പരസ്പരം കലഹിക്കുന്ന പാര്‍ടികളടങ്ങുന്ന രണ്ടു മുന്നണികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണിയും ഒപ്പത്തിനൊപ്പം. മുന്നണികളെ പിന്തുണയ്ക്കുന്ന ചെറുകക്ഷികള്‍ കൂടുവിട്ട് കൂട് മാറുന്നു. മഹാരാഷ്ട്രയില്‍ ഇരുപക്ഷവും അണിനിരത്തുന്നത് പഞ്ചസാരലോബിയുടെയും വിദ്യാഭ്യാസലോബിയുടെയും ടെക്സ്റ്റൈല്‍ ലോബിയുടെയും പ്രതിനിധികളായ കോടിപതികളെ. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന മുന്നണിയും ബിജെപിയും ശിവസേനയും ഉള്‍പ്പെട്ട മുന്നണിയും തമ്മിലാണ് ഏറ്റുമുട്ടല്‍. കര്‍ഷകരുടെ ആത്മഹത്യ അടക്കമുള്ള ജനകീയപ്രശ്നങ്ങള്‍ ചര്‍ച്ചയില്ല. ബിജെപിയുടെയും ശിവസേനയുടെയും ശക്തമായ സ്വാധീനമുണ്ടെങ്കിലും ബിജെപി അവകാശപ്പെടുന്ന മോഡിപ്രഭാവം ഇവിടെയില്ല. അമ്പതുകളുടെ ഒടുവിലും അറുപതുകളുടെ തുടക്കത്തിലും മറാഠികള്‍ നടത്തിയ സംയുക്ത മഹാരാഷ്ട്ര പ്രക്ഷോഭത്തെ എതിര്‍ത്ത ഗുജറാത്തികളോടുള്ള ചരിത്രപരമായ വിദ്വേഷമാണ് കാരണം.
ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തില്‍പ്പെട്ട് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട അശോക് ചവാനെ നാന്ദേഡ് സീറ്റില്‍ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് അഴിമതിക്കാരോടുള്ള തങ്ങളുടെ നിലപാട് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് കുംഭകോണത്തില്‍ പ്രതിയായി അഴിയെണ്ണിയ സുരേഷ് കല്‍മാഡി ഭാര്യക്ക് സീറ്റിനായി ആഞ്ഞുപിടിച്ചെങ്കിലും നടന്നില്ല. എന്നാല്‍, കല്‍മാഡിയുടെ പുണെ സീറ്റ് നല്‍കിയത് സംസ്ഥാന വനംമന്ത്രിയും കോടീശ്വരനുമായ പതംഗ്റാവു കദമിന്റെ മകന്‍ വിശ്വജിത് കദമിന്. ശതകോടികളുടെ ആസ്തിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉടമകളാണ് അച്ഛനും മകനും.
കോണ്‍ഗ്രസും എന്‍സിപിയും നിശ്ചയിച്ച സ്ഥാനാര്‍ഥികളിലേറെയും ഇത്തരം പശ്ചാത്തലത്തിലുള്ളവരാണ്. ഭരണത്തില്‍ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും വിദര്‍ഭ, മറാത്ത്വാഡ മേഖലകളില്‍ വര്‍ഷങ്ങളായി തുടരുന്ന കര്‍ഷക ആത്മഹത്യകളുമാണ് കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിന് വെല്ലുവിളി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയും മഞ്ഞുവീഴ്ചയുംമൂലം കോടികളുടെ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതും പ്രതിഷേധത്തിന് ഇടയാക്കി. എന്‍സിപി തലവന്‍ ശരദ് പവാര്‍ പത്തുവര്‍ഷം കേന്ദ്രകൃഷിമന്ത്രിയായിട്ടും പരുത്തിക്കര്‍ഷകരുടെ ആത്മഹത്യ തടയാന്‍ കഴിഞ്ഞില്ലെന്നത്തിലും പ്രതിഷേധമുണ്ട്.
ബിജെപി-ശിവസേന സഖ്യത്തിന് രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ സാന്നിധ്യം വെല്ലുവിളിയാണ്. ബിജെപിയുമായി എംഎന്‍എസ് അടുക്കുന്നത് ശിവസേനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ മുഖപത്രമായ സാംനയിലൂടെ ബിജെപി നേതൃത്വത്തിന് പലവട്ടം താക്കീത് നല്‍കിയത് മുന്നണിബന്ധത്തെ ഉലച്ചിട്ടുണ്ട്. ബിജെപിയുമായി സഖ്യമില്ലെങ്കിലും തങ്ങളുടെ എംപിമാര്‍ ജയിച്ചാല്‍ മോഡിയെ പിന്തുണയ്ക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഹായിക്കുമെന്ന് വാക്ക് തന്നിട്ടുണ്ടെന്നുമുള്ള രാജ് താക്കറെയുടെ പ്രഖ്യാപനം ശിവസേനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഷിര്‍ദി മണ്ഡലത്തില്‍ പത്രിക കൊടുക്കാനൊരുങ്ങിയ ശിവസേനാ നേതാവ് ബബ്ബന്‍ ഖലാപ് ജയിലിലായതോടെ അഴിമതിക്കാര്യത്തില്‍ ശിവസേന പിന്നിലല്ലെന്നു തെളിയിച്ചു. പത്രിക നല്‍കുന്നതിനു തൊട്ടുമുമ്പാണ് വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കുറ്റത്തിന് ഖലാപിനെയും ഭാര്യയെയും മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ ശിഥിലമായ ഗ്രൂപ്പുകളില്‍ പ്രധാനപ്പെട്ട അതാവാലെ വിഭാഗവും കര്‍ഷക സംഘടനയായ ഷേത്കാരി സംഘടനിന്റെ രാജു ഷെട്ടി വിഭാഗവും ഇത്തവണ ശിവസേന-ബിജെപി സഖ്യത്തോടൊപ്പമാണ്.
സിപിഐ എം, സിപിഐ, ജനതാദള്‍ എസ്, പെസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ടി എന്നിവ ഉള്‍പ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ശക്തികേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. താനെ ജില്ലയിലെ പാല്‍ഗറിലും നാസിക്കിലും നാസിക് ജില്ലയിലെ ഹിംഗാലിയിലുമാണ് സിപിഐ എം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.
എന്‍ എസ് സജിത് deshabhimani
No comments:
Post a Comment