Thursday, August 2, 2012

തിരുവഞ്ചൂരിന്റെ ഓഫീസിനു നേരെ ചാനലുകളുടെ "അക്രമം"


കോട്ടയം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തെ ഓഫീസിനു നേരെ "ആക്രമണം" ഉണ്ടാകുമെന്ന് ചാനലുകളുടെ മുന്നറിയിപ്പ്. അക്രമം ഭയന്ന് ഓഫീസിന് കാവല്‍ ഏര്‍പ്പെടുത്തിയതായി രാവിലെ ചാനലുകളോട് തട്ടിവിട്ട ജില്ലാ പൊലീസ് ചീഫ് വൈകുന്നേരത്തോടെ തിരുത്തലുമായി രംഗത്തെത്തി.

സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ചില ചാനലുകള്‍ "അക്രമം" അഴിച്ചു വിടുകയായിരുന്നു. പലയിടത്തും അക്രമം നടക്കുന്നുവെന്ന് പ്രചരിപ്പിച്ച ഇക്കൂട്ടര്‍ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസിന് കനത്ത ബന്തവസ് ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചു. തിരുവഞ്ചൂരിന്റെ ഓഫീസിനു നേര്‍ക്ക് രണ്ടുതവണ കല്ലേറുണ്ടായെന്നായിരുന്നു ഒരു ചാനല്‍ പറഞ്ഞത്. കണ്ണുരില്‍ അറസ്റ്റ് ഉണ്ടായ ഉടനെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മണ്ഡലത്തില്‍ "എന്തെങ്കിലും നടക്കു"മെന്ന് ഉറപ്പിച്ചായിരുന്നു ചാനലുകള്‍ രംഗത്തെത്തിയത്. ചാനലുകളുടെ ഹെഡ് ഓഫീസുകളില്‍നിന്ന് റിപ്പോര്‍ട്ടര്‍മാരെത്തേടി വിളിയെത്തിയിരുന്നു. ഇതുപ്രകാരം അവര്‍ ജില്ലാ പൊലീസ് ചീഫ് സി രാജഗോപാലിനെ ഫോണില്‍ ബന്ധപ്പെട്ടു. ഇതുപ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവഞ്ചൂരിന്റെ ഓഫീസിന് ബന്തവസ് ഏര്‍പ്പെടുത്തിയതായും ചാനലുകള്‍ വാര്‍ത്ത നല്‍കി. "അക്രമ"വാര്‍ത്ത അറിഞ്ഞ് പല മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തിയെങ്കിലും ഒന്നും കാണാനായില്ല.

വൈകിട്ടോടെയാണ് ജില്ലാ പൊലീസ് ചീഫ് തിരുത്തലുമായി രംഗത്തെത്തിയത്. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണ് ചില ചാനലുകള്‍ നല്‍കുന്നതെന്നും ഓഫീസിന് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വെളിപ്പെടുത്തി.

deshabhimani 020812

1 comment:

  1. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തെ ഓഫീസിനു നേരെ "ആക്രമണം" ഉണ്ടാകുമെന്ന് ചാനലുകളുടെ മുന്നറിയിപ്പ്. അക്രമം ഭയന്ന് ഓഫീസിന് കാവല്‍ ഏര്‍പ്പെടുത്തിയതായി രാവിലെ ചാനലുകളോട് തട്ടിവിട്ട ജില്ലാ പൊലീസ് ചീഫ് വൈകുന്നേരത്തോടെ തിരുത്തലുമായി രംഗത്തെത്തി.

    ReplyDelete