Sunday, August 19, 2012

പലായനം: കര്‍ണാടക സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍


ആശങ്ക ഒഴിയുന്നില്ല

ബംഗളൂരു/ചെന്നൈ/പുണെ: അസം വംശീയകലാപത്തിന്റെ ഭാഗമായി പരക്കുന്ന അക്രമഭീതിയില്‍ ചെന്നൈ, പുണെ എന്നിവിടങ്ങളില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ട പലായനത്തിന് മൂന്നാംദിവസവും കുറവില്ല. എന്നാല്‍, കര്‍ണാടകത്തില്‍നിന്നുള്ള പലായനത്തിന് നേരിയ ശമനം. മൂന്നുലക്ഷത്തോളം വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ അധിവസിക്കുന്ന ബംഗളൂരുവില്‍നിന്ന് നാലുദിവസത്തിനിടെ മുപ്പതിനായിരത്തോളംപേര്‍ ജന്മനാട്ടിലേക്ക് മടങ്ങി. എന്നാല്‍, ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാന്‍ എത്തിയവരുടെ എണ്ണത്തില്‍ കുറവുണ്ട്. ബംഗളൂരുവില്‍ അസം മന്ത്രിമാരുടെ സന്ദര്‍ശനവും ദ്രുതകര്‍മസേനയുടെ വിന്യാസവുമാണ് ഇതിന് കാരണം. വ്യാജസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ ആറുപേരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തു. എന്നാല്‍, എസ്എംഎസുകളിലൂടെ അഭ്യൂഹം പരന്നതിനുപിന്നിലെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

എന്നാല്‍, ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ അസമിലേക്ക് മടങ്ങാന്‍ നൂറുകണക്കിനാളുകള്‍ ശനിയാഴ്ചയും എത്തി. വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരായ അക്രമം റിപ്പോര്‍ട്ടുചെയ്യാന്‍ ചെന്നൈയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഭയചകിതരായ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ നാട്ടിലേക്ക് ടിക്കറ്റെടുക്കാന്‍ ധൃതികൂട്ടുന്ന കാഴ്ചയാണ് പുണെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടത്. നാട്ടിലുള്ള മാതാപിതാക്കളെ കാണാനാണ് യാത്രയെന്നാണ് മിക്കവരുടെയും പ്രതികരണം. ഈ മാസം ആദ്യം പുണെയില്‍ സ്ഫോടനപരമ്പരയുണ്ടായ പശ്ചാത്തലത്തില്‍ മൊബൈല്‍വഴി കള്ളപ്രചാരണവും സജീവമായതോടെയാണ് അസം, മണിപ്പുര്‍ എന്നിവിടങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്ക് ശക്തമായത്.

അസം കലാപത്തെക്കുറിച്ച് ഇന്റര്‍നെറ്റുവഴി പ്രചരിക്കുന്ന പ്രകോപനപരമായ വിവരങ്ങളടങ്ങിയ വിവിധ വീഡിയോകളും സന്ദേശങ്ങളും ഗൂഗിള്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ പിന്‍വലിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ തെക്കെ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്നതരത്തില്‍ ദുഷ്പ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ കര്‍ശനമായി കൈകാര്യംചെയ്യുമെന്നും സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി വി നാരായണ സ്വാമി പറഞ്ഞു. അസം കലാപത്തില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിലെ കൊട്വാനിയില്‍ നടത്തിയ പ്രകടനം അക്രമാസക്തമായ സംഭവത്തില്‍ 15 പേര്‍ പിടിയിലായി. നിശാനിയമത്തില്‍ ഇളവ് നല്‍കി. വന്‍ പൊലീസ് സംഘം സ്ഥലത്ത് തമ്പടിക്കുന്നു.

പലായനം: കര്‍ണാടക സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

ബംഗളൂരു: നഗരത്തില്‍നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടപലായനം നടത്തുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാരിന്റെ സുരക്ഷാനടപടികളിലും ഉറപ്പിലും വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങുന്നത്. മൂന്നുദിവസമായിട്ടും വടക്ക്-കിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്താന്‍ പൊലീസിനും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. അഭ്യൂഹങ്ങള്‍ വ്യാപകമായതോടെ അന്യസംസ്ഥാനക്കാരെ വാടക വീടുകളില്‍നിന്നുപോലും ഉടമകള്‍ ഒഴിപ്പിക്കുകയാണ്.

ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലേറിയ ശേഷം നടന്ന വര്‍ഗീയ അക്രമങ്ങളിലൊന്നും ശക്തമായ നടപടി ഉണ്ടായിട്ടില്ല. ക്രിസ്ത്യന്‍ പള്ളികള്‍ക്കും വിശ്വാസികള്‍ക്കും നേരെ നടന്ന അക്രമണം, മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള അക്രമണം, വാലന്റെന്‍സ്ഡേയുമായി ബന്ധപ്പെട്ട അക്രമണങ്ങള്‍, പബ്ബ് അക്രമണം, മംഗളൂരുവില്‍ ഹോംസ്റ്റേയില്‍ താമസിച്ച പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമം ഇങ്ങനെ സംസ്ഥാനത്ത് അക്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തത് ദുരൂഹമാണെന്നും ന്യൂനപക്ഷ പ്രതിനിധികള്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ നാട്ടിലേക്ക് പോകുന്നതിന് തയ്യാറെടുക്കുന്നതിനുമുമ്പ് തന്നെ ആര്‍എസ്എസ്-എബിവിപി സംഘടനകളൊക്കെ റെയില്‍വേസ്റ്റേഷനുകളില്‍ സഹായങ്ങളുമായെത്തിയതും വിവാദമായിട്ടുണ്ട്. അതേസമയം, സഹായഹസ്തവുമായി റെയില്‍വേസ്റ്റേഷനിലെത്തിയ മുസ്ലിം സംഘടനകളെ പൊലീസ് ഒഴിപ്പിച്ചതിലും ദുരൂഹതയുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നത് ഓഫിസുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അസം, മണിപ്പുര്‍, നാഗാലാന്റ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നായി 2.7 ലക്ഷത്തോളം പേരാണ് ബംഗളൂരുവില്‍ താമസിച്ചിരുന്നത്. ഇതിനിടെ ബംഗളൂരുവിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കാന്‍ അസം മന്ത്രിമാര്‍ വെള്ളിയാഴ്്ച ബംഗളൂരുവിലെത്തി. കൃഷി മന്ത്രി നിലമോണിക്സെന്നും ഗതാഗതമന്ത്രി ചന്ദന്‍ ബ്രഹ്മയുമാണ് ബംഗളൂരുവിലെത്തിയത്.

deshabhimani 190812

1 comment:

  1. ബംഗളൂരു നഗരത്തില്‍നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടപലായനം നടത്തുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാരിന്റെ സുരക്ഷാനടപടികളിലും ഉറപ്പിലും വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങുന്നത്. മൂന്നുദിവസമായിട്ടും വടക്ക്-കിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്താന്‍ പൊലീസിനും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. അഭ്യൂഹങ്ങള്‍ വ്യാപകമായതോടെ അന്യസംസ്ഥാനക്കാരെ വാടക വീടുകളില്‍നിന്നുപോലും ഉടമകള്‍ ഒഴിപ്പിക്കുകയാണ്.

    ReplyDelete