസം വനംവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റ് ഉടമകളെ വഴിവിട്ടു സഹായിച്ചെന്ന പരാതിയില്‍ മന്ത്രി കെ എം മാണിക്കും ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനുമെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കൈയേറ്റക്കാര്‍ക്കു വേണ്ടി മാണിയും പി സി ജോര്‍ജും പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന വനംമന്ത്രിയുടെ ആവശ്യം. വനഭൂമി സംബന്ധമായ കേസുകളില്‍ സര്‍ക്കാര്‍ തോറ്റുകൊടുക്കുന്നതായി മന്ത്രി നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. വനംവകുപ്പിന്റെ സത്യവാങ്മൂലം യുഡിഎഫിലെ തര്‍ക്കം രൂക്ഷമാക്കും
deshabhimani 190812
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment