Thursday, August 23, 2012
ഭക്ഷ്യപരിശോധന നിലച്ചു
സംസ്ഥാനത്ത് ഹോട്ടല്‍ പരിശോധന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ത്തിവച്ചു. ഓണത്തിരക്കില്‍ അതിര്‍ത്തികടന്നെത്തുന്ന വിഷാംശമുള്ള പച്ചക്കറിയും ഇറച്ചിയുമടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്താനും നിലവാരമില്ലാത്ത ഭക്ഷണം വില്‍ക്കുന്നതു തടയാനും ഒരു നടപടിയുമില്ലാത്ത അവസ്ഥയാണിപ്പോള്‍. വന്‍കിട ഹോട്ടലുടമകളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് പരിശോധനകള്‍ പൂര്‍ണമായും നിര്‍ത്തിയത്. ഒരുമാസംമുമ്പ് തലസ്ഥാനത്തെ ഹോട്ടലില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചതിനെത്തുടര്‍ന്നാണ് പരിശോധന തുടങ്ങിയത്. തുടര്‍ന്ന് നൂറിലേറെ ഹോട്ടലുകള്‍ താല്‍ക്കാലികമായി പൂട്ടുകയും അറുനൂറിലേറെ ഹോട്ടലുകള്‍ക്ക് നിലവാരം മെച്ചപ്പെടുത്താന്‍ നോട്ടീസ് നല്‍കുകയുംചെയ്തു. എന്നാല്‍, ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരമുള്ള കര്‍ശന നടപടികളൊന്നും എടുത്തില്ല.
നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ശേഷം തുടര്‍പരിശോധന നടത്താനും ഇതുവരെ തയ്യാറായിട്ടില്ല. തുടര്‍പരിശോധനയിലും നിലവാരത്തില്‍ പുരോഗതിയില്ലെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി. ജീവപര്യന്തവും 10 ലക്ഷം പിഴയുംവരെ പുതിയ നിയമത്തില്‍ പറയുന്നുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്ട് എന്ന പുതിയ നിയമത്തിലെ മാനദണ്ഡപ്രകാരം 2011 ആഗസ്ത് അഞ്ചിനകം ലൈസന്‍സ് എടുത്താല്‍ മതിയെന്ന ആനുകൂല്യം ഹോട്ടലുകള്‍ക്ക് ആദ്യം നല്‍കിയിരുന്നു. തുടര്‍ന്ന് ഹോട്ടലുടമകളുടെ സമ്മര്‍ദത്തിനുവഴങ്ങി പല തവണ തീയതി നീട്ടി.
മായംചേര്‍ക്കലിനെതിരെ നിലനിന്ന 1954ലെ നിയമം പരിഷ്കരിച്ചാണ് 2006ല്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്ട് എന്ന പുതിയ നിയമം കൊണ്ടുവന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമായിരുന്നു മുമ്പ് ഭക്ഷണപദാര്‍ഥങ്ങള്‍ പരിശോധിക്കാന്‍ അധികാരം. പുതിയ നിയമത്തോടെ ഈ ചുമതല ഭക്ഷ്യസുരക്ഷാ കമീഷണറേറ്റിനായി. കേരളത്തില്‍ 2011 ആഗസ്ത് അഞ്ചുമുതലാണ് പ്രാബല്യത്തിലായത്. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണ നടപടികള്‍ മാത്രമാണ് നടത്തിപ്പോന്നത്. ബോധവല്‍ക്കരണകാലത്ത് നടപടിയെടുക്കേണ്ടെന്നും കമീഷണര്‍ ഉത്തരവിറക്കിയിരുന്നു. ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചപ്പോള്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ കുറച്ചുകാലത്തേക്ക് പരിശോധന നടത്തി രക്ഷപ്പെടുകയായിരുന്നു സര്‍ക്കാരും അധികൃതരും.
(വി ഡി ശ്യാംകുമാര്‍)
deshabhimani 230812
Subscribe to:
Post Comments (Atom)
No comments:
Post a Comment