Thursday, August 2, 2012

പാവങ്ങളുടെ പടയണി ഡല്‍ഹിക്ക് പുതിയ അനുഭവം


ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ തുടരുന്ന ധര്‍ണ മൂന്നാംദിനവും അഭൂതപൂര്‍വമായ ജനപങ്കാളിത്തംകൊണ്ട് വേറിട്ടുനിന്നു. സാര്‍വത്രികമായ ഭക്ഷ്യസുരക്ഷപദ്ധതി നടപ്പാക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ടാണ് സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ടികളുടെ നേതൃത്വത്തില്‍ ധര്‍ണ. പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ ബുധനാഴ്ച രാവിലെ സമരവേദിയിലെത്തി.
രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള കടമ കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ധര്‍ണയെ അഭിസംബോധന ചെയ്ത് പറഞ്ഞു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം വെട്ടിക്കുറച്ചും പൊതുവിതരണസംവിധാനം തകര്‍ത്തും സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നു. സാര്‍വത്രിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന വിധം ഭക്ഷ്യസുരക്ഷാബില്‍ പാസാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടിക്കടിയുണ്ടാകുന്ന വിലക്കയറ്റത്തില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും പൊറുതിമുട്ടുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി പറഞ്ഞു. എന്നാല്‍, ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികളല്ല, കുത്തകകളുടെ താല്‍പ്പര്യമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യത്തെ വിഭവങ്ങള്‍ ഒരു ചെറുവിഭാഗം കൊള്ളയടിക്കുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി തപസ് സിന്‍ഹ പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ ഒന്നൊന്നായി അഴിമതിക്കേസില്‍ പ്രതികളാകുന്നു. ഇത്തരം മന്ത്രിമാരില്‍നിന്ന് സാധാരണക്കാര്‍ക്കുവേണ്ടിയുള്ള നടപടികള്‍ പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീവിക്കാനുള്ള അവകാശം ഭക്ഷണത്തിനുള്ള അവകാശമാണെന്ന് സിപിഐ നേതാവ് ഡി രാജ പറഞ്ഞു. നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാബില്‍ അപാകത നിറഞ്ഞതാണ്. സാര്‍വത്രിക ഭക്ഷ്യസുരക്ഷ ഉറപ്പുനല്‍കുന്ന വിധത്തില്‍ ഭേദഗതികളോടെ ബില്‍ പാസാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗം എ കെ പത്മനാഭന്‍, കേന്ദ്രകമ്മിറ്റി അംഗം നീലോല്‍പ്പല്‍ ബസു, സിപിഐയുടെ മുതിര്‍ന്ന നേതാവ് എ ബി ബര്‍ദന്‍, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ എന്നിവര്‍ പങ്കെടുത്തു.

പാവങ്ങളുടെ പടയണി ഡല്‍ഹിക്ക് പുതിയ അനുഭവം

ഫലപ്രദമായ ഭക്ഷ്യസുരക്ഷാ നിയമം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷപാര്‍ടികളുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് പാവപ്പെട്ടവരുടെ നിര ഒഴുകിയെത്തി. അണ്ണാ ഹസാരെയുടെ സമരപ്പന്തലില്‍നിന്ന് അകലെയല്ലാത്ത ഇടതുപക്ഷപാര്‍ടികളുടെ സമരകേന്ദ്രത്തിലേക്ക് വന്ന പാവങ്ങളുടെ പടയണി ഡല്‍ഹിക്ക് പുതുതായിരുന്നു. അരാഷ്ട്രീയബുദ്ധിജീവികളും ഡല്‍ഹിയിലെ ഉന്നതരും ഇടത്തരക്കാരുമടങ്ങുന്ന ഹസാരെ സമരകേന്ദ്രത്തിലില്ലാത്ത ആവേശമായിരുന്നു ഇടതുപക്ഷപാര്‍ടികളുടെ സമരകേന്ദ്രത്തില്‍. ട്രെയിനുകളിലും ബസുകളിലും വന്നിറങ്ങിയശേഷം കൊടികളുമേന്തി ജന്തര്‍ മന്ദറിലേക്ക് ഒഴുകിയ ജനങ്ങള്‍ തോരാതെ വൈകിട്ടുവരെ പെയ്ത മഴ കൂസാതെ സമരകേന്ദ്രത്തില്‍ ഉറച്ചുനിന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ചൊവ്വാഴ്ച സമരകേന്ദ്രത്തിലെത്തിയത്.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സിപിഐ നേതാവ് അമര്‍ജിത് കൗര്‍, ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് നരഹരി മഹതോ എന്നിവര്‍ ധര്‍ണയെ അഭിസംബോധന ചെയ്തു. പ്രമുഖ സാമ്പത്തികവിദഗ്ധന്‍ ജീന്‍ ഡ്രീസ്, മനുഷ്യാവകാശപ്രവര്‍ത്തകന്‍ ബിനായക് സെന്‍ എന്നിവര്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും അഭിവാദ്യംചെയ്യുകയും ചെയ്തു. കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം ഓരോ കുടുംബത്തിനും നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തിയായി തുടരുമെന്ന് പ്രക്ഷോഭകര്‍ മുന്നറിയിപ്പ് നല്‍കി.

deshabhimani 020812

1 comment:

  1. ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ തുടരുന്ന ധര്‍ണ മൂന്നാംദിനവും അഭൂതപൂര്‍വമായ ജനപങ്കാളിത്തംകൊണ്ട് വേറിട്ടുനിന്നു. സാര്‍വത്രികമായ ഭക്ഷ്യസുരക്ഷപദ്ധതി നടപ്പാക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ടാണ് സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ടികളുടെ നേതൃത്വത്തില്‍ ധര്‍ണ. പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ ബുധനാഴ്ച രാവിലെ സമരവേദിയിലെത്തി.

    ReplyDelete